ശാഖയുടെ ആഗസ്റ്റ് മാസ യോഗം രാമായണമാസത്തിന്റെ പ്രാധാന്യത്തോടെ ചേരാനെല്ലൂർ ശ്രീ ജി രഘുനാഥിന്റെ വസതിയായ രാധാകൃഷ്ണ വിഹാറിൽ വെച്ച് ആഗസ്റ്റ് 14, ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടന്നു.
സ്വാതന്ത്ര്യത്തിന്റെ 75 – ആം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ഹർ ഘർ തിരങ്കയുടെ ഭാഗമായി ദേശീയ പതാക ഉയർത്തി. ശ്രീമതി ശാലിനി ദീപം തെളിയിച്ചു. ശ്രീമതി ശാലിനിയുടെ ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
ഗൃഹനാഥൻ ശ്രീ രഘുനാഥ് ഏവരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ ദിനേശ് യോഗത്തിൽ അംഗങ്ങളുടെ മികച്ച പങ്കാളിത്തം കാണുന്നുണ്ടെന്നും, യോഗത്തിൽ രാമായണത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ ഉണ്ടെന്നും പറഞ്ഞു.
ശ്രീമതി കുമാരി രവീന്ദ്രൻ ശ്രീമതി സൗമ്യ മഹേഷ് എന്നിവർ രാമായണം പാരായണം ചെയ്തു.
സെക്രട്ടറി റിപ്പോർട്ട് വായിച്ചതു യോഗം പാസാക്കി.
ശാഖയിലെ മുതിർന്ന വ്യക്തിയും, രക്ഷാധികാരി ശ്രീ കെ ൻ ഋഷികേശിന്റെ അമ്മയുമായ പെരുവ മുടക്കാരി നന്ദാവനത്ത് ശ്രീമതി നളിനി പിഷാരസ്യാരെ ജോയിന്റ് സെക്രട്ടറി ശ്രീമതി ദീപ വിജയകുമാർ ആദരിച്ചു. ശ്രീ നളിനി പിഷാരസ്യാർ, ആദരവിൽ വളരെയധികം സന്തോഷം അറിയിച്ചു.
യോഗത്തിൽ എത്തിച്ചേർന്ന ശ്രീ രാജൻ രാഘവനെ (രാജൻ സിത്താര), രക്ഷാധികാരി ശ്രീ കെ ൻ ഋഷികേശ് ആദരിച്ചു. യുവജനോത്സവത്തിന്റെ കൺവീനറായ അദ്ദേഹം യുവജനോത്സവം എന്നത്, മനസ്സിൽ യുവത്വം സൂക്ഷിക്കുന്ന എല്ലാവർക്കും പങ്കെടുക്കാവുന്ന ഉത്സവമാണെന്നും അതിന്റെ വിജയത്തിന് എല്ലാ ശാഖകളുടേയും പങ്കാളിത്തം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും, ഈ പരിപാടിയുടെ വിവിധ കമ്മിറ്റികളിലേക്ക് ശാഖകളിൽ നിന്നുമുള്ള പങ്കാളിത്തവും കൂടിയേ തീരൂ എന്നും പറഞ്ഞു. യുവജനോത്സവത്തിനു എറണാകുളം ശാഖയുടെ കമ്മിറ്റി രൂപീകരിച്ചു. ശ്രീമതിമാർ സൗമ്യ മഹേഷ്, ജ്യോതി സോമചൂഢൻ (കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി), ശ്രീ ടി ൻ മണി (ഫിനാൻസ് കമ്മിറ്റി), ശ്രീ കെ ബാലചന്ദ്രൻ (കോർഡിനേഷൻ കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.
തുടർന്ന് ശ്രീ രാജൻ രാഘവൻ, യുവജനോത്സവത്തിനു ഗ്രൂപ്പ് പ്രോഗ്രാമുകൾക്കാണ് പ്രാധാന്യം നല്കുന്നതെന്നും ഒരു മെഗാ തിരുവാതിരകളിയും ആലോചനയിലുണ്ടെന്നും അറിയിച്ചു. ഒരു കുട്ടിക്കു പോലും സർഗ്ഗ ഭാവന ചിറകു വിരിക്കാൻ പറ്റാതെയാക്കരുതെന്നും, വളർന്നു വരുന്ന തലമുറയെ വിദ്യാഭ്യാസം, കല, സമാജം എന്നിവയുടെ ഉന്നമനത്തിന് പങ്കാളികളാക്കാമെന്നും പറഞ്ഞു. കഴിവതും ഒരു ബസ് ആളെങ്കിലും ഓരോ ശാഖയിൽ നിന്നും പങ്കെടുക്കണമെന്നും പറഞ്ഞു.
രാമായണമാസാചരണത്തോടനുബന്ധിച്ചു ആചാര്യൻ ശ്രീ രാജൻ രാഘവന്റെ വളരെ വിജ്ഞാനപ്രദവും രാമായണത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രഭാഷണം നടന്നു. രാമായണ തത്വം എന്നതായിരുന്നു വിഷയം. രാമായണം വായിച്ചാലുള്ള ഗുണങ്ങളും അതിലെ ഓരോ കഥാപാത്രവും നമ്മെ ചിന്തിപ്പിക്കുന്നവരാണെന്നും പറഞ്ഞു.
ശ്രീമതി ദീപ വിജയകുമാറിന്റെ നേതൃത്വത്തിൽ രാമായണ പ്രശ്‍നോത്തരി നടന്നു. ശ്രീമതി പ്രീതി ദിനേശ് വിജയിയായി. തുടർന്ന് യോഗത്തിൽ പങ്കെടുത്ത കൊടകര ശാഖ പ്രസിഡണ്ട് ശ്രീ രാമചന്ദ്രൻ, എല്ലാ ശാഖ അംഗങ്ങളും, യോഗങ്ങളെ കുടുംബ കൂട്ടായ്മയായി കണ്ടു യോഗങ്ങളിൽ പങ്കെടുക്കണം എന്ന് പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ കൊടകര ശാഖയിലും ഇത്തരത്തിൽ പങ്കാളിത്തം കൂടി വരുന്നുന്നുണ്ടെന്നും അറിയിച്ചു.
തുടർന്ന് ശ്രീമതി ഉഷ നാരായണൻ, നല്ല രീതിയിൽ ഒരു രാമായണ പ്രഭാഷണം നൽകിയ ആചാര്യന് നന്ദി രേഖപ്പെടുത്തി. കൂടാതെ താൻ ഗുരുവിനു കീഴിൽ കഥകളി സംഗീതം അഭ്യസിച്ചു വരുന്ന വിവരം പങ്കു വെച്ചു.
ശാഖാ പ്രസിഡണ്ട് ആചാര്യന് ശാഖയുടെ ഒരു ചെറിയ ഉപഹാരം നൽകി.
പിന്നീട് ക്ഷേമനിധിക്കും ചായസൽകാരത്തിനും ശേഷം ശ്രീ ടി ൻ മണിയുടെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.