കൊടകര ശാഖയുടെ 2022 ഫെബ്രുവരി മാസത്തെ യോഗം 20-02-2022 ഞായറാഴ്ച പകല്‍ 3 മണിക്ക് വരന്തരപ്പിള്ളിയിലുള്ള കൂട്ടാല പിഷാരത്ത് ശ്രീ കെ പി ശശിയുടെ ഭവനമായ “ശില്പശ്രീ”യിൽ വെച്ച് ചേര്‍ന്നു. ശ്രീമതിമാർ ബേബി, സുശീല, മാധുരി എന്നിവരുടെ നാരായണീയം ശ്ലോകത്തോടെ യോഗം ആരംഭിച്ചു.
ശാഖയിലെ മുതിർന്ന അംഗങ്ങളായിരുന്ന നമ്മെ വിട്ടു പിരിഞ്ഞ മാലുക്കുട്ടി പിഷാരസ്യാർ, മാധവികുട്ടി പിഷാരസ്യാർ, സുശീല പിഷാരസ്യാർ എന്നിവരുടെ ആത്മശാന്തിക്ക് മൗന പ്രാർത്ഥനയോടെ അനുശോചനം രേഖപ്പെടുത്തി.
ഗൃഹനാഥനായ ശ്രീ കെ. പി. ശശി സ്വാഗതം ആശംസിക്കുകയും എല്ലാരും ചേര്‍ന്നുള്ള ഒരു യോഗം നടത്തിപ്പിന് സാധിച്ചതില്‍ സന്തോഷം പങ്ക് വെക്കുകയും ചെയ്തു.
കോഴിക്കോട് ശാഖ അംഗമായിരുന്ന ശ്രീ. ശശി, കൊടകര ശാഖാ പരിധിയിൽ സ്ഥിരതാമസം ആയപ്പോൾ തന്നെ ശാഖ അംഗത്വം എടുക്കുകയും യോഗ നടത്തിപ്പിന് സന്നദ്ധതയും പ്രകടിപ്പിച്ചതിൽ പ്രത്യേകം അഭിനന്ദിച്ചു. ഇത്തരത്തിൽ ഒരു ശാഖ പരിധിയിൽ നിന്നു മറ്റൊരു ശാഖ പരിധിയിലേക്ക് നീങ്ങുമ്പോൾ പാലിക്കേണ്ടുന്ന കാര്യങ്ങൾ ഏവരും ശ്രദ്ധിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ. കെ.പി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവര്‍ത്തനം, കേന്ദ്ര അറിയിപ്പുകള്‍ എന്നിവ വിശദീകരിച്ച് സംസാരിച്ചു. കോവിഡ് മൂലം ചികിത്സയിൽ കഴിയുന്ന T H അർജുന് വേണ്ടി സഹായഹസ്തം നീട്ടിയ ഏവർക്കും നന്ദി പ്രകടിപ്പിച്ചു.
സെക്രട്ടറി ശ്രീ. സുരേഷ് സി.കെ. മുന്‍ മാസത്തെ യോഗ – പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി ശ്രീ. രാമചന്ദ്രന്‍ കണക്കും അവതരിപ്പിച്ചത് യോഗം ഭേദഗതികളില്ലാതെ അംഗീകരിച്ച് തീരുമാനിച്ചു.
വിവിധ വിഷയങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഇപ്പോഴും സംസ്കാര കർമ്മങ്ങൾക്ക് പുരോഹിതരെ ലഭിക്കുന്നതിനുള്ള തടസ്സം പലപ്പോഴും നേരിടുന്നതിന് പരിഹാരമായി ഓരോ ശാഖാ പരിധിയിലും രണ്ടോ മൂന്നോ പേര് ചടങ്ങുകൾ പഠിക്കേണ്ടതാണെന്നും സഹകരിക്കണമെന്നുമുള്ള ആവശ്യം ഉയർന്നു. സംസ്കാരത്തിനാണ് ആളെ ഏറ്റവും പെട്ടെന്ന് ലഭ്യമാക്കേണ്ടതെന്നും, ഗുരുക്കളിൽ നിന്നും ലഭിച്ച രീതികളിൽ ഇത് ചെയ്യാൻ തയ്യാറാണെന്നും ശ്രീ ടി പി കൃഷ്ണൻ ഉറപ്പ് നൽകി. ചടങ്ങുകളുടെ ഏകീകരണ സമയത്ത് ശാഖയിൽ നടത്തി വന്നിരുന്ന ചടങ്ങുകൾ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നുള്ളത് പരാമർശിക്കപ്പെട്ടു. എങ്കിലും സങ്കീർണ്ണത കുറഞ്ഞ ഏകീകരിച്ച ചടങ്ങും സ്വായത്തമാക്കാവുന്നതാണെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ഈ വർഷം ഏതു സാഹചര്യത്തിലും ഏപ്രിൽ അവസാന വാരത്തിലോ മെയ് ആദ്യവാരത്തിലോ നിർബന്ധമായും പൊതുയോഗം ചേരണമെന്ന് അഭിപ്രായപ്പെട്ടു. 2021-22 ലെ വരിസംഖ്യ അടിയന്തിരമായി അടക്കുന്നതിന് പരിശ്രമിക്കണമെന്നും, ആയതിനു നവമാധ്യമങ്ങളായ നെറ്റ് ബാങ്കിംഗ് / G-pay എന്നിവ വഴിയോ നേരിട്ടോ സാദ്ധ്യത കണ്ടെത്തണമെന്നും അഭിപ്രായപ്പെട്ടു. സമാജം സെന്‍സസില്‍ കുറച്ചു പേർ കൂടി വിവരങ്ങൾ നൽകാനുള്ളത് അടിയന്തിരമായി തീർക്കുന്നതിന് ഏവരും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.
ശാഖ യോഗം വളരെയധികം ഉണർവേകിയെന്നും ഇനിയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടെന്നും ഗൃഹനാഥയായ ശ്രീമതി അമ്പിളി അറിയിച്ചു.
ശ്രീ. ടി .ആർ. ജയൻ ഊഷ്മളമായ ആതിഥ്യമരുളിയ കുടുംബത്തിനും അംഗങ്ങളുടെ സാന്നിദ്ധ്യത്തിനും പ്രത്യേകം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
അടുത്ത മാസത്തെ യോഗം കോവിഡ് സ്ഥിതിഗതികൾക്കനുസരിച്ച് നിശ്ചയിച്ച് ഓണ്‍ലൈനായോ സൌകര്യ പ്രദമാകുന്ന പക്ഷം ഭവനത്തില്‍ ചേരുന്നതിനും ആയത് പ്രകാരമുള്ള അറിയിപ്പ് വാട്സ് ആപ്പ് കൂട്ടായ്മ വഴി നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
യോഗം 5.00 മണിക്ക് അവസാനിച്ചു.