കൊടകര ശാഖയുടെ 2021 ഡിസംബര്‍ മാസത്തെ യോഗം മാങ്കുറ്റിപ്പാടത്ത് തെക്കേ പിഷാരത്ത് ശ്രീ. ടി . പി. കൃഷ്ണന്‍റെ ഭവനത്തില്‍ വെച്ച് 19-12-2021 ഞായറാഴ്ച പകല്‍ 3 മണിക്ക് ചേര്‍ന്നു. ശ്രീമതി സുഭദ്ര പിഷാരസ്യാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം നമ്മെ വിട്ടു പിരിഞ്ഞ സമാജാംഗങ്ങള്‍ക്കും അപ്രതീക്ഷിത വായുയാന ദുരന്തത്തില്‍ മരിച്ച ധീരസൈനികര്‍ക്കും കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തി.
ശ്രീമതി സുഭദ്ര പിഷാരസ്യാര്‍ സ്വാഗതം ആശംസിക്കുകയും എല്ലാരും കൂടിചേര്‍ന്നുള്ള ഒരു യോഗം നടത്തിപ്പിന് സാധിച്ചതില്‍ സന്തോഷം പങ്ക് വെക്കുകയും ചെയ്തു.
ശാഖാ പ്രസിഡണ്ട് ശ്രീ. ടി.വി.എന്‍ പിഷാരോടി ഓണ്‍ലൈനായി പങ്കെടുത്തു. ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ. കെ.പി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവര്‍ത്തനം, കേന്ദ്ര അറിയിപ്പുകള്‍ എന്നിവ വിശദീകരിച്ച് സംസാരിച്ചു. നവമാധ്യമ കൂട്ടായ്മ വഴിയും വ്യക്തിപരമായും തുളസീദളം മുഖേനയും യോഗവിവരം അറിഞ്ഞിട്ടും തൊട്ടടുത്തുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ പോലും ചിലപ്പോള്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നില്ല എന്ന വിഷമം പങ്ക് വെച്ചു. അംഗങ്ങളെല്ലാം ആയത് ശരിവച്ചും തുടര്‍ യോഗങ്ങളില്‍ ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനും തീരുമാനിച്ചു.
100-ാം ജന്മദിനം ആഘോഷിച്ച കാവല്ലൂര്‍ പിഷാരത്ത് മാലുകുട്ടി പിഷാരസ്യാര്‍ക്കും, മികച്ച യു.പി. അദ്ധ്യാപകനുള്ള സംസ്ഥാന പി.ടി.എ. അവാര്‍ഡ് കരസ്ഥമാക്കിയ രാമപുരം പിഷാരത്ത് (കാരൂര്‍) ശ്രീ. ആര്‍. ശ്രീകുമാറിനും പ്രത്യേകം അഭിനന്ദനങ്ങളും, ആശംസകളും നേര്‍ന്നു.
കേന്ദ്ര പ്രതിനിധിയായി മദ്ധ്യമേഖലാ കോര്‍ഡിനേറ്റര്‍ കൂടിയായ മാപ്രാണത്ത് പുത്തന് പിഷാരത്ത് ശ്രീ. മോഹനന്‍ അവര്‍കളുടെ സാന്നിദ്ധ്യം പ്രത്യേക ഊര്‍ജ്ജം പകര്‍ന്നു. മികച്ച സംഘാടനത്തിനുതകുന്ന വിവിധ രീതികളും, ശാഖാ പ്രവര്‍ത്തനത്തിനുള്ള ധന സമാഹരണത്തിന് പ്രത്യേക ആകര്‍ഷക പദ്ധതിയും വിവരിച്ചത് യോഗം സഹര്‍ഷം സ്വാഗതം ചെയ്തു. എന്നാല്‍ സ്ഥിരമെത്തുന്ന അംഗങ്ങള്‍ മാത്രമായതിനാല്‍ ഈ വിശദീകരണം അടുത്ത പൊതുയോഗത്തിലും നല്‍കുന്നതിനും ഉചിതമായ തീരുമാനം കൈക്കൊള്ളുന്നതിനും തീരുമാനിച്ചു. ശാഖാ ലിസ്റ്റുകള്‍ കൈമാറിയിട്ടുണ്ടെങ്കിലും ഓണ്‍ലൈനായി നടത്തി വരുന്ന സെന്‍സസില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പങ്കെടുക്കുന്നതിനും അദ്ദേഹം ഏവരേയും ആഹ്വാനം ചെയ്തു.
2020-21 വര്‍ഷത്തെ കേന്ദ്ര വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടന്നപ്പോള്‍ എത്താന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്, ധനസഹായം എന്നിവ അദ്ദേഹം വിതരണം ചെയ്തു. ഒപ്പം കേന്ദ്രം ആരംഭിച്ച ആക്സിഡെന്‍റല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റും ഹാജരായ അംഗങ്ങള്‍ക്ക് കൈമാറി. അവാര്‍ഡുകളും ധനസഹായങ്ങളും കുട്ടികളോ മാതാപിതാക്കളോ നേരിട്ട് വന്ന് കൈപ്പറ്റണമെന്നത് നിര്‍ബന്ധമാക്കിയത് ഒരു കൂട്ടായ്മയുടെ ഉറപ്പിനും നമുക്ക് എല്ലാവരും ഒപ്പമുണ്ട് എന്ന ഒരു ബോധമുളവാക്കുന്നതിനും സഹായിക്കുമെന്ന് ഏവരും അഭിപ്രായപ്പെട്ടു.
സെക്രട്ടറി ശ്രീ. സുരേഷ് സി.കെ. മുന്‍ മാസത്തെ യോഗ-പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി ശ്രീ. രാമചന്ദ്രന്‍ കണക്കും അവതരിപ്പിച്ചത് യോഗം ഭേദഗതികളില്ലാതെ അംഗീകരിച്ചു.
വിവിധ വിഷയങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. എല്ലാ അംഗങ്ങളും അടിയന്തിരമായി വരിസംഖ്യ അടക്കുന്നതിന് പരിശ്രമിക്കണമെന്നും, സെന്‍സസില്‍ യാതൊരു ഉപേക്ഷയും കരുതാതെ പങ്കെടുക്കുന്നതിനും പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.
അടുത്ത യോഗം 16-01-2022 ന് പകല്‍ 3 മണിക്ക് കൊടകരയിലുള്ള പഴയിടം പിഷാരത്ത് ശ്രീ. ജയകുമാറിന്‍റെ ഭവനത്തില്‍ വച്ച് ചേരുന്നതിന് തീരുമാനിച്ചു.
ശ്രീ ടി. ആര്‍. ജയന്‍, പ്രത്യേകം ദൌത്യം ഏറ്റെടുത്ത് വിജയകരമായി മുന്നില്‍ നിന്ന് നയിക്കുന്ന മദ്ധ്യമേഖലാ കോര്‍ഡിനേറ്റര്‍ ശ്രീ. മോഹനേട്ടനും, ഊഷ്മളമായ ആതിഥ്യമരുളിയുള്ള ശ്രീ. ടി.പി. കൃഷ്ണന്‍റേയും കുടുംബത്തിന്‍റേയും അതിഥി സത്കാരത്തിനും അംഗങ്ങളുടെ സാന്നിദ്ധ്യത്തിനും പ്രത്യേകം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 5 മണിക്ക് അവസാനിച്ചു.