എറണാകുളം ശാഖയുടെ 2021 ഒക്ടോബർ മാസത്തെ യോഗം 10-10-21ന് നാലുമണിക്ക് ഓൺലൈനായി സംഘടിപ്പിച്ചു.
ശ്രീമതി ഉഷ നാരായണന്റെ നാരായണീയ പാരായണത്തോടെ യോഗനടപടികൾക്ക് തുടക്കമായി.
പ്രസിഡണ്ട് രാംകുമാർ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
എറണാകുളം ശാഖ അംഗം കാണിനാട് പുത്തൻ പിഷാരത്തു ശ്രീ കൃഷ്ണകുമാറിന്റെ ഭാര്യാമാതാവ് കെ.കോമളത്തിന്റെയും കോട്ടയം ശാഖ അംഗം ഉണ്ണികൃഷ്ണൻ എസ് പിഷാരടിയുടെയും ആകസ്മികമായ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
നവരാത്രിയോടനുബന്ധിച്ച് വെബ്സൈറ്റ് സംഘടിപ്പിക്കുന്ന ക്ലാസിക് ഫെസ്റ്റ് ഭംഗിയായി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നുണ്ടെന്നും നിലവാരം പുലർത്തുന്ന നമ്മുടെ കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികൾ കണ്ട് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഓർമ്മിപ്പിച്ചു. എറണാകുളം ശാഖയിൽ നിന്ന് പങ്കെടുത്തവരെയും മറ്റു കലാകാരന്മാരെയും ശാഖ അഭിനന്ദിച്ചു.
നവരാത്രി ആശംസകൾ നേർന്നു കൊണ്ട് ജനറൽ സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ തന്റെ പ്രഭാഷണത്തിനു തുടക്കമിട്ടു. വെബ്സൈറ്റ് പ്രവർത്തനങ്ങളും സമാജത്തിന്റെ പ്രവർത്തന മേഖലകളും ഉൾക്കൊള്ളിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. മുൻഗാമികൾ ചെയ്തത് നിലനിർത്തുക, പുതിയ പദ്ധതികൾ പൊതുസമൂഹത്തിന് ഗുണം ചെയ്യുന്ന കാര്യങ്ങൾ നടപ്പിലാക്കുക, നമ്മുടെ സ്വത്വം കണ്ടെത്തുക – ഇതിന് ആയിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത് എന്നും ഓർമ്മിപ്പിച്ചു. PET 2000 പെൻഷൻ പദ്ധതി പ്രകാരം പെൻഷൻ 2000 രൂപയായി ഉയർത്തിയതിൽ എറണാകുളം ശാഖയുടെ പങ്കിനെ അഭിനന്ദിക്കുകയും സുമനസ്സുകൾ ഇനിയും കടന്നുവരണമെന്നും സ്വയംപര്യാപ്തത നേടിയ സമുദായമായി നമ്മൾ മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവരാത്രി പ്രഭാഷണത്തിൽ ദേവിയുടെ വ്യത്യസ്ത ഭാവങ്ങളെക്കുറിച്ചും ആദ്യകാലങ്ങളിൽ നിന്ന് ഇന്ന് ഉണ്ടായിട്ടുള്ള ആരാധന മാറ്റങ്ങളും ചൂണ്ടിക്കാണിക്കുകയുണ്ടായി. കാര്യമാത്രപ്രസക്തമായ സന്ദേശങ്ങൾ നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.
തുടർന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവരും തന്നെ അവരുടേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ചെറിയ തുടക്കമാണ് ഏതൊരു വലിയ കാര്യത്തിലേക്കും എത്തിക്കുന്നതെന്നും ആവശ്യമുള്ളവർക്ക് കഴിയും വിധത്തിൽ ഉള്ള സഹായങ്ങൾ നൽകാൻ എല്ലാവരും തയ്യാറാണെന്നും അഭിപ്രായപ്പെട്ടു.
അടുത്തമാസത്തെ മീറ്റിംഗ് ഓൺലൈനായും ഓഫ്ലൈനായും നടത്താൻ ശ്രമിക്കാമെന്ന് യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ മാസയോഗ റിപ്പോർട്ട് സെക്രട്ടറി കൃഷ്ണകുമാർ അവതരിപ്പിച്ചത് യോഗം പാസാക്കി. ഒക്ടോബർ മാസത്തെ ക്ഷേമനിധി നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചു.
നാരായണീയ പാരായണത്തിന് വേണ്ടി സമുദായത്തിന്റെ പേരിൽ ഒരു നാരായണ സമിതി രൂപീകരിക്കുന്നത് നല്ലതായിരിക്കുമെന്ന അഭിപ്രായം ഡോ. രാംകുമാർ യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ശ്രീ. രഞ്ജിനി സുരേഷ് കഥകളിയും, സൗമ്യ ബാലഗോപാൽ ഒരു പദവും അവതരിപ്പിച്ചു. രമാദേവി, ദീപ്തി ദിനേശ്, ശ്രീലക്ഷ്മി, ശ്രീനന്ദ രാംകുമാർ, ശ്രീവിദ്യ വിജയകുമാർ, ശ്രീമതി ജ്യോതി എന്നിവർ മനോഹരമായ കീർത്തനങ്ങളും ഗാനങ്ങളും അവതരിപ്പിച്ചു.
ഇന്നത്തെ മീറ്റിംഗിലെ ആളുകളുടെ പങ്കാളിത്തവും നവരാത്രി ആഘോഷവും ഓൺലൈൻ മീറ്റിംഗുകളുടെ തങ്കലിപികളിൽ കുറിച്ചിടേണ്ട സുവർണ്ണനിമിഷങ്ങൾ ആണ് നൽകിയതെന്ന് ശ്രീ സന്തോഷ് കൃഷ്ണൻ അഭിപ്രായപ്പെട്ടു.
യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സന്തോഷ് കൃഷ്ണൻ എറണാകുളം ശാഖയുടെ പേരിൽ നന്ദി രേഖപ്പെടുത്തി യോഗം അവസാനിപ്പിച്ചു.