ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 65

സുരേഷ് ബാബു വിളയിൽ

ശ്രീശുകൻ വിവരിച്ച ഭാഗവതം മുഴുവൻ സശ്രദ്ധം കേട്ട പരീക്ഷിത്ത് ചോദിച്ചു.

“മഹർഷേ, ഭാരതവംശം ഭരിച്ച രാജാക്കന്മാരെ കുറിച്ചും ഭഗവാൻ്റെ അവതാരങ്ങളെ കുറിച്ചും അങ്ങ് വിശദമായി പറഞ്ഞു. ഭാവിയിൽ വരാനുള്ള രാജാക്കന്മാരെ കുറിച്ച് കേൾക്കാൻ ആഗ്രഹമുണ്ട്. അത് കൂടി പറയാമോ?”

രാജാവിൻ്റെ അഭ്യർത്ഥന മാനിച്ച് ഭാവിരാജവംശങ്ങളെ കുറിച്ചും കലിയുഗത്തെകുറിച്ചും ശ്രീശുകൻ പറഞ്ഞു തുടങ്ങി.

“രാജാവേ, ഭാവിയിലെ രാജാക്കമാർ പ്രജകളെ ദ്രോഹിക്കുന്നവരും അധർമ്മിഷ്ഠരും ആയിരിക്കും. അസത്യഭാഷണം അവരുടെ മുഖമുദ്രയാവും.അവർ അന്യരുടെ ഭാര്യമാരേയും ധനത്തേയും സ്വീകരിക്കും. പിടിച്ചുപറിക്കാരെ പോലെ പ്രജകളെ നികുതിഭാരം കൊണ്ട് പിഴിയും.

അല്പായുസ്സും ക്ഷിപ്രകോപവും അല്പബലവും രാജാക്കന്മാരുടെ സവിശേഷതകൾ ആയിരിക്കും. സ്തുതിപാഠകരിൽ പെട്ടെന്ന് സന്തോഷിക്കും. ജ്ഞാനികളേയും, പശുക്കളേയും സ്ത്രീകളേയും, ബാലകന്മാരേയും പീഢിപ്പിക്കും. അതിലവർ പ്രത്യേകം സന്തോഷം കണ്ടെത്തും.പ്രജകളും പരസ്പരം പീഡിപ്പിച്ച് സ്വയം നശിക്കും.

ഒരാളുടെ സദാചാരം നോക്കി വിലയിരുത്തിയിരുന്ന ഗുണങ്ങൾ ഭാവിയിൽ ധനം നോക്കിയാകും നിശ്ചയിക്കുന്നത്. ധനികന് സമൂഹത്തിൽ ഉൽകൃഷ്ടസ്ഥാനം ലഭിക്കും.

ന്യായവും ധർമ്മവും ധനം നോക്കി നിർണ്ണയിക്കും. പണമില്ലാത്തവന് നീതി കിട്ടാത്ത അവസ്ഥ വരും. ബലവാൻ്റെ പക്ഷത്തെ ന്യായമേ നീതിപീഠം കാണൂ. ദുർബ്ബലപക്ഷത്ത് ന്യായമുണ്ടെങ്കിലും അതാരും അംഗീകരിക്കില്ല.

വംശമഹിമയോ, മാതാപിതാക്കളുടെ സമ്മതമോ കൂടാതെ വിവാഹങ്ങൾ നടക്കും. വ്യാപാരങ്ങൾ, ക്രയവിക്രയങ്ങൾ എന്നിവയിൽ കപടന്മാർ മാത്രം വിജയിക്കും. കച്ചവടക്കാരിലെ സത്യസന്ധരെ ആരും മാനിക്കില്ല.

ബ്രാഹ്മണ്യം നിർണ്ണയിക്കേണ്ടത് ശൗചം, സന്തോഷം, നിഷ്ഠ എന്നീ ഗുണങ്ങൾ നോക്കിയാണ്. എന്നാൽ ഭാവിയിൽ പൂണൂൽ നോക്കിയാവും ബ്രാഹ്മണരെ തിരിച്ചറിയുന്നത്. ബ്രാഹ്മണ്യം പോലെ സന്യാസവും ഭാവിയിൽ അധ:പതിക്കും.

ബഹുഭാഷണം നടത്തുന്ന അജ്ഞാനികളെ പണ്ഡിതരെന്ന് വാഴ്ത്തും. എന്നാൽ ജ്ഞാനികളെ ആരും കണക്കിലെടുക്കില്ല.

ഗൃഹത്തിനടുത്തെ തീർത്ഥസ്ഥാനം ശ്രദ്ധിക്കാതെ ദൂരസ്ഥലത്തുള്ള ജലാശയത്തെ തീർത്ഥമായി കരുതി സ്നാനം ചെയ്യുന്നവർ വർദ്ധിക്കും. തീർത്ഥയാത്രകൾ വിനോദമായി മാറും. മഴ കുറയും. വേണ്ടാത്ത നേരത്ത് അതിവൃഷ്ടി ഉണ്ടാവും.

ഇങ്ങനെയുള്ള കലിയുഗം കഴിയാറാകുമ്പോൾ ധർമ്മത്തെ രക്ഷിക്കാനായി ശ്രീനാരായണൻ കല്ക്കിയായി അവതരിക്കും.

ശംബളഗ്രാമത്തിൽ വിഷ്ണുയശസ് എന്ന് പേരായ ബ്രാഹ്മണൻ്റെ ഗൃഹത്തിലാണ് കൽക്കിഭഗവാൻ്റെ അവതാരം. ഭഗവാൻ ദേവദത്തം എന്ന് പേരുള്ള കുതിരപ്പുറത്തേറി ഖഡ്ഗവുമായി അതിവേഗം ഭൂമിയിൽ സഞ്ചരിക്കും.

സജ്ജനങ്ങളെ ദ്രോഹിക്കുന്നവരെ നിർദയം കൊല്ലും. കുതിരയുടെ കുളമ്പടിയൊച്ചയും ഖഡ്ഗത്തിൻ്റെ സീൽക്കാരശബ്ദവും അന്തരീക്ഷം മുഴുവൻ വ്യാപിക്കും. ഭഗവാൻ്റെ
ശരീരത്തിൽ ധരിച്ച കളഭക്കൂട്ടുകൾ പരത്തുന്ന സൗരഭ്യം നുകരാൻ സജ്ജനങ്ങൾക്ക് മാത്രമേ കഴിയൂ. അവരുടെ സന്തതിപരമ്പരകൾക്ക് അഭിവൃദ്ധി ഉണ്ടാകും. അതോടെ കൃതയുഗം ആരംഭിക്കുകയായി.

ശ്രീ ശുകബ്രഹ്മഷിയുടെ വിവരണം കേട്ട് പരീക്ഷിത്തിൻ്റെ ചിത്തം തെളിഞ്ഞു.

സപ്താഹം ഏഴാംദിവസമെത്തി.

ആ ദിനത്തിനൊരു വിശേഷമുണ്ട്. പരീക്ഷിത്തിൻ്റെ മരണദിനമാണന്ന്.

ശ്രീശുകബ്രഹ്മർഷി കഥ പറയാൻ തുടങ്ങി. ശ്രദ്ധാലുവായ രാജാവിൻ്റെ പ്രശാന്തഗംഭീരമായ മുഖതേജസ്സ് വർദ്ധിതശോഭയിൽ കണ്ട സൂതൻ അടക്കമുള്ള ശ്രോതാക്കൾ വിസ്മയപ്പെട്ടു.

കഴിഞ്ഞു പോയ ആറ് പകലുകൾ കഥകൾ പറഞ്ഞും, തത്ത്വങ്ങൾ വിവരിച്ചും ബ്രഹ്മം മാത്രമാണ് സത്യമെന്ന ജ്ഞാനം ശ്രീശുകൻ പരീക്ഷിത്തിന് പകരുകയായിരുന്നു. ബ്രഹ്മം ഒന്നേയുള്ളു, രണ്ടില്ലെന്ന സത്യസ്ഥിതി ഉറപ്പിക്കാനുള്ള ഉപായമായിരുന്നു ആ വാക്കുകൾ.

കഥാ ഇമാസ്തേ കഥിതാ മഹീയസാം വിതായലോകേഷു യശ:പരേയുഷാം വിജ്ഞാനവൈരാഗ്യവിവക്ഷയാ വിഭോ
വചോവിഭൂതിർന്ന തു പാരമാർത്ഥ്യം
(12-3 -14)
അല്ലയോ രാജാവേ, ഇവിടെ ജീവിച്ച് സത്കീർത്തി നേടി സ്വദേഹം ഉപേക്ഷിച്ച എത്രയോ മഹാന്മാരുടെ കഥകൾ ഞാനങ്ങേക്ക് പറഞ്ഞു തന്നു.

ഭൗതികസുഖങ്ങളോടുള്ള വിരക്തി കൈവരിച്ച് ബ്രഹ്മാനുഭൂതി നേടാനായിരുന്നു അതിൻ്റെ ഉദ്ദേശം. എന്നാൽ രാജാവേ,അവയൊന്നും തന്നെ പരമാർത്ഥമല്ല. ഞങ്ങളുടെ വാഗ്വിലാസങ്ങൾ മാത്രമാണ്.

ബ്രഹ്മം മാത്രമാണ് സത്യം. ലോകം മിഥ്യയാണ്. നേരിയ ഇരുട്ടിൽ കയർ കണ്ടാൽ പാമ്പെന്ന് പരിഭ്രമിക്കും. ഇല്ലാത്തതെന്നറിഞ്ഞ പാമ്പ് മൂർഖനാണോ, ശംഖുവരയനാണോ എന്ന് ചിന്തിക്കുന്നത് പോലെ മൗഢ്യമാണ് ലോകവിഷയങ്ങളെ ചിന്തിച്ച് തല പുകയ്ക്കുന്നത്.

രാജാവേ, അങ്ങ് മരിക്കും എന്ന ചിന്ത തന്നെ ഒഴിവാക്കൂ. അങ്ങ് മുക്തനായ ബോധാത്മാവാണ്. സ്വപ്നത്തിൽ ഒരാൾ തൻ്റെ തല ഛേദിച്ചത് കണ്ട് പേടിച്ചുണരുന്നത് പോലെ ആത്മാവിന് സംഭവിക്കുന്ന ഭ്രമമാണ് ഞാൻ ദേഹമാണ് എന്ന ഭാവം.

ആകാശം പുറത്തും കുടത്തിലും ഒരുപോലെ വ്യാപിച്ച് കിടക്കുന്നു. കുടം ഉടയുമ്പോൾ ആകാശത്തിന് ഒന്നും സംഭവിക്കുന്നില്ല.

ദേഹപ്രാപ്തി മനസ്സ് കൊണ്ടും മനസ്സ് മായ കൊണ്ടും ഉണ്ടാകുന്നു. അങ്ങ് ആത്മാവാണ്. അതിനെ ദംശിക്കാൻ ഒരു തക്ഷകനും ആവില്ല.

ആത്മാവിനെ കുറിച്ചുള്ള എല്ലാ സംഗതികളും ഞാനങ്ങേക്ക് പറഞ്ഞു തന്നു. ഇനി വല്ലതും കേൾക്കാൻ അങ്ങേക്ക് ആഗ്രഹമുണ്ടോ? ചോദിക്കൂ.

പൂർവ്വികരുടെ ജ്ഞാനവഴിയിലെ മഹത്തായ തിരുശേഷിപ്പാണ് ഈ ചോദ്യം. ഇനിയെന്താണ് കേൾക്കേണ്ടത് എന്ന ശിഷ്യനോടുള്ള ഗുരുവിൻ്റെ കാരുണ്യം. അത് ശിഷ്യൻ നേടിയ ജ്ഞാനസമ്പൂർത്തി അറിയാനാണ്.

പരീക്ഷിത്ത് പറഞ്ഞു.

ഭഗവംസ്തക്ഷകാദിഭ്യോ
മൃത്യുഭ്യോ ന ബിഭേമ്യഹം
പ്രവിഷ്ടോ ബ്രഹ്മനിർവാണം
അഭയം ദർശിതം ത്വയാ.
(12- 6-5)
അല്ലയോ മഹർഷേ, ജീവിതത്തിൽ വലിയ ഭയം മരണഭയമാണ്. ആ ഭയത്തെ ഞാൻ അതിജീവിച്ചു. തക്ഷകൻ്റെ രൂപത്തിലെത്തുന്ന മരണത്തെ ഞാൻ ഭയപ്പെടുന്നില്ല. ഭയം തൊട്ട് തീണ്ടാത്തിടം എനിക്ക് കാണിച്ച് തന്നത് അങ്ങാണ്.

ഹേ, ബ്രഹ്മൻ, എൻ്റെ മനസ്സിലെ സകലകാമനകളും വിട്ടകന്നു. ഇനി ഒന്നും കേൾക്കാനോ പറയാനോ കാണാനോ എനിക്കാഗ്രഹമില്ല.

കൃതകൃത്യനായ ഞാൻ ഭഗവാനിൽ ലയിച്ചൊന്നാകാൻ ആഗ്രഹിക്കുന്നു. അതിനുള്ള അനുജ്ഞ തന്നാലും.

പരീക്ഷിത്ത് മഹാരാജാവിൻ്റെ ബ്രഹ്മനിർവ്വാണനിശ്ചയം കേട്ട് ശ്രീശുകബ്രഹ്മർഷി സന്തുഷ്ടനായി. സർവ്വരാലും പൂജിതനായി ഭിക്ഷുക്കളോട് കൂടി മഹർഷി അവിടെ നിന്നും മടങ്ങി.

അന്നത്തെ സപ്താഹശ്രോതാവും ബ്രഹ്മസായൂജ്യത്തിന് സാക്ഷിയും ആയ സൂതൻ ശൗനകാദികളോട് പറയുന്നു.

ഗംഗയുടെ കരയിൽ ദർഭ വിരിച്ച് അസംഗനും, മഹായോഗിയും ബ്രഹ്മമായി ഭവിച്ചവനുമായ രാജാവ് വടക്കോട്ട് തിരിഞ്ഞിരുന്നു.

മുനികുമാരൻ്റെ ശാപനിയോഗം ഏറ്റെടുത്ത് തക്ഷകനെന്ന കാളസർപ്പം ബ്രാഹ്മണവേഷത്തിൽ അവിടെയെത്തി. ബ്രഹ്മസായൂജ്യം നേടിയ പരീക്ഷിത്ത് രാജാവിൻ്റെ ജഢശരീരം കണ്ട് ആദ്യമൊന്ന് വണങ്ങി. പിന്നെ ദംശനഭാവേന ഒന്ന് സ്പർശിച്ചു.

പുത്രനായ ജനമേജയൻ ചെയ്യേണ്ട കർമ്മം തക്ഷകൻ ചെയ്തുവെന്നേ കണ്ടു നിന്നവർക്ക് തോന്നിയുള്ളു. ഞൊടിയിട കൊണ്ട് ആ ദേഹം ഭസ്മമായി.

ഒരാൾ എങ്ങനെ ജീവിക്കണം എന്നത് പ്രധാനമാണ്. എന്നാലെങ്ങനെ മരിക്കണമെന്നത് അതിലും പ്രധാനമാണ്. ഈ പാഠം പരീക്ഷിത്താണ് സ്വജീവിതം കൊണ്ടത് ലോകരെ പഠിപ്പിച്ചത്. സ്വയം പരീക്ഷിക്കുന്നവരാണ് നിഗമനങ്ങൾ നല്കുന്നത്. മരിക്കേണ്ടതെങ്ങനെ എന്നൊരാൾ പഠിച്ചാൽ അവൻ ജീവിക്കാനും പഠിച്ചുവെന്ന് ഉറപ്പിക്കാം.

രാജാവിൻ്റെ വേർപാടിൽ സഭയിൽ ദുഃഖം തളം കെട്ടി. ബന്ധുക്കളും, അമാത്യരും സദസ്യരും കണ്ണീർ വാർത്തു. പിന്നീട് ശ്രീശുകബ്രഹ്മർഷി പറഞ്ഞ തത്ത്വജ്ഞാനം മനസ്സിൽ തെളിഞ്ഞപ്പോൾ ആഹ്ളാദം ഓളം തളളി.

ദേവദുന്ദുഭികൾ മുഴങ്ങി. ഗന്ധർവ്വന്മാർ പാട്ട് പാടുകയും അപ്സരസ്സുകൾ നൃത്തമാടുകയും ചെയ്തു. ദേവന്മാർ പുഷ്പവൃഷ്ടി നടത്തി.

വായുരനിലമമൃതമഥേദം
ഭസ്മാന്തം ശരീരം
ഓം, ക്രതോ സ്മര, കൃതം സ്മര
ക്രതോ സ്മര, കൃതം സ്മര! ”
(ഈശാവാസ്യ ഉപനിഷത്ത് )

“പ്രാണവായു പ്രപഞ്ചവായുവിൽ ലയിച്ച് അമൃതത്വം പ്രാപിക്കുന്നു. ഈ ശരീരം ഭസ്മമായി തീരുന്നു. ഹേ, മനുഷ്യാ, നീ ചെയ്ത കർമങ്ങൾ ഓർമ്മിച്ചാലും, വീണ്ടും വീണ്ടും ഓർമ്മിച്ചാലും.”
(ഈശാവാസ്യോപനിഷത്ത് )
©✍️#Suresh Babu Vilayil.

4+

Leave a Reply

Your email address will not be published. Required fields are marked *