ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 56

സുരേഷ് ബാബു വിളയിൽ

നാരായണൻ്റെ അവതാരങ്ങളെപ്പറ്റി ദ്രുമിളൻ പറഞ്ഞു തുടങ്ങി.

ആദികാരണനായ നാരായണനിൽ നിന്ന് പഞ്ചഭൂതങ്ങളുണ്ടായി. അനന്തരം ബ്രഹ്മാണ്ഡമുണ്ടായപ്പോൾ അതിൽ നാരായണൻ പ്രവേശിച്ചു. അതാണ് ആദ്യാവതാരമായ വിരാട്പുരുഷൻ.

സൃഷ്ടികർമ്മം നടത്തുമ്പോൾ ബ്രഹ്മാവായും, സ്ഥിതിപാലകൻ വിഷ്ണുവായും, സംഹരിക്കുമ്പോൾ രുദ്രനായും പ്രവർത്തിക്കുന്നത് ഒരേ ശക്തിയാണ്. വിരാട്പുരുഷനാണ്.

അതേ നാരായണൻ തന്നെയാണ് ധർമ്മൻ്റെ ഭാര്യയും ദക്ഷൻ്റെ മകളുമായ മൂർത്തീദേവിയിൽ നാരായണനെന്നും നരനെന്നും പേരുള്ള രണ്ട് മൂർത്തികളായി അവതരിച്ചത്.

നാരായണഋഷി ബദര്യാശ്രമത്തിൽ തപസ്സ് ചെയ്യുന്നുവെന്നാണ് വിശ്വാസം. മഹർഷിയുടെ തപസ്സ് ഇന്ദ്രപദം തട്ടിയെടുക്കാനാണെന്ന് മൂഢനായ ദേവേന്ദ്രൻ ചിന്തിച്ചു.

ഋഷിയുടെ തപസ്സുമുടക്കാൻ മന്മഥനേയും അപ്സരസ്സുകളേയും ഇന്ദ്രനയച്ചപ്പോൾ ഋഷിക്ക്, ഇന്ദ്രൻ്റെ അല്പജ്ഞതയോർത്ത് ചിരിയാണ് വന്നത്. മഹാന്മാർക്ക് ഭൂഷണം ക്ഷമ തന്നെ.

ഋഷി സ്വന്തം തുട ( ഊരു)യിൽ നിന്നും നിമിഷനേരം കൊണ്ട് ഒരപ്സരസ്സിനെ സൃഷ്ടിച്ചു. ഊരുവിൽ നിന്നുണ്ടായത് കൊണ്ട് അവൾക്ക് ഉർവ്വശി എന്ന് പേരിട്ടു. സൗന്ദര്യത്തിൽ സുരാംഗനമാരെ ലജ്ജിപ്പിച്ച ഉർവ്വശിയെ മഹർഷി, ദേവേന്ദ്രനുള്ള സമ്മാനമായി മന്മഥൻ വശം കൊടുത്തയച്ചു. (ഡക്കറേഷനില്ലാതെ പറഞ്ഞാൽ രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കേറ്റണ്ട ഇന്ദ്രാ എന്നർത്ഥം).

സത്യവ്രതമനുവിനെ പ്രളയത്തിൽ നിന്ന് രക്ഷിക്കാൻ നാരായണൻ മത്സ്യമായി വന്നു. വേദത്തേയും, മഹർഷിമാരേയും, ഭൂമിയേയും, ഔഷധികളേയും രക്ഷിച്ചു.

ഹിരണ്യാക്ഷനിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ വരാഹമായി. ഭൂമിയെ താങ്ങി നിർത്താൻ ആമയായി. ഗജേന്ദ്രനെ ചക്രധാരിയായി വന്ന് മുതലയിൽ നിന്ന് രക്ഷിച്ചു.

ബ്രഹ്മാവിന് ജ്ഞാനം നൽകാൻ ഹംസമായി അവതരിച്ചു.(ഭാഗവതം 13-ാം അദ്ധ്യായത്തിൽ ഇത് വായിക്കാം.) ദത്താത്രേയനായി. ഋഷഭയോഗിയായി. പൃഥു ചക്രവർത്തിയായി ഭൂമിയെ കറന്നു. പ്രഹ്ളാദനെ രക്ഷിക്കാൻ നരസിംഹമായി.മഹാബലിയെ അനുഗ്രഹിക്കാൻ വാമനനായി.

രാജാക്കന്മാരുടെ ഗർവ്വിൽ നിന്നും പീഢനങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ പരശുരാമനായി. ലങ്കേശനെ സംഹരിക്കാൻ ശ്രീരാമനായി. ആ രാമൻ ഭക്തന്മാരുടെ ഹൃദയത്തിൽ ഇപ്പോഴും പുരുഷോത്തമനായി വിളങ്ങുന്നു.

ഈ സംവാദം നടന്നത് രാമാവതാര കാലത്താണ്.

ദ്രുമിളൻ തുടരുന്നു.

ഭൂഭാരം തീർക്കാൻ യദുകുലത്തിൽ ഇനി കൃഷ്ണനായി അവതരിക്കാൻ പോകുന്നു. അത്യത്ഭുതങ്ങളായ ലീലകൾക്ക് അരങ്ങൊരുങ്ങുന്നു.

യാഗങ്ങളിൽ പ്രാണിഹിംസ ചെയ്താൽ പാപമാണ് കൂടുന്നത്, പുണ്യം സിദ്ധിക്കുകയുമില്ല എന്ന യുക്തിചിന്ത പ്രചരിപ്പിച്ച് കർമഠന്മാരുടെ അജ്ഞാനം തീർത്ത് അഹിംസാധർമ്മത്തെ പുനസ്ഥാപിക്കാൻ നാരായണൻ ശ്രീബുദ്ധനായി അവതരിക്കും.

കലിയുഗത്തിൻ്റെ അവസാനം കല്ക്കിയായി അവതരിക്കുന്നതും ശ്രീനാരായണൻ തന്നെ.

ചക്രവർത്തി വീണ്ടും ചോദിച്ചു.

” ഇതെല്ലാമറിഞ്ഞിട്ടും പലരും നാരായണനെ ഭജിക്കുന്നില്ല. ആഗ്രഹങ്ങളുടെ പിന്നാലെ ഓടുകയാണ്. അശാന്തരായ അവരുടെ ഗതിയെന്താണെന്ന് പറഞ്ഞു തന്നാലും.”

നവയോഗികളിൽ എട്ടാമനായ ചമസനാണ് അതിനുത്തരം പറഞ്ഞത്.

രാജാവേ,സ്ത്രീപുരുഷസംയോഗം, മാംസഭോജനം, മദ്യസേവ എന്നിവ മൂന്നും ബാഹ്യപ്രേരണ കൂടാതെ മനുഷ്യൻ്റെ സഹജസ്വഭാവമാണ്. ഈശ്വരനെ അറിയുന്നതിൽ നിന്ന് ഇവ മനുഷ്യരെ വഴിതെറ്റിക്കുന്നു.

അവയെല്ലാം നിയന്ത്രിക്കേണ്ടതാണ്. ജ്ഞാനികൾ വിവാഹം, യജ്ഞം, സൗത്രാമണ്യം(മദ്യപൂജ ) എന്നീ സങ്കേതങ്ങൾ നടപ്പാക്കിയത് അതിനാണ്.

സത്യാന്വേഷണമാണ് നമ്മുടെ ജീവിതദൗത്യം. ധർമ്മവഴിയിലൂടെ വേണം ധനം സമ്പാദിക്കാൻ. ധനം ചിലവഴിക്കുന്നതും ധാർമ്മികമായ കാര്യങ്ങൾക്കാവണം.

ഇതറിയാത്തവർ കുറേ പേരുണ്ട്. അവരെ പഠിപ്പിക്കേണ്ടത് അങ്ങയെ പോലുള്ളവരാണ്. ഈ ജ്ഞാനം കിട്ടിയാൽ ജ്ഞാനികളേക്കാൾ എളുപ്പത്തിൽ അവർ മോക്ഷം പ്രാപിക്കും . ജ്ഞാനികൾ സ്വതവേ തന്നെ മോക്ഷം പ്രാപിക്കുമല്ലോ?

എന്നാൽ രണ്ടിനുമിടയ്ക്കുള്ള ചിലരുണ്ട്. അവരുടെ കാര്യം ഹാ കഷ്ടം! ജ്ഞാനികളെന്ന് നടിച്ച് അവർ അറിയേണ്ടത് പോലും അറിയാത്തവരായി പോകുന്നു.

സ്തബ്ധന്മാർ,അഹങ്കാരികൾ, അവിവേകികൾ എന്നിങ്ങനെ കവികൾ പറയുന്നത് അവരെ കുറിച്ചാണ്. അവരുടെ ഗതി പരിതാപകരം തന്നെ.

ദ്രുമിളൻ പറഞ്ഞു നിർത്തിയപ്പോൾ രാജാവ് ചോദിച്ചു.

കാലത്തിൻ്റെ മാറ്റമനുസരിച്ച് മനുഷ്യനും മാറുന്നു.അപ്പോൾ എങ്ങനെയാണ് നാരായണനെ ഭജിക്കേണ്ടത്?

അതിനുത്തരം പറഞ്ഞത് നവയോഗികളിൽ ഒമ്പതാമനായ കരഭാജനനാണ്.

അദ്ദേഹം പറഞ്ഞു.

കൃതയുഗത്തിൽ ജനങ്ങൾ ശാന്തരും വൈരമില്ലാത്തവരും ആയിരുന്നു. തപസ്സിലൂടെയാണ് അവർ ഭഗവാനെ ഭജിച്ചത്.

ത്രേതായുഗത്തിലെ ജനങ്ങൾ വേദവാദികളും ധർമ്മിഷ്ഠരും ആയിരുന്നു. യാഗങ്ങളും യജ്ഞങ്ങളും നടത്തിയാണ് അവർ ഭഗവാനെ ഭജിച്ചത്.

ദ്വാപരയുഗത്തിൽ യാഗങ്ങളേക്കാൾ പ്രാധാന്യം പൂജാവിധികൾക്ക് കൈവരും. വേദം ചൊല്ലിയും തന്ത്രശാസ്ത്രം വിസ്തരിച്ച പൂജാക്രമം പഠിച്ചും അവർ ഭഗവാനെ പൂജിക്കും.
കലിയുഗമെത്തുമ്പോൾ മനുഷ്യർ മനസ്സ് കൊണ്ട് ദുർബ്ബലരും പരസ്പരം വൈരികളുമായി മാറും. എന്നാൽ ഈശ്വരസാക്ഷാൽക്കാരം നേടാൻ ഏറ്റവും എളുപ്പം കലിയുഗമാണ്.

പല തരം യജ്ഞങ്ങൾ കൊണ്ടും നമസങ്കീർത്തനം കൊണ്ടും കലിയുഗത്തിൽ നാരായണനെ ഭജിക്കണം. അവതാരകഥകൾ കൊണ്ട് സ്തുതിക്കണം.

ദേവന്മാർ പോലും കലിയുഗത്തിൽ മനുഷ്യരായി ജന്മമെടുക്കാൻ കൊതിക്കുന്നു. കലിയുഗത്തിൽ ദ്രാവിഡദേശത്ത് ജനിക്കുന്നവർ മോക്ഷപ്രാപ്തിക്ക് കൂടുതൽ അർഹരാണെന്നും അവിടത്തെ പുണ്യനദികളിലെ ജലപാനം തന്നെ മനുഷ്യനെ പരിശുദ്ധനാക്കുമെന്നും പറഞ്ഞ് കരഭാജനനും വിരമിച്ചു

നവയോഗികളുടെ സംവാദം വിവരിച്ച ശേഷം നാരദർ വസുദേവരോട് പറഞ്ഞു.

” നിമിചക്രവർത്തി സ്വധർമ്മത്തെ നാരായണനിൽ അർപ്പിച്ച് ബ്രഹ്മസായൂജ്യം നേടി. നാരായണൻ തന്നെ പുത്രനായി വന്ന നിങ്ങളുടെ കീർത്തി ലോകം മുഴുവൻ വ്യാപിച്ചു. നിങ്ങളുടെ ഭാഗ്യത്തെ എല്ലാവരും വാഴ്ത്തുന്നു.

സ്വസന്താനങ്ങളിൽ എല്ലാവരും ഈശ്വരഭാവം പുലർത്തിയാൽ അങ്ങയുടെ പവിത്രതയും കീർത്തിയും ആർക്കും നേടാം.

മക്കളെ ഈശ്വരഭാവനയോടെ വളർത്താൻ കഴിഞ്ഞാൽ അത് തന്നെ ഏറ്റവും വലിയ ഈശ്വരപൂജ.

ഇത്രയും പറഞ്ഞ് നാരദമഹർഷി ഉപസംഹരിച്ചു.

ശ്രീശുകബ്രഹ്മർഷി പരീക്ഷിത്തിനോട് പറഞ്ഞു.

അതോടെ വസുദേവരും ദേവകിയും കൃഷ്ണനും രാമനും സന്താനങ്ങളാണെന്ന മായാമോഹം കൈവെടിഞ്ഞു.

ഈ കഥ വേണ്ട പോലെ മനനം ചെയ്യുന്നവർ ഭേദബുദ്ധിയൊഴിഞ്ഞ് ജഗത്സർവ്വം ബ്രഹ്മമയമെന്ന അനുഭൂതിയിലെത്തും.
ഹരേ കൃഷ്ണാ
©✍️#SureshbabuVilayil

1+

Leave a Reply

Your email address will not be published. Required fields are marked *