ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 52

സുരേഷ് ബാബു വിളയിൽ

ദുഷ്ടക്കൂട്ടങ്ങളെ കൊണ്ടുള്ള ഭൂഭാരം കുറയ്ക്കാനാണ് രാമനും കൃഷ്ണനും അവതരിച്ചത്. കംസൻ മുതലായവരും ജരാസന്ധൻ്റെ കൂടെ യുദ്ധത്തിന് വന്ന കുറേ രാജാക്കന്മാരും സൈന്യങ്ങളും ചത്തൊടുങ്ങി.

മഹാഭാരതയുദ്ധത്തിലും പൊരുതി കുറേയെണ്ണം തീർന്നു. സ്വന്തക്കാരായ യദുക്കളാണ് ഇപ്പോൾ ഭൂമിയ്ക്ക് ഭാരമായുള്ളത്. അവരെ കൂടി ഒടുക്കണം. കാട്ടിലെ മുളകൾ തമ്മിലുരസി തീയുണ്ടായി എരിഞ്ഞടങ്ങുന്നതു പോലെ അവരും ഒടുങ്ങണം.അതിനൊരു കാരണം ഭഗവാൻ സങ്കല്പിച്ചു.

വസുദേവരുടെ യജ്ഞത്തിൽ പങ്കുകൊണ്ട വിശ്വാമിത്രൻ, അസിതൻ, കണ്വൻ, ദുർവ്വാസാവ്, ഭൃഗു, അംഗിരസ്, കശ്യപൻ, വാമദേവൻ, അത്രി, വസിഷ്ഠൻ, നാരദൻ തുടങ്ങിയവർ ദ്വാരകയ്ക്ക് സമീപമുള്ള പിണ്ഡാരകം എന്ന തീർത്ഥസ്ഥാനത്ത് എത്തിച്ചേർന്നു.

മുനിമാരുടെ ക്ഷേമമന്വേഷിക്കാൻ കൃഷ്ണൻ്റെ മക്കളും ചെന്നു. കുട്ടികൾ നേരമ്പോക്കിനായി സാംബനെ ഗർഭിണിയുടെ വേഷം കെട്ടിച്ചു. വിനയം നടിച്ച് കൊണ്ട് മുനിമാരോട് ചോദിച്ചു.

” മുനിമാരെ,ഇവൾ ഗർഭിണിയും ലജ്ജാശീലയുമാണ്. ഇവളുടെ ഗർഭത്തിലുള്ള ശിശു ആണോ പെണ്ണോ എന്നറിയാൻ വലിയ ആഗ്രഹമുണ്ട്. ദയവ് ചെയ്തത് പറഞ്ഞു കൊടുക്കാമോ? ”

കുട്ടികളുടെ പരിഹാസം കേട്ട് മുനിമാർ പറഞ്ഞു.

“വിഡ്ഢികളായ കുട്ടികളെ, ഇവൾ പ്രസവിക്കുന്നത് ആണും പെണ്ണുമല്ല. ഇരുമ്പുലക്കയാണ്. അത് നിങ്ങളുടെ കുലം മുടിയ്ക്കും”,

മുനിശാപം കേട്ട് നടുങ്ങി പോയ കുട്ടികൾ വീട്ടിലേയ്ക്കോടി പോയി. സാംബൻ്റെ വേഷമെല്ലാം അഴിച്ച് വെച്ചപ്പോൾ അതിലൊരു വലിയ ഇരുമ്പുലക്ക കണ്ടു. പേടിച്ചരണ്ട് ഉഗ്രസേനമഹാരാജാവിൻ്റെ സദസ്സിലെത്തി വിവരം പറഞ്ഞു.

ദ്വാരകാവാസികളെല്ലാം ഭയന്നു. മുനിശാപത്തിൻ്റെ ആദ്യഘട്ടമായ മുസലപ്രസവം കഴിഞ്ഞു. ഇനി ശാപത്തിൻ്റെ അടുത്ത ഘട്ടം നടക്കാതിരിക്കാൻ ഇരുമ്പുലക്ക പൊടിച്ച് പൊടിയാക്കി അവരത് കടലിലൊഴുക്കി. എന്നാൽ ഒരു കഷ്ണം മാത്രം എത്ര പൊടിച്ചിട്ടും പൊടിഞ്ഞില്ല.

അതൊരു മത്സ്യം വിഴുങ്ങി. ആ മത്സ്യമൊരു മുക്കുവൻ്റെ വലയിൽ കുടുങ്ങി. അവനതൊരു വേടന് വിറ്റു. മത്സ്യം മുറിച്ചപ്പോൾ കിട്ടിയ ഇരുമ്പെടുത്ത് വേടൻ അമ്പിൻ്റെ മുനയാക്കി. സ്വധാമഗമനത്തിനുള്ള അരങ്ങ് അതോടെ ഒരുങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം വസുദേവഗൃഹത്തിൽ നാരദർ എത്തി. മഹർഷിയെ എതിരേറ്റ് കൂട്ടിക്കൊണ്ട് വന്ന് നമസ്ക്കരിച്ചു. സുഖാസനം നല്കി.

വസുദേവർ നാരദരോട് ചോദിച്ചു.
യഥാ വിചിത്രവ്യസനാദ്
ഭവദ്ഭിർ വിശ്വതോഭയാത്
മുച്യേമ ഹ്യഞ്ജസൈവാദ്ധാ
തഥാ ന : ശാധി സുവ്രത:
( 11-2-9)
മഹർഷേ, വിചിത്രവ്യസനങ്ങളാൽ പൂരിതമാണ് ഈ ലോകം.അതിൽ നിന്നും രക്ഷപ്പെടാൻ എന്താണ് വഴി?

നോക്കൂ.കൃഷ്ണരാമന്മാരെ മക്കളായി ലഭിച്ച വസുദേവർക്ക് പോലും ലോകം സങ്കടക്കടലാണ്. വിചിത്രവ്യസനം എന്ന പദം പ്രത്യേകം ശ്രദ്ധിക്കുക.

വിശക്കുന്നവന് ഭക്ഷണം കിട്ടാത്ത ദുഃഖം. ഭക്ഷണം കിട്ടിയവന് കിടന്നുറങ്ങാൻ കിടക്ക കിട്ടാത്ത ദുഖം. കിടക്ക കിട്ടിയവന് ഉറക്കം വരാത്ത ദു:ഖം. ചിലർക്ക് കുടുംബവും ഭാര്യാമക്കളുമില്ലാത്ത ദു:ഖം, ചിലർക്ക് അതെല്ലാമുള്ളത് കൊണ്ടുള്ള ദു:ഖം. വിചിത്രം തന്നെ ലോകഗതി.

ചോദ്യത്തെ അഭിനന്ദിച്ചു കൊണ്ട് നാരദർ പറഞ്ഞു.

” വസുദേവരേ അങ്ങേയ്ക്ക് ഇക്കാര്യത്തിലുള്ള സംശയങ്ങൾ നിവൃത്തിക്കാൻ, വിദേഹത്തിലെ നിമിചക്രവർത്തിക്ക് ഋഷഭദേവൻ്റെ മക്കളായ നവയോഗികളുമായി സംഭവിച്ച സത്സംഗത്തെ കുറിച്ച് ഞാൻ വിവരിച്ചു തരാം.

ഋഷഭദേവന് നൂറ് പുത്രന്മാർ ജനിച്ചു. അതിൽ മൂത്തയാളായ ഭരതന് ശേഷമാണ് ഈ രാജ്യം ഭാരതമെന്ന് ചിരപ്രസിദ്ധമായത്. അദ്ദേഹം മൂന്ന് ജന്മം കൊണ്ട് ആത്മസായൂജ്യം നേടുകയും ചെയ്തു.

ഒമ്പത് പേർ ഒമ്പത് ദ്വീപുകളുടെ അധിപരായി. എൺപത്തൊന്ന് പേർ കർമശാസ്ത്രപ്രണേതാക്കളായി ഗൃഹസ്ഥധർമ്മം ആചരിച്ചു. ബാക്കിയുള്ള ഒമ്പത് പേർ ബ്രഹ്മതത്ത്വപ്രചാരകരായി ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചു.

നവയോഗികൾ എന്ന പേരിൽ അറിയപ്പെട്ട അവരുടെ പേര് കവി, ഹരി, അന്തരീക്ഷൻ, പ്രബുദ്ധൻ, പിപ്പലായൻ, ആവിർഹോത്രൻ, ദ്രുമിലൻ, ചമസൻ, കരഭാജനൻ എന്നിങ്ങനെയായിരുന്നു.

നിമിചക്രവർത്തി നവയോഗികളോട് ചോദിച്ചു.

അല്ലയോ, മഹാത്മാക്കളേ, മോക്ഷമാണല്ലോ ഓരോ ജീവൻ്റേയും ആത്യന്തിക ലക്ഷ്യം. അതിന് വേണ്ടത് ഭാഗവതധർമ്മങ്ങൾ അറിഞ്ഞ് അനുഷ്ടിക്കലാണ് എന്നറിയാം. ആ ഭാഗവതധർമ്മങ്ങൾ ഏതൊക്കെ എന്ന് പറഞ്ഞു തരാമോ?

കവി പറഞ്ഞു.

രാജാവേ, ആശ്രിതരെ പോലും മരണമില്ലാത്തവരാക്കി മാറ്റുന്ന ഭഗവാനെ ഉപാസിക്കുന്നതാണ് ഏറ്റവും വലിയ ധർമ്മം എന്ന് ഞാൻ കരുതുന്നു. അതിനെ ഒറ്റ ശ്ലോകം കൊണ്ട് ചുരുക്കി പറയാം.
കായേനവാചാ മനസേന്ദ്രിയൈർവ്വാ
ബുദ്ധ്യാത്മനാവാനുസൃതസ്വഭാവാത്
കരോതി യദ്യത് സകലം പരസ്മൈ
നാരായണായേതി സമർപ്പയേത്തത്
(11-2-36)
ഒരാൾ സ്വഭാവമനുസരിച്ച് ദേഹം കൊണ്ടോ വാക്കോ, മനസ്സോ, ഇന്ദ്രിയങ്ങളോ, ബുദ്ധിയോ ആത്മാവോ കൊണ്ടോ ചെയ്യുന്ന പ്രവർത്തികളെല്ലാം ഭഗവാന് സമർപ്പിച്ച് ചെയ്യണം.
അങ്ങനെ ചെയ്യുന്ന കർമ്മങ്ങൾ ഭാഗവതധർമ്മങ്ങളാണ്.

സ്വന്തം സ്വഭാവമാണ് എല്ലാ മനുഷ്യരേയും ഭരിക്കുന്നത്. ഏറിയും കുറഞ്ഞും ഇരിക്കുന്ന ത്രിഗുണങ്ങൾക്ക് അനുസരിച്ചാണ് ഒരാളുടെ സ്വഭാവം രൂപപ്പെടുന്നത്. ഈശ്വരൻ തന്നെയാണ് ഈ സ്വഭാവത്തെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് ഈശ്വരപാദങ്ങളിൽ തന്നെ കർമ്മങ്ങളെ സമർപ്പിച്ചാൽ ഭാഗവതധർമ്മമായി.

ഭയം ദ്വിതീയാഭിനിവേശത: സ്യാ –
ദീശാദപേതസ്യ വിപര്യയോfസ്മൃതി:
തന്മായയാതോ ബുധ ആഭജേത്തം
ഭക്ത്യൈകയേശം ഗുരുദേവതാത്മാ
( 11-2 -37)
ജീവികളുടെ അടിസ്ഥാനഭാവം ഭയമാണ്. രണ്ടെന്ന ഭാവനയിൽ നിന്നാണ് ഭയം ഉണ്ടാകുന്നത്. നശിക്കുന്ന ദേഹമാണ് ഞാനെന്ന് ധരിച്ചാൽ ഭയം സ്വാഭാവികം. നാശമില്ലാത്ത ആത്മാവാണെന്ന് ധരിച്ചാൽ ഭയമില്ല. ഞാനും ഈശ്വരനും രണ്ടെന്ന ഭാവത്തിൽ നിന്നാണ് ഭയം ജനിക്കുന്നത്. സർവ്വം ബ്രഹ്മമയം എന്ന ഭാവം ഉദിക്കുമ്പോൾ കാണുന്നതെല്ലാം ഭഗവാൻ്റെ ശരീരമാണ് എന്ന് ബോദ്ധ്യപ്പെടും.

അപ്പോൾ അതിനെയെല്ലാം വാഴ്ത്തും.

ഈശ്വരനിൽ നിന്ന് വിമുഖനായ ഒരാൾക്ക് ഈശ്വരൻ്റെ മായയാൽ സ്വരൂപജ്ഞാനത്തെ കുറിച്ച് മറവി സംഭവിക്കുന്നു. വിപരീതഭാവന ഉണ്ടാകുന്നു.ഭേദബുദ്ധി വരുന്നു.

ഞാനും ഈശ്വരനും രണ്ടല്ലെന്ന് തോന്നുന്ന ഭക്തനിൽ ഈശ്വരചൈതന്യം നിറയുന്നു. ചുറ്റുപാടുകളിലും ആ പ്രഭാപ്രസരണം സംഭവിക്കുന്നു . ഭക്തി, ആത്മാനന്ദം, വിരക്തി എന്നിവ ഒന്നിച്ചൊരാളിൽ കണ്ടാൽ അയാൾ തൃപ്തനും സന്തുഷ്ടനും ആണെന്ന് മനസ്സിലാക്കാം.

വിശക്കുന്നവൻ ഭക്ഷിക്കുമ്പോൾ സംതൃപ്തനാകുന്നു. കുറച്ചു നേരം കഴിഞ്ഞാൽ വീണ്ടും വിശക്കും. അപ്പോൾ വീണ്ടും ഭക്ഷിക്കണം. അതോടെ വീണ്ടും സംതൃപ്തനാകും.

ഭാഗവതധർമ്മം ആചരിക്കുന്നവൻ സദാസമയവും സംതൃപ്തനാണ്. ആത്യന്തികമായ ജീവിതലാഭം അതാണ്.

കവി പറഞ്ഞു നിർത്തി.

അപ്പോൾ നിമി ചോദിച്ചു.

ഭാഗവതധർമ്മം കേട്ടു. ഒരു ഭക്തൻ എങ്ങനെയുള്ളവനാണെന്നും ആചാരങ്ങൾ എന്തൊക്കെയെന്നും പറഞ്ഞു തരാമോ? എന്തൊക്കെയാണ് അദ്ദേഹം പറയുക? ഭക്തൻ്റെ ലക്ഷണങ്ങൾ എന്തെല്ലാം?
നവയോഗികളിൽ രണ്ടാമനായ ഹരിയാണ് ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്.

അത് നാളെ വായിക്കാം.
ഹരേ കൃഷ്ണാ.
©✍️#SureshbabuVilayil

2+

Leave a Reply

Your email address will not be published. Required fields are marked *