ഒരു ദിവസം രാമകൃഷ്ണന്മാരും ഉദ്ധവരും അക്രൂരൻ്റെ വീട്ടിൽ ചെന്നു. അദ്ദേഹം സസന്തോഷം നല്കിയ ഉപചാരങ്ങൾ സ്വീകരിച്ച ശേഷം കൃഷ്ണൻ പറഞ്ഞു.
“ഞങ്ങളുടെ അച്ഛൻപെങ്ങളുടെ മക്കളാണ് പാണ്ഡവർ എന്നറിയാമല്ലോ? പാണ്ഡു മഹാരാജാവ് മരിച്ചതോടെ ജ്യേഷ്ഠനും, അന്ധനുമായ ധൃതരാഷ്ട്രർ മഹാരാജാവായി. ധൃതരാഷ്ട്രർക്ക് നൂറ്റിയൊന്ന് മക്കളാണ്.പുറംകാഴ്ച മാത്രമല്ല അകംകാഴ്ചയും ഇല്ലാത്ത ആളാണദ്ദേഹം. സ്വന്തം മക്കൾക്കും അനുജൻ്റെ മക്കൾക്കും അവിടെ ഒരേ പന്തിയിൽ രണ്ട് തരം വിളമ്പലാണെന്ന് കേൾക്കുന്നു.
മകൻ ദുര്യോധനനും മറ്റും അവരെ വല്ലാതെ ദ്രോഹിക്കുന്നുണ്ട്. അതിൻ്റെ നിജസ്ഥിതിയറിയണം. അങ്ങവിടെ ചെന്ന് ബന്ധുക്കളായ പാണ്ഡവർക്ക് വല്ല സഹായവും വേണമെങ്കിൽ അതിന് നാം തയ്യാറാണ് എന്ന വിവരം അറിയിക്കണം.”
കൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ ശിരസാ വഹിച്ച് അക്രൂരൻ ഹസ്തിനപുരത്തിലേക്ക് യാത്ര പുറപ്പെട്ടു.
കംസൻ്റെ പത്നിമാരായ അസ്തിയും പ്രാപ്തിയും മഗധയിലെ രാജാവായ ജരാസന്ധൻ്റെ മക്കളായിരുന്നു. കംസൻ്റെ മരണത്തോടെ അവർ അതീവദു:ഖിതകളായി. കംസനെ കൊന്ന കൃഷ്ണനെ അവർ വെറുത്തു. കൃഷ്ണൻ്റെ അച്ഛനമ്മമാരെ കംസൻ തടവിലിട്ടതും ആറ് മക്കളെ കൊന്നതും ആസുരഭാവം കാരണം അവരുടെ മനസ്സിൽ വന്നതേയില്ല. അവർ ഇരുവരും മഥുരയിൽ നില്ക്കാതെ പിതൃഗൃഹത്തിലേക്ക് മടങ്ങിപ്പോയി.
കൃഷ്ണൻ കാരണം രണ്ട് മക്കളും വിധവകളായി തീർന്നതിന് പകരം വീട്ടണമെന്ന് ജരാസന്ധനും ഉറച്ചു. മറ്റു രാജാക്കന്മാരുമായി ചേർന്ന് 23 അക്ഷൗഹിണീ സൈന്യങ്ങളുമായി ജരാസന്ധൻ മഥുരയിലേക്ക് പുറപ്പെട്ടു.
ഒരു അക്ഷൗഹിണി സൈന്യത്തിൽ ആനപ്പടയും തേർപ്പടയും 21,870 വീതവും കുതിരപ്പട 65,610 ഉം കാലാൾപ്പട 1,O9,350 ഉം എണ്ണമാണ്.
വമ്പിച്ച സൈന്യനിരയെ കണ്ടപ്പോൾ ഭൂഭാരം കുറയ്ക്കാനെത്തിയ തനിക്ക് ജരാസന്ധനേക്കാളും സൈന്യത്തെ നിഗ്രഹിക്കുന്നതാണ് അഭികാമ്യം എന്ന് കൃഷ്ണൻ ചിന്തിച്ചു.
രാമകൃഷ്ണന്മാർ ദിവ്യായുധങ്ങൾ കയ്യിലേന്തി രഥത്തിൽ കയറി. പാഞ്ചജന്യം മുഴങ്ങി. യുദ്ധം തുടങ്ങി. അല്പസമയത്തിനുള്ളിൽ ജരാസന്ധൻ്റെ സൈന്യം മുഴുവൻ നാമാവശേഷമായി. ബലരാമൻ വരുണപാശത്താൽ ജരാസന്ധനെ ബന്ധനത്തിലാക്കി.
ജരാസന്ധനെ വധിക്കാൻ രാമൻ വാളോങ്ങി. കൃഷ്ണൻ തടഞ്ഞു. പ്രാണഭിക്ഷ കിട്ടിയ ജരാസന്ധൻ ലജ്ജിതനായി. സന്ന്യസിക്കാൻ തീർച്ചയാക്കി. ശിശുപാലൻ തുടങ്ങിയ മിത്രങ്ങൾ പറഞ്ഞപ്പോൾ മഗധയിലേക്ക് തിരിച്ചുപോയി.
ജരാസന്ധൻ്റെ മഥുരാക്രമണം ഇതുപോലെ പതിനാറ് തവണയും ആവർത്തിച്ചു. മഗധാസൈന്യം ഉപേക്ഷിച്ച് പോയ ധാന്യങ്ങളും പടക്കോപ്പുകളും കൊണ്ട് മഥുര സമ്പത്സമൃദ്ധമായി.
മഥുരയുടെ ഈ സമ്പത്തും ധനസമൃദ്ധിയും കാലയവനൻ എന്ന മ്ലേച്ഛരാജാവിൻ്റെ ശ്രദ്ധയിൽ പെട്ടു . തന്നെ യുദ്ധത്തിൽ തോല്പിക്കാൻ ലോകത്താർക്കും കഴിയില്ലെന്നും താനാണ് രക്ഷകനെന്നും അവൻ അഹങ്കരിച്ചു.
അതേ സമയം പതിനെട്ടാമത്തെ തവണ മഥുരയെ ആക്രമിക്കാൻ ജരാസന്ധൻ ഒരുങ്ങുകയായിരുന്നു. മൂന്ന്കോടി സൈന്യങ്ങളുമായി കാലയവനൻ പുറപ്പെട്ട വിവരം കൃഷ്ണനറിഞ്ഞു. കാലയവനൻ ശക്തനാണ്.ഉപായം കൊണ്ട് മാത്രമേ അവനെ തറപറ്റിക്കാൻ കഴിയൂ.
അപ്പോഴേക്കും കൃഷ്ണൻ പശ്ചിമസമുദ്രത്തിൽ ദ്വാരക എന്ന ദ്വീപ് കണ്ടെത്തിയിരുന്നു.ദേവശില്പി വിശ്വകർമ്മാവിനെ കൊണ്ട് മനോഹരമായ നഗരം പണിയിച്ചു. മഥുരാപുരിയിലുള്ളവരെയെല്ലാം കൃഷ്ണൻ ദ്വാരകയിലെത്തിച്ചു. അവരെ സംരക്ഷിക്കാൻ ബലരാമനെ ഏല്പിച്ച് കൃഷ്ണൻ കാലയവനനെ തേടി പോയി.
നിരായുധനായി മുന്നിൽ വന്ന് നിന്ന കൃഷ്ണനോട് നിരായുധനായി യുദ്ധം ചെയ്യാൻ കാലയവനൻ നിശ്ചയിച്ചു. എന്നാൽ അതിന് തയ്യാറാവാതെ കൃഷ്ണൻ തിരിഞ്ഞോടി. പിറകെ യവനനും ഓടി. യവനനെ മോഹിപ്പിച്ച് ഒരു ഗുഹയുടെ സമീപമെത്തിച്ചു. കൃഷ്ണൻ ആ ഗുഹയിലേക്ക് കയറി പോയി. പിന്നാലെ യവനനും ചെന്നു.
ഇക്ഷ്വാകുവംശത്തിലെ വീരനായ മന്ധാതാപുത്രൻ മുചുകുന്ദൻ ഉറങ്ങിക്കിടന്ന ഗുഹയായിരുന്നു അത്. പണ്ട് ദേവാസുരയുദ്ധത്തിൽ ദേവന്മാരെ സഹായിക്കാൻ ഇടക്കിടക്ക് സ്വർഗ്ഗത്തിൽ പോയിരുന്ന ആളായിരുന്നു മുചുകുന്ദൻ. വീരശൂരപരാക്രമിയായ അദ്ദേഹത്തിൻ്റെ ശൗര്യത്തിൽ അസുരന്മാർ പലവട്ടം തോറ്റോടി. എന്നാൽ തുടർച്ചയായി യുദ്ധം ചെയ്ത് മുചുകുന്ദൻ തളർന്നു. അപ്പോഴേക്കും സുബ്രഹ്മണ്യൻ ദേവസേനാപതിയായി വന്നു.
ഭൂമിയിലേക്ക് തിരിച്ചു ചെല്ലാൻ അനുജ്ഞ തേടിയ മുചുകുന്ദനോട് ദേവന്മാർ എന്ത് വരം വേണമെന്ന് ചോദിച്ചു. തനിക്ക് കൈവല്യം വേണം. മറ്റൊന്നും വേണ്ടെന്നാണ് മുചുകുന്ദൻ ചോദിച്ചത്. ദു:ഖസ്പർശമില്ലാത്ത സുഖമാണ് കൈവല്യം. എന്നാൽ അത് നല്കാനുള്ള കഴിവ് തങ്ങൾക്കില്ലെന്ന് പറഞ്ഞ് ദേവന്മാർ കൈമലർത്തി.
അതൊഴികെ ഏത് വരം വേണമെങ്കിലും ചോദിക്കാൻ നിർബന്ധം സഹിക്കാതെ വന്നു.
മുചുകുന്ദൻ പറഞ്ഞതിങ്ങനെ.
” യുദ്ധം ചെയ്ത് ക്ഷീണിച്ച എനിക്ക് ഉറങ്ങിയാൽ മതി കൂട്ടരെ …. വേറൊന്നും വേണ്ട.”
ദേവന്മാർ വേഗം ദീർഘനിദ്രക്കുള്ള വരംകൊടുത്തു. തടസ്സപ്പെടുത്തുന്നവൻ ഭസ്മമാകട്ടെ എന്നും കൂട്ടിച്ചേർത്തു.
ഏകാന്തമായ ഒരു ഗുഹയിൽ കയറി കിടന്ന് മുചുകുന്ദൻ ഉറക്കം തുടങ്ങി. ദേവന്മാർ നല്കിയ ഉറക്കത്തെ ഭംഗപ്പെടുത്തിയ കാലയവനൻ ഗുഹയ്ക്കുള്ളിൽ തന്നെ ഭസ്മമായി.
കണ്ണ് തുറന്ന് നോക്കിയ മുചുകുന്ദൻ ഒരു ദിവ്യപ്രകാശവും അതിനുള്ളിൽ മുകുന്ദനേയുമാണ് കണ്ടത്.
അങ്ങാരാണ് എന്ന മുചുകുന്ദൻ്റെ ചോദ്യത്തിന് ഉത്തരമായി കൃഷ്ണൻ പറഞ്ഞു.
” ജന്മകർമ്മാഭിധാനാനി
സന്തി മേങ്ഗ: സഹസ്രശ:
ന ശക്യതേfനു സങ്ഖ്യാതു
മനന്തത്വാന്മയാപി ഹി ”
(10 – 51 – 38)
എനിക്ക് ജന്മങ്ങളും കർമ്മങ്ങളും പേരുകളും അനന്തമായത് കൊണ്ട് എണ്ണിത്തീർക്കാൻ കഴിയില്ല. മൂന്നു കാലത്തിലും അത് സംഭവിക്കുന്നു. എത്രയെണ്ണിയാലും തീരില്ല.
ഇപ്പോഴത്തെ സ്ഥിതി ഞാൻ പറയാം. ബ്രഹ്മാവ് ആവശ്യപ്പെട്ട പ്രകാരം ഭൂഭാരം തീർക്കാൻ വസുദേവരുടെ ഗൃഹത്തിൽ ഞാനവതരിച്ചു. വാസുദേവൻ എന്നാണ് പേര്. കാലനേമിയായ കംസൻ തൊട്ട് കുറേ അസുരന്മാരെ ഞാൻ വധിച്ചു. ഇപ്പോൾ യവനൻ അങ്ങയുടെ കോപാഗ്നിയിലും ദഹിച്ചു. അങ്ങ് പൂർവ്വജന്മത്തിൽ എൻ്റെ ദർശനം ആഗ്രഹിച്ചിരുന്നു. അങ്ങേക്ക് എന്ത് വരം വേണമെങ്കിലും ചോദിക്കാം.. ”
മുചുകുന്ദന് സന്തോഷമായി.
സഫലീകരിക്കാനായി ഒരാഗ്രഹം പോലും മനസ്സിലില്ലാത്ത ആളാണ് താൻ. ഭൂമിയും സ്വർഗ്ഗവും ഒരു പോലെ കണ്ടു. മരുഭൂമിയിലെ കാനൽജലംപോലെയാണ് ജീവിതാഭിലാഷങ്ങൾ എന്ന് മനസ്സിലായി. ദൂരെ നിന്ന് കാണുമ്പോഴുള്ള സുഖം കൈയിൽകിട്ടുമ്പോൾ ഒരു വസ്തുവിനും ഇല്ലെന്നും തിരിച്ചറിഞ്ഞു.
മുചുകുന്ദൻ ഭഗവാനോട് പറഞ്ഞു.
ന കാമയേfന്യം തവ പാദസേവനാ-
ദകിഞ്ചനപ്രാർത്ഥ്യതമാവരം വിഭോ!
ആരാധ്യകസ്ത്വാം ഹ്യപവർഗ്ഗദം ഹരേ!
വൃണീത ആര്യോവരമാത്മബന്ധനം
(10- 51 – 56)
വരങ്ങളൊന്നും വേണ്ടെന്നർത്ഥം. ജ്ഞാനിയായ മുചുകുന്ദരാജാവിന് മൃഗയാദോഷം കൊണ്ടുള്ള പ്രാരബ്ധങ്ങൾ അനുഭവിക്കാനുണ്ട്. തപോനിഷ്ഠ കൊണ്ടേ അത് തീരൂ. അതറിഞ്ഞ മുകുന്ദൻ മുചുകുന്ദനെ ബദരീനാഥത്തിലേക്ക് യാത്രയാക്കി.
ഉള്ളവരെന്നും ഇല്ലാത്തവരെന്നും വർത്തമാനകാലത്തെ ലോകത്തെ നെടുകെ വിഭജിച്ച മാർക്സിനെ പോലുള്ള ചിന്തകർ കാണാതെ പോയ “വേണ്ടാത്തവർ “എന്ന കൂട്ടത്തിൽ പെട്ട ജ്ഞാനിമാരിൽ ഒരാളായിരുന്നു മുചുകുന്ദൻ.
നകാമയേfന്യം വരം എന്നാണ് അദ്ദേഹം പറഞ്ഞത്. ദു:ഖസ്പർശമല്ലാത്ത സുഖം ഒരു വരം കൊണ്ടും നേടാൻ കഴിയില്ല. സ്വയം ആർജിക്കാനേ കഴിയൂ. ഈ സത്യം മുചുകുന്ദൻ തിരിച്ചറിഞ്ഞു. അപ്പോഴേക്കും ജരാസന്ധൻ പതിനെട്ടാം തവണയും 23 അക്ഷൗഹിണികളുമായി എത്തി. മഥുരാവാസികളെ അവിടെ കണ്ടില്ല. രാമകൃഷ്ണന്മാർ ഭീരുക്കളെ പോലെ പലായനം ചെയ്തെന്ന് കരുതി ജരാസന്ധൻ മടങ്ങിപ്പോയി.
കൃഷ്ണൻ ദ്വാരകയിലേക്ക് മടങ്ങി.
മുചുകുന്ദൻ ബദരീനാഥത്തിൽ ചെന്ന് തപസ്സനുഷ്ഠിച്ച് കൈവല്യം നേടി.
(ചിത്രം കടപ്പാട് Google)
©✍️#SureshbabuVilayil