അമ്മയുടെ മാറിലെ കുളിരുള്ള വാത്സല്യച്ചൂടിൽ തലയും ചായ്ച് നിന്നപ്പോൾ രാമകൃഷ്ണന്മാർ സഹജമായ ഈശ്വരത്വം മറന്നു.
കൃഷ്ണൻ പറഞ്ഞു.
“അച്ഛാ, അമ്മേ, അച്ഛനമ്മമാരുടെ ലാളനയേറ്റ് അവരുടെ കൂടെയാണ് മക്കൾ ബാല്യകാലം കഴിക്കേണ്ടത്. ഞങ്ങൾക്കതിന് ഭാഗ്യമുണ്ടായില്ല. ഞങ്ങളെ ലാളിച്ചു വളർത്താനുള്ള ഭാഗ്യം നിങ്ങൾക്കും ഉണ്ടായില്ല. എന്നാൽ നിങ്ങളുടെ മനസ്സിൽ സദാ ഞങ്ങൾ മാത്രമായിരുന്നു.
നിങ്ങളെ പരിചരിക്കാൻ ഞങ്ങൾക്കും കഴിയാതെ പോയി. ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാലു പുരുഷാർത്ഥങ്ങൾ നേടാനുള്ള ദേഹം തന്നതിനുള്ള അച്ഛനമ്മമാരുടെ കടം തീർക്കാൻ നൂറ് കൊല്ലം ശ്രമിച്ചാലും മക്കൾക്ക് കഴിയില്ല. അങ്ങനെയിരിക്കെ നിങ്ങളെ ഇതുവരെ കാണാൻ കൂടി കഴിയാത്ത ഞങ്ങളുടെ ദുഃഖം എത്ര വലുതാണ്?
മക്കൾ പറഞ്ഞ വാക്കുകൾ കേട്ട് ദേവകിയും വസുദേവരും അവരെ വാത്സല്യത്തോടെ ആശ്ലേഷിച്ച് മടിയിലിരുത്തി ഉമ്മ വെച്ചു.
കംസനെ പേടിച്ച് മധുര വിട്ട് പോയ ധർമ്മനിരതരെല്ലാം രാജ്യത്ത് തിരിച്ചെത്തണമെന്ന് കൃഷ്ണൻ നിർദ്ദേശിച്ചു. ഉഗ്രസേനരാജാവിൻ്റെ അനുചരന്മാർ വിവരം പെരുമ്പറ കൊട്ടി അറിയിച്ചു.
കൃഷ്ണൻ പ്രജകൾക്കെല്ലാം യഥേഷ്ടം ധാന്യങ്ങൾ വിതരണം ചെയ്തു. ഇത്രയധികം ധാന്യങ്ങൾ എവിടെ നിന്നു വന്നു എന്ന് രാജാവിന് കൂടി സംശയം തോന്നി.
ബലരാമൻ പറഞ്ഞു.
“എല്ലാം കൃഷ്ണേച്ഛ. കൃഷ്ണൻ ഇച്ഛിച്ചാൽ സാധിക്കാത്തതെന്ത്?”
ജ്യേഷ്ഠൻ അനിയനെ നോക്കി കണ്ണിറുക്കി കള്ളച്ചിരി ചിരിച്ചു. കണ്ണന് കാര്യം പിടികിട്ടി. അതെല്ലാം അതിസമ്പന്നർ പൂഴ്ത്തി വെച്ച ധാന്യശേഖരമായിരുന്നു. ആദ്യം ചില്ലറ എതിർപ്പുണ്ടായെങ്കിലും ബലരാമൻ്റെ കൈച്ചൂട് ഒരിക്കൽ അറിഞ്ഞവർ പിന്നെ എതിർക്കാൻ നിന്നില്ല.
മഥുരയിൽ കുറേ നാൾ തങ്ങിയ നന്ദഗോപർക്കും സംഘത്തിനും ഗോകുലത്തിലെ കാര്യങ്ങൾ ഓർത്തപ്പോൾ തിരിച്ചു പോകാതെ നിവൃത്തിയില്ല എന്ന ഘട്ടമെത്തി. കൃഷ്ണരാമന്മാരെ ഒപ്പം കൂട്ടാൻ കഴിയാത്തതിൽ അവർ വല്ലാതെ ഖേദിച്ചു.
രാമകൃഷ്ണന്മാർ നന്ദഗോപരെ നമസ്ക്കരിച്ചു. കൃഷ്ണൻ പറഞ്ഞു.
“അച്ഛാ. അങ്ങും യശോദമ്മയും ഞങ്ങൾക്ക് അച്ഛനമ്മമാർ തന്നെ. ഭക്ഷണം,സ്നാനം,വസ്ത്രം, ഔഷധം, അംഗലേപനം,എന്നിവ തന്ന് ഞങ്ങളെ വളർത്തി.സ്വന്തം സുഖസൗകര്യങ്ങൾ ഞങ്ങൾക്ക് വേണ്ടി ത്യജിച്ചു.
സ്വന്തം ശരീരത്തേക്കാൾ മക്കളുടെ ശരീരത്തെയാണ് മാതാപിതാക്കൾ സ്നേഹിക്കുന്നതെന്ന് ഞങ്ങൾ അറിഞ്ഞത് നിങ്ങളിലൂടെയാണ്. ശത്രുപീഢയാലോ മറ്റെന്തെങ്കിലും കാരണങ്ങളാലോ മക്കളെ ഉപേക്ഷിച്ചാൽ അവരെയെടുത്ത് വളർത്തുന്നവർ ജന്മം തന്ന മാതാപിതാക്കളെക്കാൾ ശ്രേഷ്ടന്മാരാണ്. കംസനിൽ നിന്നുള്ള ഭീഷണി നേരിട്ടിട്ടും നിങ്ങൾ രണ്ടു പേരും ഞങ്ങളെ കൈവിട്ടില്ലല്ലോ?
പുതിയ അച്ഛനമ്മമാരെ കിട്ടിയെന്ന് കരുതി ഞങ്ങൾ ഉപേക്ഷിച്ചെന്ന് കരുതരുതേ.നിയോഗം കഴിഞ്ഞാൽ ഞങ്ങളങ്ങോട്ടോടി വരാം. അമ്മയോടും, വൃന്ദാവനത്തിലെ കൂട്ടുകാരോടും ഞങ്ങളുടെ സ്നേഹാന്വേഷണം പറയണേ…”
കൃഷ്ണൻ, ഉഗ്രസേനരാജാവിനെ കൊണ്ടും വസുദേവരെ കൊണ്ടും നന്ദഗോപർക്കും ഗോപന്മാർക്കും വിശേഷപ്പെട്ട പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും പശുക്കളെ കറക്കാനും മറ്റും ഉപയോഗിക്കുന്ന പാത്രങ്ങളും സമ്മാനിപ്പിച്ചു.
ഗോപന്മാർ കണ്ണീരോടെയാണ് രാമകൃഷ്ണന്മാർക്ക് യാത്രാമൊഴി ചൊല്ലിയത്. കണ്ണനെ എപ്പോഴും അന്വേഷിക്കുന്ന യശോദമ്മയേയും ഗോപികമാരേയും എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നോർത്ത് അവർക്ക് കരച്ചിലടക്കാനായില്ല.
കുട്ടികളെ ഉപനയിക്കാനുള്ള കാലം വൈകി. ശുഭസ്യ ശീഘ്രം എന്ന് വിധിയുണ്ടല്ലോ? വസുദേവർ നേരം കളയാതെ ഗർഗാചാര്യരെ വിളിച്ചു വരുത്തി. കുട്ടികളുടെ ഉപനയനം ഗംഭീരമായി നടത്തി.
പിന്നീട് അവന്തി എന്ന ദേശത്തുള്ള മഹാജ്ഞാനിയായ സന്ദീപനി എന്ന ഗുരുനാഥൻ്റെ ആശ്രമത്തിൽ രാമകൃഷ്ണന്മാരെ കൊണ്ടു ചെന്നാക്കി.
ആദ്യം വേദാംഗങ്ങളും പിന്നെ നാലു വേദങ്ങളും അവർ പഠിച്ചു.പിന്നെ ഉപനിഷത്തുക്കൾ പഠിച്ചു. തുടർന്ന് ധനുർവിദ്യയും അസ്ത്രങ്ങളുടെ പ്രയോഗശാസ്ത്രവും സ്മൃതികളും പഠിച്ചു. പിന്നീട് വേദാർത്ഥങ്ങൾ നിർണ്ണയിക്കാൻ ഉതകുന്ന പൂർവ്വമീമാംസ, സാംഖ്യയോഗം മുതലായ ന്യായമാർഗ്ഗങ്ങൾ പഠിച്ചു. ഉപനിഷത്തുകളുടെ അർത്ഥം സിദ്ധാന്തിക്കുന്ന ഉത്തരമീമാംസ പഠിച്ചു.
അറുപത്തിനാല് കലകളാണ് പിന്നീടവർ പഠിച്ചത്. ഗീതം, വാദ്യം, നൃത്തം, നാട്യം, ആലേഖ്യം, തുടങ്ങി അറുപത്തിനാലു കലകൾ അത്രയും ദിവസം കൊണ്ട് പഠിച്ചു.
പാഠങ്ങൾ ഗ്രഹിക്കാനുള്ള രാമകൃഷ്ണന്മാരുടെ സാമർത്ഥ്യം കണ്ട് അവർ സാമാന്യരല്ലെന്നും സങ്കല്പാതീതമായ ബുദ്ധിശക്തിയും വൈഭവവും അവർക്കുണ്ടെന്നും ഗുരുവിന് മനസ്സിലായി.
ഏതാനും ദിവസങ്ങൾക്കുള്ളിൽ വിദ്യാഭ്യാസം പൂർത്തിയായി. അടുത്തത് ഗുരുദക്ഷിണയാണ്.
ഗുരുദക്ഷിണയായി ശിഷ്യരോട് എന്ത് ചോദിയ്ക്കണമെന്ന് ഗുരുവും ഭാര്യയും തലേ രാത്രിയിൽ ചർച്ച ചെയ്തു.
ഗുരുപത്നിക്ക് ദിനേ ദിനേ കൂടി വരുന്ന പുത്രദു:ഖം മാത്രമാണ് കൂട്ട്. ഏകപുത്രനെ കാണാതായിട്ട് മാസങ്ങൾ കഴിഞ്ഞു. ഒരു നാൾ പ്രഭാസമെന്ന പവിത്രതീർത്ഥത്തിൽ മുങ്ങിയ നേരത്താണ് മകനെ കാണാതായത്. കൈപ്പാടിൽ നിന്നും പോയ്മറഞ്ഞ മകൻ ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ല.മകനെ കണ്ടെത്താൻ ഈ അമാനുഷബാലന്മാർക്ക് കഴിയും എന്നവർക്ക് തോന്നി.
പ്രഭാതത്തിൽ രാമകൃഷ്ണന്മാർ ഭവ്യതയോടെ ഗുരുവിനോട് ചോദിച്ചു.
“ഗുരോ ഞങ്ങളെന്താണ് അങ്ങേക്ക് ദക്ഷിണയായി നല്കേണ്ടത്? സദയം പറഞ്ഞാലും”
ഗുരു പറഞ്ഞു.
“പ്രിയശിഷ്യരേ, ധനം, സ്വർണ്ണം, ഭൂമി, പശുക്കൾ, ഇവയൊന്നും എനിക്ക് വേണ്ട. ഞങ്ങളുടെ കാണാതായ ഏകപുത്രൻ എവിടെയുണ്ടെന്ന് പോലും അറിയില്ല. ഒരിക്കൽ പ്രഭാസതീർത്ഥത്തിൽ സ്നാനം ചെയ്യുമ്പോൾ, ശംഖാകൃതിയുള്ള അസുരൻ കൊണ്ടുപോയതാണ്”
രാമകൃഷ്ണന്മാർ രഥത്തിലേറി പ്രഭാസതീർത്ഥത്തിലെത്തി.
സമുദ്രാന്തർഭാഗത്താണ് പഞ്ചജനൻ്റെ വാസമെന്ന് വരുണൻ പറഞ്ഞു. അവർ കടലിൻ്റെ അടിത്തട്ടിലെത്തി. വലിയൊരു ശംഖിൻ്റെയുള്ളിൽ ഒളിച്ചിരിക്കുന്ന പഞ്ചജനനെ അവിടെ കണ്ടു.
കൃഷ്ണൻ പഞ്ചജനനെ വധിച്ച് ശംഖിനുള്ളിലെ മാംസഭാഗം മുഴുവൻ വലിച്ച് പുറത്തെടുത്തു. ഗുരുപുത്രനെ അതിൽ കണ്ടില്ല. പിന്നീട് പാഞ്ചജന്യം എന്നറിയപ്പെട്ട ആ ശംഖ് കൃഷ്ണനെടുത്തു.
യമരാജധാനിയായ സംയമനിയിൽ എത്തി കൃഷ്ണൻ പാഞ്ചജന്യം മുഴക്കി. ധർമ്മകാഹളം കേട്ടപ്പോൾ ധർമ്മരാജാവായ യമന് വരാതെ വയ്യെന്നായി. ഗുരുപുത്രൻ്റെ വിശേഷം കേട്ടപ്പോൾ ആ നിമിഷം തന്നെ യമൻ ഗുരുപുത്രനെ കൂട്ടി കൊണ്ടുവന്നു.
പ്രഭാസതീർത്ഥത്തിൽ നിന്ന് മൂവരും തേരിൽ കയറി സന്ദീപനിയുടെ ആശ്രമത്തിലെത്തി. ഗുരുവും ഗുരു പത്നിയും സന്തോഷം കൊണ്ട് തുള്ളിച്ചാടി. നഷ്ടപ്പെട്ടു എന്ന് കരുതിയ ഏകസന്താനത്തെ അവർക്ക് തിരികെ കിട്ടി. പുത്രനെ കെട്ടിപ്പിടിച്ച് അവർ രണ്ടു പേരും ആനന്ദക്കണ്ണീർ പൊഴിച്ചു.
ഒരു ഗുരുവിനെ ഇതുപോലെ സന്തോഷിപ്പിക്കാൻ ലോകത്തിൽ ഒരു ശിഷ്യനും സാധിച്ചിട്ടുണ്ടാവില്ല.
പും എന്ന് പേരായ ഒരു നരകമുണ്ട് അതിൽ നിന്നും മാതാപിതാക്കളെ രക്ഷിക്കുന്നത് കൊണ്ടാണ് മകനെ പുത്രൻ എന്ന് വിളിക്കുന്നത് തന്നെ.
(പും നാമനരകാത് ത്രായതേ ഇതി പുത്രാ:)
ഗുരുദമ്പതിമാരെ നരകത്തിൽ നിന്ന് രക്ഷിക്കാൻ ജന്മമെടുത്ത അങ്ങനെയുള്ള ഒരു പുത്രനെയാണ് രണ്ട് ശിഷ്യന്മാർ മരണത്തിൻ്റെ വക്ത്രത്തിൽ നിന്നും രക്ഷിച്ച് ഗുരുവിനെ തിരിച്ചേല്പിച്ചത്. ഇതിലും വലിയൊരു ഗുരുദക്ഷിണ ലോകത്തിൽ വേറെയുണ്ടോ?
(ചിത്രം കടപ്പാട് Google)
©✍️#SureshbabuVilayil