“ദാരിദ്ര്യമെന്തെന്നതറിഞ്ഞവർക്കേ
പാരിൽ പരക്ലേശവിവേകമുള്ളു. ”
എന്ന കുഞ്ചൻനമ്പ്യാരുടെ വരികൾ ചിന്തനീയമാണ്. പല തരം ദാരിദ്ര്യമുണ്ട്. എന്നാൽ വിശപ്പാണ് മനുഷ്യൻ്റെ അടിസ്ഥാനവികാരം.
മനുഷ്യചരിത്രം തന്നെ അന്നത്തിന് വേണ്ടിയുള്ള സഞ്ചാരത്തിൻ്റെ ഗാഥയാണ്.വിശപ്പ്,ദാഹം,ശോകം മോഹം,ജര,നര എന്നിങ്ങനെയുള്ള ഷഡൂർമികളെ കുറിച്ച് ഭാഗവതം പറയുന്നുണ്ട്. അവയിൽ വിശപ്പിന് പ്രഥമസ്ഥാനം തന്നെ നല്കി ഭാഗവതം പരിഗണിച്ചിട്ടുമുണ്ട്.
ഒരിക്കൽ ജ്യേഷ്ഠൻ ബലരാമനും ഗോപന്മാരുമൊത്ത് ശ്രീകൃഷ്ണൻ പശുക്കളേയും മേച്ചു കൊണ്ട് അശോകവനത്തിലെത്തി.
നടന്ന് ക്ഷീണിതരായ ഗോപന്മാർ രാമകൃഷ്ണന്മാരോട് ഇങ്ങനെ പറഞ്ഞു.
” രാമാ കൃഷ്ണാ നിങ്ങളിരുവരും വീരശൂരപരാക്രമികളും ശത്രുക്കളെ തുരത്തുന്നവരുമാണല്ലോ? ഒരു ശത്രു വന്ന് ഞങ്ങളെ വല്ലാതെ ദ്രോഹിക്കുന്നു. വിശപ്പെന്നാണ് അതിൻ്റെ പേര്.ഭക്ഷണം കിട്ടാതെ ഇനി ഒരടി പോലും മുന്നോട്ട് നീങ്ങാൻ ഞങ്ങൾക്ക് കഴിയില്ല.”
പുഞ്ചിരി തൂകി കൊണ്ട് കണ്ണൻ പറഞ്ഞു.
” പൊന്നുകൂട്ടുകാരേ, നിങ്ങൾ വിഷമിക്കരുത്. വഴിയുണ്ടാക്കാം. വനത്തിലൊരിടത്ത് വെളുത്ത പുക ഉയരുന്നത് നിങ്ങൾ കണ്ടില്ലേ?
സ്വർഗ്ഗപ്രാപ്തി മോഹിച്ച് കുറേ ബ്രാഹ്മണർ ആംഗിരസം എന്ന സത്രം നടത്തുന്നുണ്ടെന്ന് വഴിയിൽ വെച്ച് ഞാൻ കേട്ടു. അതാ ശ്രദ്ധിച്ചു നോക്കൂ. ബ്രഹ്മവാദികളുടെ മന്ത്രംചൊല്ലൽ കേൾക്കുന്നില്ലേ? അർത്ഥമറിഞ്ഞല്ല അവർ വേദം ചൊല്ലുന്നത്.
അവർക്ക് സ്വർഗ്ഗകാംക്ഷ ഉണ്ടായത് തന്നെ അർത്ഥമറിയാതെ വേദം പഠിച്ചത് കൊണ്ടാണ്. വാടകവീട്ടിൽ താമസിക്കുന്നവൻ്റെ ധനം തീർന്നാൽ പിടിച്ചു പുറന്തള്ളുന്നത് പോലെ മാത്രമാണ് സ്വർഗ്ഗം എന്നത് ആ കർമ്മഠന്മാർക്കറിയില്ല. വേദാർത്ഥം അറിഞ്ഞവർ കാമ്യകർമ്മങ്ങളുടെ പിന്നാലെ പോവില്ല. വേദാർത്ഥം അറിയാത്ത ബ്രാഹ്മണജാതിക്കാർക്ക് ഭക്തിയും ഉണ്ടാവില്ല.
അതൊക്കെ എന്തോ ആവട്ടെ, നിങ്ങൾക്ക് ഭക്ഷണമല്ലേ വേണ്ടത്? നിങ്ങൾ യാഗശാലയിൽ ചെന്ന് ഭക്ഷണം യാചിക്കുക. എൻ്റെയും ജ്യേഷ്ഠൻ്റേയും പേര് പറഞ്ഞു കൊള്ളുക.”
ഗോപന്മാർ കൃഷ്ണൻ പറഞ്ഞ പ്രകാരം ബ്രാഹ്മണരുടെ സമീപം ചെന്ന് കൈ കൂപ്പി വിനയത്തോടെ ദണ്ഡനമസ്ക്കാരം ചെയ്തു.
“ബ്രാഹ്മണശ്രേഷ്ഠരേ,വൃന്ദാവനത്തിലെ ഗോപകുമാരന്മാരായ ബലരാമനും ശ്രീകൃഷ്ണനുമാണ് ഞങ്ങളെ ഇങ്ങോട്ടയച്ചത്. അവരും ഞങ്ങളും വിശപ്പ് കൊണ്ട് വല്ലാതെ വലഞ്ഞു. വിശക്കുന്നവർക്ക് ഭക്ഷണം നൽകണമെന്ന ധർമ്മജ്ഞാനമുള്ള നിങ്ങൾ ഞങ്ങൾക്ക് ഭിക്ഷ തരൂ.”
എന്നാൽ ബ്രാഹ്മണരാരും അത് കേട്ട ഭാവം പോലും നടിച്ചില്ല.
യജ്ഞദീക്ഷിതരായിട്ടു പോലും അവർക്ക് അന്ത:കരണശുദ്ധിയില്ല. പരക്ലേശവിവേകം തീരെ ഇല്ലാത്ത അവർ ഭൂമിയിൽ അനുഭവിക്കുന്ന സ്ത്രീസുഖമുൾപ്പെടെയുള്ള സുഖങ്ങൾ ജരാനരകളില്ലാതെ സ്വർഗ്ഗത്തിൽ അനുഭവിക്കാം എന്ന് മോഹിച്ചു.
നിത്യാനന്ദം നല്കുന്നതല്ല സ്വർഗ്ഗം എന്ന് ആ മൂഢന്മാർക്കറിയില്ല. തുച്ഛമായ ഈഫലം കിട്ടാൻ വേണ്ടി എത്ര മാത്രം ക്ലേശങ്ങൾ അവർ അനുഭവിക്കുന്നു? മോക്ഷം നേടാനുള്ള ഭക്തിയുടെ മാർഗ്ഗം ഇവർക്കറിയില്ല.
അല്പജ്ഞരായ ഇവർ ശരീരവും ആത്മാവും ഒരു പോലെയെന്ന് തെറ്റിദ്ധരിച്ചു.ചരാചരങ്ങളിലെല്ലാം വ്യാപിച്ചിരിക്കുന്ന പരമാത്മാവ് ഏകനാണ്. ഞാൻ ബ്രാഹ്മണൻ നീ ശൂദ്രൻ എന്ന ഭേദഭാവനയിൽ പെട്ട് ഉഴലുന്നു.
ഗോപന്മാർ ഏറേ നേരം കാത്തു നിന്നിട്ടും ബ്രാഹ്മണർ മറുപടി ഒന്നും പറഞ്ഞില്ല. ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല. ഞങ്ങൾ ഭക്ഷിച്ചിട്ട് ബാക്കിയുണ്ടെങ്കിൽ തരാം എന്നും പറഞ്ഞില്ല. വിശപ്പടക്കാനാവാതെ നിരാശരായി ഗോപന്മാർ മടങ്ങി
ബ്രാഹ്മണരുടെ മര്യാദയില്ലായ്മ ബലരാമനെ പ്രകോപിപ്പിച്ചു. ആയുധമെടുത്ത് ചാടിപ്പുറപ്പെട്ട ഏട്ടനെ കൃഷ്ണൻ സമാധാനിപ്പിച്ചു.
കൃഷ്ണൻ പറഞ്ഞു.
“കൂട്ടുകാരേ,യാചകർ ഒരിക്കലും അപമാനം കൊണ്ട് പിന്മാറരുത്. നിങ്ങൾ ബ്രാഹ്മണരുടെ പത്നിമാരെ അവിടെ കണ്ടില്ലേ?അവരെ സമീപിക്കുക.അവർ അമ്മമാരാണ്. അമ്മമാർ നിങ്ങൾക്ക് ആഹാരം തരുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല.”
ഗോപന്മാർ ശ്രീകൃഷ്ണൻ്റെ നിർദ്ദേശപ്രകാരം സത്രശാലയിൽ വീണ്ടും ചെന്നു. വിപ്രപത്നിമാരുടെ മുന്നിൽ ചെന്ന് ഇങ്ങനെ പറഞ്ഞു
“അമ്മമാരേ, അല്പം അകലെയായി ബലരാമനും ശ്രീകൃഷ്ണനും ഇരിക്കുന്നുണ്ട്. ഞങ്ങൾക്കെല്ലാം വിശക്കുന്നുണ്ട്. ഭക്ഷണം തരൂ ”
കൃഷ്ണനെ കുറിച്ച് അവരെല്ലാം കേട്ടിട്ടുണ്ട്.കൃഷ്ണൻ അടുത്ത് തന്നെ ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ടവർ വീർപ്പുമുട്ടി. കൃഷ്ണനും കൂട്ടർക്കും ഭക്ഷണം കൊടുക്കാൻ കിട്ടിയ ഭാഗ്യത്തിന് ഈശ്വരനോടവർ നന്ദി പറഞ്ഞു.
നാലുവിധം വിഭവങ്ങളോട് കൂടിയ ഭക്ഷണപദാർത്ഥങ്ങൾ വെവ്വേറെ പാത്രങ്ങളിലാക്കി അവരെല്ലാം ഗോപന്മാരുടെ കൂടെ വേഗം പുറപ്പെട്ടു.
ഭർത്താക്കന്മാരും സഹോദരന്മാരും തടഞ്ഞിട്ടും അവർ വകവെച്ചില്ല. നദികൾ കടലിലെത്തും പോലെ വിപ്രപത്നിമാർ ശ്രീകൃഷ്ണൻ്റേയും ബലരാമൻ്റേയും സന്നിധിയിലെത്തി.ഭക്ഷണം സമർപ്പിച്ചു.
വനഭോജനം പോലെ ഹൃദ്യമായ ഭക്ഷണം അവരെല്ലാം പങ്കിട്ട് കഴിച്ചു.അമ്മമാർക്ക് ഭഗവാനെ കണ്ടിട്ട് കൊതി തീരുന്നില്ല. ഭർത്താക്കന്മാരെ ധിക്കരിച്ച് വന്നത് കൊണ്ട് തിരിച്ച് ചെന്നാൽ അവർ സ്വീകരിക്കുമോ എന്ന ഭയപ്പാടുമുണ്ട്.
അവർ കൃഷ്ണനോട് പറഞ്ഞു.
“ഭഗവാനേ കൃഷ്ണാ ഞങ്ങളിനി എവിടേയും പോകുന്നില്ല
.ഭഗവദ് ഭജനയുമായി ശേഷിച്ച കാലം വ്രജഭൂമിയിൽ കഴിഞ്ഞു കൊള്ളാം. അങ്ങ് ഞങ്ങളെ സ്വീകരിക്കണം.”
ഭഗവാൻ അവരെ നിർബ്ബന്ധിച്ച് ഭർത്താക്കന്മാരുടെ അടുത്തേക്ക് തന്നെ പറഞ്ഞയച്ചു. മനസ്സില്ലാമനസ്സോടെ അവർ മടങ്ങിപ്പോയി.
എന്നാൽ അവരവിടെ ചെന്നപ്പോൾ കേട്ട കഥ മറ്റൊന്നായിരുന്നു. ശ്രീകൃഷ്ണനെ കാണാൻ അവരുടെ കൂടെ പോരാൻ കഴിയാത്ത ഒരമ്മ ആ മനസ്താപം കൊണ്ട് ഹൃദയം പൊട്ടി ഭഗവാനിൽ ചേർന്ന് സദ്ഗതി പൂകിയ ചരിതം.
ഹ്രസ്വകാലത്തേക്ക് മാത്രം സുഖം നല്കുന്ന സ്വർഗ്ഗം കിട്ടാൻ വേണ്ടി യാഗാഗ്നിയിൽ ഹോമദ്രവ്യങ്ങൾ പകരുന്നതിലും ശ്രേഷ്ഠമാണ് വിശക്കുന്നവൻ്റെ ജഠരാഗ്നിയിൽ ഭക്ഷണം പകരുന്നത്.
കർമ്മകാണ്ഡത്തിൽ നെഗളിച്ച് വേദമറിയില്ലെന്ന് തങ്ങൾ ധരിച്ച പത്നിമാർ യഥാർത്ഥവഴികാട്ടികൾ ആയത് കണ്ട ബ്രാഹ്മണന്മാർ ലജ്ജയോടെ ആ സത്യം ഉൾക്കൊണ്ടു. അവരും ക്രമേണ ഭക്തിമാർഗ്ഗത്തിൻ്റെ ലളിതമായ വഴിയിൽ വന്നെത്തി.
ഹരേ കൃഷ്ണാ
(ചിത്രം കടപ്പാട് Google)
©✍️#SureshbabuVilayil