ദേവകി പ്രസവിച്ച വിവരം കംസൻ്റെ ചെവിയിലും എത്തി. അക്ഷമനായ കംസൻ തടവറയിലേക്ക് ചെന്നു. പെൺകുഞ്ഞാണതെന്ന് കണ്ട കംസൻ സ്തബ്ധനായി നിന്നു പോയി.
ദേവകി കൈകൾ കൂപ്പി യാചിച്ചു.
“ഏട്ടാ എൻ്റെ കുഞ്ഞുങ്ങൾ ആറ് പേരെയും അങ്ങ് കൊന്നു. ഇത് പെൺകുഞ്ഞാണ്. അങ്ങയുടെ പുത്രവധുവായി ഇവൾ ശോഭിക്കട്ടെ. വാർദ്ധക്യമടുത്ത ഞാനിനി പ്രസവിക്കുമോ? ഇല്ലെന്നാണ് വിശ്വാസം.ഇവളെ എനിക്ക് തരൂ.. ”
ദേവകിയുടെ മാറിൽ ചേർന്ന് കിടന്ന ആ കുഞ്ഞിനെ കംസൻ ബലമായി പിടിച്ചു വാങ്ങി. പിന്നെ ആ പിഞ്ചുകാലുകളിൽ പിടിച്ച് ഒരു കല്ലിലിടിക്കാൻ ഒരുങ്ങി.
ആ പെൺകുഞ്ഞ് കംസൻ്റെ കൈയിൽ നിന്നും കുതറിച്ചാടി ആകാശത്തേക്ക് ഉയർന്നു.
എട്ട് കൈകളിലും ആയുധം ധരിച്ച വിഷ്ണുസഹോദരി യോഗമായ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ഭയാനകമായ ദേവീരൂപം കണ്ട് കംസൻ പേടിച്ച് വിറച്ചു.
ദേവി പറഞ്ഞു.
” ഹേ, മൂഢ, നിൻ്റെ അന്തകൻ ഭൂമിയിൽ പിറന്നിട്ടുണ്ട്. ”
തൻ്റെ അന്ത്യം അടുത്തെന്ന് കംസന് തോന്നി.ദേവകിയോട് ചെയ്ത ക്രൂരതകളിൽ കുറ്റബോധം തോന്നി. കംസൻ അപ്പോൾ തന്നെ ദേവകിയേയും വാസുദേവരേയും ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു .
ദേവീദർശനം കൊണ്ട് ദുഷ്ടനും മാനസാന്തരം വരും. പക്ഷെ അത് അല്പനേരം മാത്രമേ നിലനിന്നുള്ളു. അന്തകശിശുവിൻ്റെ ഓർമ്മ മനസ്സിൽ തെളിഞ്ഞതോടെ പഴയ സ്വഭാവം തിരിച്ചുവന്നു.മൂന്ന് ദിവസം മുമ്പുണ്ടായ കുഞ്ഞുങ്ങളേയെല്ലാം കൊല്ലാൻ കംസൻ കല്പന പുറപ്പെടുവിച്ചു.
അനുചരന്മാരെ രാജ്യത്തിൻ്റെ മുക്കിലും മൂലയിലും അയച്ചു. ആ കൂട്ടത്തിൽ പെട്ട ആളായിരുന്നു പൂതന ഗോകുലത്തിലും അവളെത്തി. കണ്ണനപ്പോൾ കണ്ണും പൂട്ടി ഉറക്കം നടിച്ച് കിടക്കുകയായിരുന്നു.
പൂതന വാത്സല്യത്തോടെ കണ്ണനെ വാരിയെടുത്ത് മടിയിൽ വെച്ചു. പിന്നെ ഉത്തരീയം മാറ്റി. ആ കുഞ്ഞു മുഖം മാറോട് ചേർത്ത് അവൾ കണ്ണനെ പാലൂട്ടി. കണ്ണൻ്റെ കഥ കഴിയ്ക്കാൻ നേരത്തെ തന്നെ മുലക്കണ്ണിൽ വിഷം പുരട്ടിയിരുന്നു. എന്നാൽ കഴിഞ്ഞത് പൂതനയുടെ കഥയാണ്. പാലല്ല പൂതനയുടെ പ്രാണനാണ് കണ്ണൻ ഊറ്റിയത്.
അപരിചിതരായ സ്ത്രീകൾ പോലും കുഞ്ഞുങ്ങളെ പാലൂട്ടുന്ന ഒരു സമ്പ്രദായം അന്നത്തെ സമൂഹത്തിൽ നിലനിന്നിരുന്നു. വിശുദ്ധിയുടെ ജീവാമൃതമായ മുലപ്പാൽ വരെ വിഷം ചേർത്ത് നല്കിയ പൂതന വന്നതോടെ അത് ദുരാചാരമായി.(സൗഹൃദത്തിൻ്റെ മുഖമുദ്രയായ ഹസ്തദാനവും ആശ്ലേഷവും ഈ കോവിഡ് കാലത്ത് ദുരാചാരമായി മാറിയ പോലെ)
കുഞ്ഞുങ്ങളോട് അമിതവാത്സല്യം കാട്ടാനും പാലൂട്ടാനും ഇന്നാരും അന്യരെ അനുവദിക്കാറില്ല. ഭഗവാനെ പോലെ പൂതനയുടെ ജീവൻ കുടിക്കാനുള്ള കഴിവ് എല്ലാ മക്കൾക്കുമില്ലല്ലോ?
പൂതന മരിച്ചപ്പോൾ തൻ്റെ അന്തകൻ ഗോകുലത്തിൽ തന്നെ ഉണ്ടെന്ന് കംസന് ഉറപ്പായി. ശകടമായും, കാറ്റായും, പാമ്പായും കാളയായും, കുതിരയായും പക്ഷിയായും കംസൻ പലരേയും അയച്ചു. അവരാരും തിരിച്ചെത്തിയില്ല. കണ്ണനവരെ കാലപുരിയിലേക്കാണ് അയച്ചത്.
സത്യത്തെ സംഹരിക്കാൻ ആർക്കും കഴിയില്ല. സൂര്യനെ മേഘം മറക്കുന്ന പോലെ ചിലപ്പോൾ താല്ക്കാലികമായി സത്യത്തെ കണ്ടില്ലെന്ന് വരാം. എന്നാൽ മേഘമറ നീങ്ങുമ്പോൾ പൂർവ്വാധികം ശോഭയോടെ സത്യം പ്രഭ ചൊരിയും.
കൃഷ്ണൻ വളർന്ന ഗോകുലത്തിൽ പരിസ്ഥിതിസൗഹൃദമായ ആവാസ വ്യവസ്ഥയായിരുന്നു. ഗോപന്മാരും ഗോപികമാരും കുട്ടികളും പശുക്കളും കിടാങ്ങളുമായി സന്തോഷത്തോടെ സഹവസിച്ചു. എന്നും പശുക്കളെ മേയാൻ വിടുമ്പോൾ കൃഷ്ണനും ഏട്ടനായ ബാലരാമനും കൂടെ പോകും. കാടിൻ്റെ സ്വച്ഛതയിൽ കണ്ണൻ ഓടക്കുഴൽ വിളിക്കും.
ആ മുരളീ നാദം കേൾക്കുമ്പോൾ സർവ്വജീവജാലങ്ങളും സ്വയം മറന്ന് അതിൽ ലയിക്കും.
കണ്ണൻ്റെ മുരളി ആത്മീയാർത്ഥം തേടുന്ന സമസ്യയാണ്. ആ മുളന്തണ്ടിലെ ഒമ്പത് ദ്വാരങ്ങളിലൂടെ കണ്ണൻ 16008 രാഗങ്ങൾ വായിക്കും. ഒമ്പത് ഗോപുരദ്വാരങ്ങളുള്ള പട്ടണത്തിലെ പുരഞ്ജനനെ പോലെ ആ മുരളി നമ്മൾ ഓരോരുത്തരുമാണ്.
അകംപൊള്ളയും ശൂന്യവുമാക്കാൻ ഭഗവാൻ നമ്മോട് ആവശ്യപ്പെടുന്നു. അതിന് തയ്യാറായാൽ നമ്മിലൂടെ 16008 രാഗങ്ങൾ വായിക്കും. രാഗമാലികയിൽ സ്വയം മറന്നുള്ള ലയമാണ് മോക്ഷം.
കാട്ടിലെ ഏതോ വണ്ട് ഉള്ള് തുളച്ച് പൊള്ളയാക്കിയ മുളന്തണ്ട് കണ്ണന് കിട്ടിയപ്പോൾ അതിലെത്രയെത്ര രാഗങ്ങളുണർന്നു. നമ്മുടെ മനസ്സിലെ രാഗദ്വേഷാദികൾ കളഞ്ഞാൽ നമ്മളും പൊള്ളയും ശൂന്യവുമായിത്തീരും. പൊള്ളയും ശൂന്യവുമായ നമ്മെ ഭഗവാന് സമർപ്പിക്കുമ്പോൾ ഉറങ്ങിക്കിടക്കുന്ന 16008 പ്രഭാവങ്ങൾ (faculty) ഉണരും. 16008 എന്ന സംഖ്യ അനന്തതയെയാണ് സൂചിപ്പിക്കുന്നത്.
ആ മുരളീനാദം കേൾക്കുമ്പോൾ സർവ്വജീവജാലങ്ങളും സ്വയം മറന്ന് അതിൽ ലയിക്കും.
പശുക്കളെ മേയ്ക്കാൻ ഗോപന്മാർ കാട്ടിലെത്തിയാൽ കൊണ്ടുവന്ന വിഭവങ്ങൾ പരസ്പരം പങ്കുവെക്കും.
കാലി മേക്കാൻ പോകുമ്പോൾ കണ്ണൻ മഞ്ഞപ്പട്ടിന് മീതെയൊരു മേൽവസ്ത്രം കൂടി വയറിന് മീതെ ചുറ്റും.ഈ രണ്ട് വസ്ത്രങ്ങൾക്കുംഇടയിൽ ഓടക്കുഴൽ തിരുകി വെക്കും.ഇടത്കക്ഷത്തിൽ കാലി മേക്കുന്ന കോലും വാദ്യോപകരണമായ കൊമ്പും വെക്കും.
വനഭോജനസമയത്ത് കണ്ണൻ്റെ ഇടത്തേ കയ്യിൽ ഉപ്പേരിയും ഉപ്പിലിട്ടതും കാണും. ചോറും തൈരും കൂട്ടിക്കുഴച്ച് ഉരുട്ടുന്ന ഉരുളകൾ കണ്ണൻ പുഞ്ചിരി തൂകി കൂട്ടുകാരുടെ വായിൽ വെച്ച് കൊടുക്കും. കൂട്ടുകാരും അത് ചെയ്യുമ്പോൾ സന്തോഷത്തോടെ ഏറ്റു വാങ്ങും.
ഇത് പ്രകൃതിയിലെ ഭക്ഷ്യവിതരണം ഓർമ്മിപ്പിക്കുന്നു.മനുഷ്യന് ഭക്ഷണം നിർമ്മിക്കാനുള്ള കഴിവില്ല. സസ്യങ്ങൾ നിർമ്മിച്ച ഭക്ഷണം പാചകം ചെയ്യാനേ കഴിയൂ.
പ്രകൃതിവിഭവങ്ങൾ നമ്മൾ പരസ്പരം സ്നേഹത്തോടും ആദരവോടും കൂടി പങ്കിട്ട് കഴിക്കേണ്ടതാണ്. ഇതൊന്നും ഒരാൾക്കോ ഒരു കൂട്ടത്തിനോ മാത്രം ഭക്ഷിക്കാനുള്ളതല്ല.
പ്രകൃതിവിഭവങ്ങളുടെ വിതരണം നീതിപൂർവ്വകമല്ലാഞ്ഞാൽ നാട്ടിൽ പട്ടിണിയുണ്ടാകും.ക്ഷാമം വരും. പ്രകൃതിയുടെ താളം തെറ്റും.
ഉറിയിൽ പൂഴ്ത്തിവെച്ച പാലും തൈരും വെണ്ണയും കൂട്ടുകാർക്കും, പൂച്ചക്കും, പക്ഷികൾക്കും, കുരങ്ങനും വിതരണം ചെയ്യുന്നതും പാല് കറക്കും മുമ്പ് കുടിച്ച് മതിയാവാതെ പിടിച്ച് കെട്ടിയ കിടാങ്ങളെ കയറൂരി വിടുന്നതുമായ കണ്ണൻ്റെ ലീലകൾ പ്രതീകാത്മകമാണ്.
മൺകലമുടച്ചതിന് യശോദമ്മയെ കൊണ്ട് ഗോപസ്ത്രീകൾക്കെല്ലാം പൊൻകലം പകരം നല്കുന്നു തൻ്റെ വീട്ടിൽ മാത്രമല്ല എല്ലാ വീടുകളിലും പൊൻകലം വേണമെന്നാണ് കണ്ണൻ്റെ ഇച്ഛ.
ഗോപബാലന്മാരും കണ്ണനും ചേർന്ന ഒരു വനഭോജനരംഗം ഒരിക്കൽ ആകാശത്ത് നിന്നും ബ്രഹ്മദേവൻ വീക്ഷിച്ചു. യജ്ഞമൂർത്തിയായ സാക്ഷാൽ വിഷ്ണുഭഗവാൻ പര്യൂഷിതാന്നം ( തലേ ദിവസം പാകം ചെയ്ത ഭക്ഷണം) ഹവിസ്സുപോലെ ഏറ്റുവാങ്ങുന്നു.
യാഗത്തിന് ദേശം,കാലം, മന്ത്രം, അധികാരം,തന്ത്രം എന്നിങ്ങനെ പലതും നോക്കാനുണ്ട്. ഒന്നു പിഴച്ചാൽ കർമ്മവൈകല്യമാകും. ഈശ്വരപ്രീതിയുണ്ടാവില്ല. എന്നാൽ ഈ ഗോപന്മാർക്ക് ഇതൊന്നും ബാധകമല്ല. നിർവ്യാജമായ ആ ഭക്തി കാരണം അവർ നൽകുന്നതെല്ലാം ഭഗവാൻ സസന്തോഷം ഏറ്റു വാങ്ങുന്നു.
ബ്രഹ്മാവെന്നാൽ വിശ്വമനസ്സാണ്. മനസ്സിന് ഭേദഭാവം സഹജമാണ്. ആ മനസ്സിൽ ഭഗവാനെ പരീക്ഷിക്കാൻ ഒരു തന്ത്രം രൂപപ്പെട്ടു.
കാട്ടിൽ മേയാൻ പോയ പശുക്കളേയും കിടാങ്ങളേയും ബ്രഹ്മദേവൻ ഒളിപ്പിച്ചു. ഗോപന്മാരെ കൂട്ടാതെ കണ്ണൻ പശുക്കളേയും തിരഞ്ഞ് പോയി. അവിടെയൊന്നും കണ്ടില്ല. ബ്രഹ്മദേവൻ്റെ കുസൃതി കണ്ണന് മനസ്സിലായി.
പശുക്കളെ കാണാതെ കണ്ണൻ മടങ്ങി വന്നപ്പോൾ ഗോപന്മാരേയും കാണാനില്ല. ബ്രഹ്മാവ് അവരേയും മറച്ചു. ബാലന്മാരും പശുക്കളും കിടാങ്ങളും വീട്ടിലെത്താതെ വന്നാൽ അമ്മമാർ വ്യസനിക്കും. അമ്മമാരെ കരയിക്കരുത്.
ബ്രഹ്മാണ്ഡങ്ങളെ മുഴുവൻ നിമിഷം കൊണ്ട് സൃഷ്ടിക്കുന്ന ഏകമായ പരബ്രഹ്മത്തിൻ്റെ നിറവാണ് കണ്ണൻ. കണ്ണൻ തന്നെ സ്വയം ഗോപന്മാരും പശുക്കളുമായി രൂപം മാറി. എത്ര ഗോപന്മാരും, കിടാങ്ങളും,പശുക്കളും ഉണ്ടോ അത്രയും പേരെ പുന:സൃഷ്ടിച്ചു.
ഓരോരുത്തരുടെയും കയ്യിലെ വടി , കൊമ്പ്, ഭക്ഷണപ്പൊതി, വേഷഭൂഷകൾ എന്നിവ അതേ പോലെ രൂപപ്പെട്ടു. അവരേയെല്ലാം കൂട്ടി കണ്ണൻ ഗോകുലത്തിലേക്ക് നടന്നു.
നോക്കൂ. ഭഗവാൻ തന്നെ എല്ലാ ഗോപകുമാരന്മാരുടെ രൂപത്തിൽ വീടുകളിലും, ഗോശാലകളിൽ പശുരൂപത്തിലും സ്ഥിതി ചെയ്തു. അമ്മപ്പശുക്കൾ പരബ്രഹ്മം തന്നെയായ കിടാങ്ങളെ തിരിച്ചറിഞ്ഞ് നക്കിത്തുടച്ച് പാലൂട്ടി.
ഇതിങ്ങനെ ഒരു വർഷത്തോളം തുടർന്നു.ബ്രഹ്മാവ് വീണ്ടും വന്നു. കണ്ണനും കൂട്ടരും പഴയപോലെ ആടിത്തിമർക്കുന്നത് കണ്ട് ബ്രഹ്മാവ് അത്ഭുതപ്പെട്ടു.
ഭേദബുദ്ധി പിടിപെട്ടതിനാൽ താനും വിഷ്ണുമായയിൽ പെട്ടല്ലോ എന്ന് ബ്രഹ്മാവ് വ്യാകുലപ്പെട്ടു. ആ വിശ്വമനസ്സ് കണ്ണൻ്റെ കാല്ക്കൽ ദണ്ഡനമസ്ക്കാരം ചെയ്തു.
ഒന്നേ ഉള്ളു. അതിനെ പലതായി കാണുന്നു. വിശ്വമനസ്സിനെ വരെ മായാമോഹിതനാക്കിയ പരബ്രഹ്മം.
ബ്രഹ്മാവ് ഭഗവാനെ സ്തുതിച്ചു.
“മേഘശരീരം പേറി മിന്നൽ പിണരുപോലുള്ള പീതവസ്ത്രവും ധരിച്ച് കുന്നിക്കുരു മാലയും മയിൽപ്പീലിയും തലയിൽ ചാർത്തി തേജോമയമായ മുഖത്തോട് കൂടി വനമാലയും ചാർത്തിളങ്ങുന്ന ഗോപകുമാരന് പ്രണാമം”
(ചിത്രം കടപ്പാട് Google)
©✍️#SureshbabuVilayil
ഭാഗവതം വൈശാഖമാസത്തിൽ മാത്രം പോരാ, ദിവസേന വായിച്ചു ഭഅഗവൽ കഥകൾ മനസ്സിലാക്കണം, അപ്പോൾ നാം ഭക്തരായിത്തീരുന്നു, സന്തോഷവാന്മാരാകുന്നു, പിന്നെ നമ്മൾ നിർഭയരായി തീരുന്നു.