ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 7

സുരേഷ് ബാബു വിളയിൽ

ഭക്തിജ്ഞാനവൈരാഗ്യങ്ങളുടേയും ഇച്ഛാശക്തിയുടേയും ഉദാത്ത മാതൃകകളായി ഭാഗവതം കുറേ ഭക്തന്മാരെ വരച്ചുകാട്ടുന്നുണ്ട്. അവരിൽ അഗ്രഗണ്യയാണ് കുന്തീദേവി. സാധാരണക്കാരന് ചിന്തിക്കാൻ പോലും പ്രയാസമായ മനോനിലകളിൽ കൂടിയാണ് അവരുടെ ഭക്തി സഞ്ചരിക്കുന്നത്.

മനുഷ്യർ ജീവിതത്തിലെ നിസ്സാരപ്രശ്നങ്ങളെ പോലും പെരുപ്പിച്ച്, പകച്ച് നില്ക്കുകയും പിന്നീട് അതിനെ നേരിടാനാവാതെ ഒളിച്ചോടുകയും ചെയ്യുമ്പോൾ കുന്തിയെ പോലുള്ള ഭക്തന്മാർ തങ്ങളുടേത് മാത്രമല്ല അപരൻ്റെ ദുരിതങ്ങളെ കൂടി എളുപ്പത്തിൽ അഭിസംബോധന ചെയ്യുന്നത് കാണാം. ആപത്തുകളെ ഭയമില്ലെന്ന് മാത്രമല്ല ദുരിതത്തിൽ തളരാതെ ഭഗവാനിൽ ഇവർ സ്വയം സമർപ്പിക്കുകയും ചെയ്യുന്നു.

ദു:ഖമുണ്ടാകരരുതേ എന്ന് നമ്മളെല്ലാം പ്രാർത്ഥിക്കുമ്പോൾ, എനിക്ക് ദു:ഖം മാത്രംതരൂ എന്നാണ് കുന്തീദേവിയുടെ പ്രാർത്ഥന.

ശ്രീകൃഷ്ണൻ്റെ അച്ഛൻ വസുദേവരുടെ സഹോദരിയാണ് കുന്തി. പിതാവായ ശൂരസേനൻ മക്കളില്ലാത്ത കുന്തീഭോജന് മകളെ ദത്തായി കൊടുത്തു. അത് കാരണം ബാല്യം പോലും ഒരുമിച്ച് കഴിയാൻ കുന്തിക്കും, വസുദേവർക്കും സാധിച്ചില്ല.

ഐശ്വര്യത്തിൻ്റെ നിറവിൽ കുന്തീഭോജൻ്റെ രാജധാനിയിൽ സകലരുടേയും കണ്ണിലുണ്ണിയായി ആ പെൺകുട്ടി വളർന്നു.

സ്വന്തം മാതാപിതാക്കൾ അടിച്ചേല്പിച്ച അനാഥത്വമോർത്ത് ചിലപ്പോഴെല്ലാം ആ കുഞ്ഞുമനസ്സ് തേങ്ങി. ഏട്ടനുമൊത്ത് കുസൃതി കാട്ടിയും, വഴക്കടിച്ചും വീട്ടുമുറ്റത്ത് ഓടിക്കളിച്ച ബാല്യം ഇടക്കിടെ ഓർമ്മ വന്നു. അതോർത്ത് ഏകാന്തതയിൽ അവൾ വേപഥു പൂണ്ടു.

ഒരു നാൾ ക്ഷിപ്രകോപിയായ ദുർവാസാവ് മഹർഷിയെത്തി. അദ്ദേഹത്തെ പരിചരിക്കാനുള്ള നിയോഗം കുന്തിക്കായിരുന്നു. കുന്തിയുടെ സൗമ്യമായ പെരുമാറ്റവും പരിചരണവും കണ്ട് സന്തുഷ്ടനായ മഹർഷി, ഇഷ്ടദേവന്മാരിൽ നിന്നും പുത്രലബ്ധി നേടാനുള്ള അഞ്ച് വരങ്ങൾ നൽകി.

കൗമാരകുതൂഹലം തടുക്കാനാവാതെ സൂര്യനെ ധ്യാനിച്ച് അവളാ മന്ത്രം ഉരുവിട്ടു. തത്സമയം തേജോമയനായ സൂര്യദേവൻ പ്രത്യക്ഷനായി. സൂര്യപരിണയത്തിൽ കുന്തി ഗർഭിണിയായി. യഥാകാലം ഒരാൺകുഞ്ഞിനെ പ്രസവിച്ചു.

അപമാനഭീതി ഭയന്ന്, തോഴിമാരുടെ നിർബന്ധം മാനിച്ച്, കുഞ്ഞിനെ ഒരു പെട്ടിയിലാക്കി യമുനാനദിയുടെ ഒഴുക്കിൽ ഉപേക്ഷിച്ചു. ആരും പൊറുക്കാത്ത മാതൃത്വപ്രമാദത്തിൽ ചുട്ടുനീറിയായിരുന്നു പിന്നീടങ്ങോട്ടുള്ള കുന്തിയുടെ ജീവിതം. രാപ്പകൽ ഭേദമില്ലാതെ അവൾ ഭഗവാനെ വിളിച്ചു കരഞ്ഞു. ഒരിക്കൽ മാത്രം കണ്ട ആ കുഞ്ഞുമുഖം ഒരിക്കൽ കൂടി കണ്ടെങ്കിൽ എന്ന് പലവട്ടം ആശിച്ചു. എവിടെയായാലും മകന് നന്മ മാത്രം വരട്ടേയെന്ന് പലവട്ടം പ്രാത്ഥിച്ചു.

മക്കളില്ലാത്ത ഹസ്തിനപുരത്തെ അശ്വപതി, അതിരഥൻ പുഴയുടെ ഒഴുക്കിൽ നിന്നും ആ കുഞ്ഞിനെ രക്ഷിച്ചു. അതിരഥനും ഭാര്യ രാധയും വളർത്തിയ ആ കുഞ്ഞാണ് പിൽക്കാലത്ത് വിശ്വപ്രസിദ്ധനായ യുദ്ധവീരൻ കർണ്ണൻ.

അധികം വൈകാതെ കുന്തിയും പാണ്ഡു മഹാരാജാവിൻ്റെ പട്ടമഹിഷിയായി ഹസ്തിനപുരത്തെത്തി. പഞ്ചപാണ്ഡവന്മാരുടെ അമ്മയായി. ജനനം മുതൽ അനുഭവിച്ച അനാഥത്വം ഒരു തുടർക്കഥ പോലെ വീണ്ടും കുന്തിയെ തേടിയെത്തി.

പാണ്ഡു മരിച്ചു. പാണ്ഡുവിൻ്റെ ജ്യേഷ്ഠനായ ധൃതരാഷ്ട്രരുടെ മക്കൾക്കൊപ്പം അപമാനിതരായും അവഗണിക്കപ്പെട്ടും കഴിഞ്ഞ സ്വന്തം മക്കളെ ചേർത്തു പിടിച്ചും കണ്ണീരൊപ്പിയും,കുന്തിയമ്മയുടെ ജീവിതം മുന്നോട്ട് നീങ്ങി.

കല്ലും മുള്ളും നിറഞ്ഞ കനൽവഴികളിലൂടെ ആ സഞ്ചാരം തുടർന്നു. കള്ളച്ചൂതിൽ തോറ്റ്, ദേശാടനം ചെയ്ത് കാട്ടിലും മേട്ടിലും, കൊട്ടാരങ്ങളിലും മക്കളോടൊപ്പം മാറി മാറി ആ അമ്മ സഞ്ചരിച്ചു.

സൂര്യപുത്രനായ കർണ്ണനെ സഭയിൽ വെച്ച് സൂതപുത്രൻ എന്നാക്ഷേപിച്ചപ്പോൾ നിസ്സഹായതയോടെ അത് കേട്ട് നിന്നു. സഭയിൽ മോഹാലസ്യപ്പെട്ട് വീണു.

അംഗരാജ്യം നല്കി ആ അപമാനത്തിൽ നിന്ന് കർണ്ണനെ രക്ഷിച്ചത് ദുര്യോധനനായിരുന്നു. അതുകൊണ്ട് കർണ്ണനെന്നും കൗരവപക്ഷത്ത് തന്നെ ഉറച്ചു നിന്നു.

കർണ്ണനും തൻ്റെ മക്കളും തമ്മിൽ യുദ്ധമുറപ്പായപ്പോൾ മകൻ്റെ ജന്മരഹസ്യം ആ അമ്മക്ക് വെളിപ്പെടുത്തേണ്ടി വന്നു. അമ്മയും മകനും ഗംഗാതീരത്ത് കണ്ടുമുട്ടി. അമ്മക്കെന്നും മക്കളഞ്ച് പേരുണ്ടാവും. അർജുനനെയല്ലാതെ മറ്റാരേയും താൻ വധിക്കില്ല. അമ്മയ്ക്ക് നൽകിയ ആ വാക്ക് കർണ്ണൻ പാലിച്ചു. യുദ്ധത്തിൽ അർജുനൻ്റെ കൂരമ്പേറ്റ് കർണ്ണൻ മരിച്ചപ്പോൾ കുന്തിയമ്മയുടെ ഉള്ളം നീറി.

കൊടും വേദനയുടെ നാളുകൾ കഴിയും മുമ്പേ അഞ്ച് പേരക്കുട്ടികൾ തീയിൽ വെന്ത് മരിച്ചതറിഞ്ഞു. വൈകാതെ അശ്വത്ഥാമാവിൻ്റെ തീരാപ്പകയുടെ തീബാണമായി ഉത്തരാഗർഭം ലക്ഷ്യമാക്കി ബ്രഹ്മാസ്ത്രവുമെത്തി.

കുന്തിയമ്മ പതറിയില്ല. എല്ലാം ഭഗവാനിൽ സമർപ്പിച്ച് ഭഗവൽനാമം മാത്രം ഉച്ചരിച്ച് അവർ ഇരുന്നു. ഭഗവാൻ കൃഷ്ണൻ തന്നെയും മക്കളേയും കാത്തുരക്ഷിക്കുമെന്നവർ ദൃഢമായി വിശ്വസിച്ചു.
ആ വിശ്വാസത്തെ സഫലീകരിച്ച് കൊണ്ട് ഭഗവാനെത്തി.സുദർശനചക്രം കൊണ്ട് ഭഗവാൻ ഉത്തരയുടെ ഗർഭത്തെ രക്ഷിച്ചു.

എല്ലാം ശാന്തമായി. കൃഷ്ണൻ അച്ഛൻ പെങ്ങളുടെ കാല്ക്കൽ കുമ്പിട്ട് യാത്രാനുമതി ചോദിച്ചു. അപ്പോൾ കൃഷ്ണനെ മാറോടണച്ച് ,ആ കാല്ക്കൽ കുമ്പിട്ട്, കുന്തിയമ്മ ഇങ്ങനെ പറഞ്ഞു.
“ആദികാരണ പുരുഷനും പ്രകൃതിയെ കടന്ന് നിൽക്കുന്നവനുമായ ഭഗവാനേ.. അങ്ങേക്ക് നമസ്ക്കാരം.

സമസ്ത വസ്തുക്കളുടേയും അകവും പുറവും നിറഞ്ഞു നില്ക്കുന്ന ചൈതന്യമാണങ്ങ്. പഞ്ചേന്ദ്രിയങ്ങളെ കൊണ്ട് ആർക്കും അനുഭവിക്കാൻ കഴിയാത്ത അങ്ങേക്ക് എൻ്റെ പ്രണാമം.

ഒരു നടനെ പോലെ മായാമൂടുപടം ധരിച്ച്, പ്രപഞ്ചനാടകമാടുന്ന ഭഗവാനേ…
മൂഢയും അറിവില്ലാത്തവളുമായ ഞാൻ അങ്ങയെ എങ്ങനെയറിയാനാണ്?

പരമഹംസന്മാരായ മുനിമാർക്ക് സമാധിയിൽ മാത്രം തെളിയുന്ന പരംബോധമായ അങ്ങ് ഞങ്ങളുടെ ഇന്ദ്രിയങ്ങളിൽ അറിവായി മറഞ്ഞിരിക്കുന്നു.
കാരാഗൃഹത്തിൽ നിന്നും അമ്മയായ ദേവകിയെ മോചിപ്പിച്ച പോലെ എന്നെയും മക്കളേയും എത്ര ആപത്തുകളിൽ നിന്ന് അവിടുന്ന് മോചിപ്പിച്ചു? അത് മാത്രമല്ല. എൻ്റെ മക്കളെ പലവട്ടം അങ്ങ് മരണത്തിൽ നിന്ന് രക്ഷപ്പെടുത്തി. ആറ് മക്കളെ നഷ്ടപ്പെട്ട പെറ്റമ്മയായ ദേവകിയേക്കാൾ കൂടുതലായി അങ്ങെന്നെ പരിഗണിച്ചു.

എന്നാൽ ഭഗവാനേ….. ഞാനാകട്ടെ ആപത്തുകളെ ഇന്നും സ്നേഹിക്കുന്നു. അവയെ ഞാൻ അശേഷം ഭയപ്പെടുന്നില്ല.

വിപദ: സന്തുനശ്വത്തത്രതത്രജഗദ്ഗുരോ
ഭവതോദർശനംയത്സ്യാദ്പുനർവദർശനം
(1- 8-25)

ജഗദ്ഗുരുവായ ഭഗവാനേ.. ഞങ്ങൾക്കെത്ര വേണമെങ്കിലും ആപത്തുകൾ തന്നോളൂ… ദു:ഖം തന്നോളു .എനിക്ക് സന്തോഷമാണ്, കാരണം അപ്പോഴൊക്കെ ഞങ്ങൾക്ക് ആ ദിവ്യമായ ദർശനം കിട്ടുമല്ലോ. അത് മാത്രം മതി. വലിയ ആപത്തായ ജനനമരണചക്രത്തിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കാൻ അതൊന്ന് മാത്രം മതി.

കുലം, കുടുംബ മഹിമ, ഐശ്വര്യം, കീർത്തി എന്നെല്ലാം പറഞ്ഞ് ഞെളിയുന്നവർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഭക്തിയുടെ ആദ്യപടിയായ ഭഗവൽനാമം ഒരു വട്ടം പോലും ജപിക്കാനുള്ള അവസരം അവർക്ക് കിട്ടുന്നില്ലല്ലോ.

നമോfകിഞ്ചനവിത്തായ
നിവൃത്ത ഗുണവൃത്തയേ
ആത്മാരാമായ ശാന്തായ
കൈവല്യപതയേ നമ:
കൈവല്യപതയേ നമ:

താൻ മാത്രമായി വർത്തിക്കുന്ന അവസ്ഥയാണ് കൈവല്യം. ആനന്ദത്തിൻ്റെ പരമകാഷ്ഠയായ അഖണ്ഡബോധത്തിൻ്റെ ബ്രഹ്മാനുഭവ സ്ഥിതിയാണിത്. അതാണ് ശാന്തിയുടെ ഇരിപ്പിടം. അതാണ് ആത്മാരാമത്വം. അവിടെയാണ് ഭഗവാൻ. എല്ലാ ഭക്തരും മോഹിക്കുന്ന മോക്ഷ സ്ഥാനം.

സർവ്വത്ര സമമായി സഞ്ചരിക്കുന്ന ആദിമധ്യാന്തമില്ലാത്ത കാലം അങ്ങാണ്. സമരൂപനായ അങ്ങയെ അറിയാതെ മനുഷ്യർ പരസ്പരം കലഹിച്ചു കൊണ്ടേയിരിക്കുന്നു. മനുഷ്യരൂപം ധരിച്ച് നടനം ചെയ്യുന്ന അങ്ങയുടെ മനോഗതം അവരാരും അറിയുന്നേയില്ല.

ജനിക്കാത്തവനും മരിക്കാത്തവുമായ അങ്ങ് മൃഗമായും മനുഷ്യനായും അവതരിച്ച് കർമ്മം ചെയ്യുന്നത് മഹാമായ തന്നെ.

വായിൽ മണ്ണുണ്ടോ എന്ന് പരിശോധിച്ച അമ്മയ്ക്ക് അനന്ത കോടി ബ്രഹ്മാണ്ഡങ്ങളെ കാട്ടിക്കൊടുത്ത ആളല്ലേ അങ്ങ്. ഭയം പോലും ഭയക്കുന്ന അങ്ങ് യദുകുലത്തിൽ കൃഷ്ണനായി പിറന്നു. ആ നാമങ്ങൾ കീർത്തിക്കുന്നവർ, ജനനമരണ പ്രവാഹമാകുന്ന പുഴയെ എളുപ്പത്തിൽ മറികടക്കുന്നു.

അങ്ങല്ലാതെ ഞങ്ങൾക്ക് മറ്റാരും ശരണമില്ല. ഞങ്ങളുടെ വംശനാമങ്ങൾ വെറും നാമരൂപങ്ങൾ മാത്രം. അങ്ങില്ലെങ്കിൽ ഈ നാമരൂപങ്ങൾക്കെല്ലാം എന്ത് വില?

ഈ ധരിത്രി പവിത്രയാകുന്നത് അവിടത്തെ പാദസ്പർശം കൊണ്ട് മാത്രമാണ്. ആ കടാക്ഷവിക്ഷേപങ്ങളാലാണ് ഭൂമി ഇക്കാണുന്ന ഹരിതാഭ മുഴുവൻ വാരി ചുറ്റിയത്.

എനിക്കൊരു കാര്യം കൂടി അവിടത്തോട് പ്രാർത്ഥിക്കാനുണ്ട്. എൻ്റെ മക്കളിലും യദുക്കളിലുമുള്ള എൻ്റേതെന്നുള്ള ഈ മമതാ ഭാവം ദയവ് ചെയ്ത് വിഛേദിച്ചു തരണേ, ഭഗവാനേ…

അന്യഭാവം വെടിഞ്ഞ് പുഴ കടലിലേക്കെന്ന പോലെ എൻ്റെ മനസ്സ് അങ്ങയിൽ മാത്രം എത്തിച്ചേരാൻ വെമ്പുകയാണ്. അഖിലചരാചരഗുരുവായ അങ്ങയുടെ പാദചരണങ്ങളിൽ ഞാനിതാ വീണ്ടും വീണ്ടും വണങ്ങുന്നു.”

അർത്ഥഗർഭമായ ഈ സ്തുതി കേട്ട് ഭഗവാനൊന്നു പുഞ്ചിരിച്ചു.
©@#SureshbabuVilayil

6+

One thought on “ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 7

  1. ഭാഗവത തത്വം എത്ര വായിച്ചാലും ഭക്തർക്ക് മതിയാവുകയില്ല, കേട്ടാലും മതിയാവുകയുമില്ല,കേൾപ്പിക്കാൻ തയ്യാറായിരിക്കുന്ന അങ്ങേക്കു നമസ്കാരം.

    1+

Leave a Reply

Your email address will not be published. Required fields are marked *