ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 6

സുരേഷ് ബാബു വിളയിൽ

 

അശ്വത്ഥാമാവിനെ കൊല്ലണമെന്ന് കൃഷ്ണനും അരുതെന്ന് കൃഷ്ണയും പറഞ്ഞപ്പോൾ അർജുനൻ ഒരു നിമിഷം ഇതികർത്തവ്യതാമൂഢനായി നിന്നു പോയി. അപ്പോൾ പുഞ്ചിരി തൂകി കൊണ്ട് കൃഷ്ണൻ പറഞ്ഞു.

” അർജുനാ, നിൻ്റെ ശപഥം നിറവേറ്റൂ,എനിക്കും, ഭീമസേനനും കൃഷ്ണയ്ക്കും ഹിതമായത് ചെയ്യൂ.”

അർജുനന് കാര്യം മനസ്സില്ലായി. അശ്വത്ഥാമാവിൻ്റെ തലയിൽ ഒളിഞ്ഞിരിക്കുന്ന ദിവ്യമായ ഒരു രത്നമുണ്ട്. അതിനി അവിടെ വേണ്ട. പാർത്ഥൻ തലമുടിയോടൊപ്പം വാളുകൊണ്ട് ആ രത്നം ചൂഴ്ന്നെടുത്തു. തലമുണ്ഡനം ചെയ്യുക, സ്വത്ത് കണ്ടു കെട്ടുക, സ്ഥാനഭ്രഷ്ടനാക്കുക, പുറംതള്ളുക, നാടുകടത്തുക എന്നതൊക്കെ ഒരാളെ വധിക്കുന്നതിന് തുല്യമാണ്. പ്രാണവേദന സഹിക്കാനാവാതെ അശ്വത്ഥാമാവ് എവിടേക്കോ ഓടി മറഞ്ഞു.

ദാരിദ്യവും ,യാതനകളും നിറഞ്ഞതായിരുന്നു അശ്വത്ഥാമാവിൻ്റെ ബാല്യം. അച്ഛനായ ദ്രോണരെ സതീർത്ഥ്യനായ ദ്രുപദരാജാവ് അപമാനിച്ച കഥകൾ കേട്ടാണ് വളർന്നത്. അതോടെ പകയും പ്രതികാരവും മാത്രം മനസ്സിൽ നിറഞ്ഞു. ധർമ്മനിഷ്ഠക്ക് സ്ഥാനമില്ലാതായി. വരമായി ലഭിച്ച ചിരഞ്ജീവിത്വം എന്ന പുണ്യം അക്ഷരാർത്ഥത്തിൽ ധൂർത്തടിച്ച ശപ്തജന്മം.

ധർമ്മചിന്തയില്ലാത്തവന് ഇഹവും പരവും ശാന്തിയില്ലെന്ന് ഈ കഥ
നമ്മെ ഓർമ്മിപ്പിക്കുന്നു.

ഉണങ്ങാത്ത മുറിവുമായി പ്രാണൻ പോകുന്ന വേദനയും തിന്ന് സർവ്വരാലും വെറുക്കപ്പെട്ട് അശ്വത്ഥാമാവ് ഇന്നും ജീവിക്കുന്നു.

പാണ്ഡവന്മാർ ദ്രൗപദിയേയും കൂട്ടി മൃതപുത്രന്മാർക്ക് വേണ്ട സംസ്ക്കാരാദിക്രിയകൾ നിർവ്വഹിച്ചു.കാലാനുസൃതമായി ജീവികൾക്ക് വന്നു ചേരുന്ന ഗതിവിഗതികളെ തടയാൻ ആർക്കും കഴിയില്ലെന്ന് പറഞ്ഞ് കൃഷ്ണൻ പാണ്ഡവരെയും ദ്രൗപദിയേയും ആശ്വസിപ്പിച്ചു.

എല്ലാവരോടും യാത്ര പറഞ്ഞ് കൃഷ്ണൻ ദ്വാരകയിലേക്ക് പുറപ്പെട്ടു. അപ്പോൾ വാവിട്ട് കരഞ്ഞു കൊണ്ട് ഒരാളവിടെ യെത്തി. പടയിൽ തീപ്പെട്ട വീരനായ അഭിമന്യുവിൻ്റ പൂർണ്ണഗർഭിണിയായ പത്നി ഉത്തരയായിരുന്നു അത്.

പാഹിപാഹി മഹായോഗിൻ
ദേവദേവ ജഗത് പതേ
നാന്യം ത്വദഭയം പശ്യേ
യത്ര മൃത്യു: പരസ്പരം

” മഹായോഗിയും ദേവന്മാർക്ക് ദേവനും ലോകത്തിൻ്റെ നാഥനുമായ ശ്രീകൃഷ്ണ ഭഗവാനേ,എന്നെ രക്ഷിക്കണേ… അങ്ങയെ അല്ലാതെ അഭയസ്ഥാനമായി മറ്റൊരാളേയും ഞാൻ കാണുന്നില്ല. ഒരു തീബാണം ഇതാ എൻ്റെ ഗർഭത്തിന് നേരെ വരുന്നു. അതെന്നെ ദഹിപ്പിച്ചോട്ടെ. പക്ഷേ എൻ്റെ ഗർഭം നശിക്കരുതേ.”

ഈ ലോകം പാണ്ഡവഹീനമാക്കാൻ വേണ്ടി അശ്വത്ഥാമാവ് പ്രയോഗിച്ച ബ്രഹ്മാസ്ത്രമാണതെന്ന് കൃഷ്ണന് മനസിലായി. ബ്രഹ്മാസ്ത്രത്തിന് പ്രതിവിധിയില്ല.എന്നാൽ ബ്രഹ്മാവിനെ സൃഷ്ടിച്ച വൈഷ്ണവശക്തിക്ക് മുമ്പിൽ ബ്രഹ്മാസ്ത്രം തല കുനിച്ച് പിൻ വാങ്ങി.

സൂതൻ പറയുന്നു.

” അഹോ,ഇതാശ്ചര്യമായി ആരും കരുതേണ്ട. കാരണം ഇതിലും വലിയ ആശ്ചര്യമാണല്ലോ അജനായ അച്യുതൻ. ജനനവും മരണവും ഇല്ലാത്ത ആ ഭഗവാൻ മായാശക്തി കൊണ്ട് ഈ ജഗത്തിനെ സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നതിൽ പരം ആശ്ചര്യം മറ്റെന്തുണ്ട്.! ”

അനന്തകോടി ലോകങ്ങളുടേയും ജീവജാലങ്ങളുടേയും കാരണം ഏകനായ ആ ഭഗവാനാണെങ്കിൽ അതെങ്ങനെ ഉണ്ടായി?

” ഭഗവാൻ ഉണ്ടായതേയല്ല. ഉണ്ടായിട്ടേയില്ല. ഉണ്ടായതെല്ലാം നശിക്കും. നശിച്ചാൽ അത് ഭഗവാനല്ല. കാരണം ഭഗവാന് നാശമില്ലല്ലോ. ഭഗവാന് ജനനവും ഇല്ല,മരണവും ഇല്ല.

അത് കൊണ്ട് ജഗത്തിന് കാരണഭൂതനായ ഏകനായ ഭഗവാൻ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് പ്രസക്തിയേയില്ല.

അങ്ങനെയെങ്കിൽ ഭാഗവതത്തിൽ പരാമർശിക്കുന്ന ഭഗവാൻ ആരാണ്?

” ഭാഗവതം പറയുന്ന ഭഗവാൻ എന്നും എക്കാലവും എവിടെയുമുണ്ട്. അത് അജനും അച്യുതനുമാണ്. അവൻ ജനിച്ചിട്ടില്ല.നശിക്കാത്തവനുമാണ്. അത് ശാശ്വതവും സനാതനവുമാണ് “.

” അപ്പോൾ കാലാനുസൃതമായി ജീവികൾക്ക് വന്നു ചേരുന്ന ഗതിവിഗതികളെ മാറ്റാൻ ആർക്കും കഴിയില്ലെന്ന് കൃഷ്ണൻ നേരത്തെ പറഞ്ഞതോ?”

” അതിൻ്റെ മറ്റൊരു പേരാണ് കാലഗതി ”

കാലഗതിയെ മാറ്റാൻ ആർക്കെങ്കിലും കഴിയുമോ?

” തീർച്ചയായും കഴിയും.കാലത്തെ ഭരിക്കുന്ന ഭഗവാന് മാത്രമേ അതിന് കഴിയൂ.”

സത്യത്തെ അനുഭവവേദ്യമാക്കിയ വരെല്ലാം എവിടെയും ഏകനായ ഭഗവാനെ മാത്രമേ കണ്ടിട്ടുള്ളു.

അവർ ഉറക്കെവിളിച്ചു പറഞ്ഞു.

“അല്ലയോ സജ്ജനങ്ങളേ, ഭഗവാനോടുള്ള പരമപ്രേമഭക്തിയാണ് പ്രധാനം.ആ പാദങ്ങളിൽ അഭയം തേടുക. അത് മാത്രമാണ് കരണീയം.”

എങ്ങനെയെന്നു വെച്ചാൽ , പുഴയിലിറങ്ങി വല വീശാൻ വരുന്ന മുക്കുവനെ കണ്ട് ഭയചകിതരായി പ്രാണരക്ഷാർത്ഥം അങ്ങുമിങ്ങും നീന്തുന്ന മത്സ്യക്കുഞ്ഞുങ്ങളോട് വലിയ മത്സ്യങ്ങൾ പറയും.
“വേഗം പോയി ആ മുക്കുവൻ്റെ കാല്ക്കീഴിൽ തന്നെ അഭയം തേടിക്കൊള്ളു”
കാരണം മുക്കുവൻ്റെ കാല്ക്കീഴിലുള്ള മത്സ്യങ്ങൾക്ക് മാത്രമാണ് വലയിൽ കുടുങ്ങാതെ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലെന്ന് അമ്മമാരിൽ നിന്നും സ്വാനുഭവത്തിൽ നിന്നും അവർ പഠിച്ചിരുന്നു.

ശരണാഗതിയുടെ ഈ സൂത്രമറിയുന്ന ഭക്തജനങ്ങൾ കാലഗതിയിൽ ഒട്ടും പരിഭ്രാന്തരല്ല. അവർ ഭഗവാനെ അഭയം പ്രാപിക്കുന്നു. അതുകൊണ്ടവരുടെ മുന്നിൽ പ്രശനങ്ങളൊന്നുമില്ല.”
” ന മേ ഭക്ത: പ്രണശ്യതി “.

എൻ്റെ ഭക്തൻ ഒരു കാലത്തും നശിക്കുന്നില്ല. ഭഗവാൻ ഭഗവദ്ഗീതയിൽ നല്കിയ വാക്കാണ് സത്യം .

എല്ലാവർക്കും ശാന്തി നൽകി ദ്വാരകയിലേക്ക് പുറപ്പെട്ട കൃഷ്ണൻ പാണ്ഡവമാതാവായ കുന്തീദേവിയെ കണ്ട് വണങ്ങി യാത്രാനുമതി ചോദിച്ചു. അപ്പോൾ കുന്തീമാതാവ് പറഞ്ഞ വാക്കുകൾ ഭാഗവതത്തിലെ ഏറ്റവും മനോഹരമായ ഖണ്ഡമാണ്.

കുന്തീസ്തുതി എന്ന പേരിൽ പ്രസിദ്ധമായ ആ കരിമ്പിൻ തുണ്ടിൻ്റെ മധുരം നാളെ ആസ്വദിക്കാം.
©@#SureshbabuVilayil.

3+

Leave a Reply

Your email address will not be published. Required fields are marked *