ഭാഗവതം പറയുന്നു.
” അന്തമില്ലാത്ത ജലപ്പരപ്പിൽ ശയിക്കുന്ന ആദിനാരായണന്റെ നാഭീപത്മത്തിൽ നിന്നുയിർ കൊണ്ട ബ്രഹ്മാവ് നാലുപാടും നോക്കി. ആരെയും കണ്ടില്ല. തന്റെ ഉറവിടം എവിടെയെന്നറിയാൻ ഇരിക്കുന്ന താമരത്തണ്ടിലൂടെ നൂണ്ടിറങ്ങി. അവിടെയും ആരേയും കണ്ടില്ല. നിരാശനായി,എന്തിനാണ് ജനിച്ചതെന്നറിയാതെ ബ്രഹ്മാവ് വേപഥു പൂണ്ടു .
“തപ, തപ “എന്ന ശബ്ദത്തിന്റെ അലയടി മാത്രം ചുറ്റിനും. ആ അർത്ഥബോധനിറവിൽ ബ്രഹ്മാവ് തപം തുടങ്ങി. താൻ പുറത്ത് തിരഞ്ഞ ആ ബോധസ്വരൂപം ഉള്ളിൽ തന്നെ വിളങ്ങി നില്ക്കുന്നതറിയും വരെ, ആയിരത്തോളം വർഷം ആ തപസ്സ് നീണ്ടു.
പ്രപഞ്ചം സൂക്ഷ്മരൂപത്തിലിരി ക്കുമ്പോൾ അതിന് സ്ഥലമോ കാലമോ ഇല്ല. അനന്തമായ കാലം ചുരുണ്ടു കിടക്കുന്ന ശക്തി ആ ബിന്ദുവിൽ ബീജരൂപമായി വർത്തിക്കുന്നു.
ഇത് അനന്തശായിയായ വിഷ്ണുവെന്ന പ്രതീകം.ഇതിൻ്റെ കേന്ദ്ര ബിന്ദുവിൽ നിന്നും (നാഭിയിൽ നിന്നും) തുടങ്ങുന്ന വികാസത്തിൻ്റെ ഒരു ഘട്ടത്തിൽ നാന്മുഖനായ ബ്രഹ്മാവ് ആവിർഭവിക്കുന്നു. ബ്രഹ്മാവാണ് സൃഷ്ടി പ്രക്രിയയുടെ നാഥൻ.
പ്രപഞ്ചത്തിൻ്റെ തുടക്കം എങ്ങനെയാണ് എന്ന് ചോദിക്കുന്ന വരുണ്ട്. അത് കഴിഞ്ഞു പോയ സംഗതിയാണ്. അതിന് പിന്നാലെ പോയിട്ട് കാര്യമില്ലെന്ന് പൂർവ്വികർ മനസ്സിലാക്കി. അതിനെ കാണാൻ നമുക്കാവില്ല. പൊടിപ്പും തൊങ്ങലും വെച്ച മുത്തശ്ശിയുടെ കല്യാണക്കഥ കേട്ട കൊച്ചുമകൾ അത് ശരിയാണോ എന്നറിയാൻ തനിക്കും അത് കാണണമെന്ന് പറഞ്ഞ പോലെയാണത്.
ആദിമധ്യാന്തബിന്ദുക്കളെ കണ്ട് പിടിക്കാൻ കഴിയാത്ത ചക്രത്തെ പോലെയാണ് പ്രപഞ്ചത്തിൻ്റെ ഗതി. കാലചക്രത്തിൻ്റെ ഭ്രമണത്തിൽ കല്പങ്ങളും ചതുർയുഗങ്ങളും സൃഷ്ടിസ്ഥിതി സംഹാരങ്ങളും വീണ്ടും വീണ്ടും ആവർത്തിക്കുന്നു.
ഒരു കല്പം മുഴുവൻ സൃഷ്ടി പ്രക്രിയ നടത്തിയ ബ്രഹ്മാവ് തളരും. പിന്നീടുള്ള ഒരു കല്പം നീളുന്ന കാലം രാത്രിയാണ്. ബ്രഹ്മാവിന് ഉറങ്ങാം. രാത്രി തീരുമ്പോൾ വീണ്ടും സൃഷ്ടിക്കുള്ള സമയമായി . ബ്രഹ്മാവ് വീണ്ടും വിഷ്ണുവിൻ്റെ നാഭീപത്മത്തിൽ നിന്ന് ഉണരുന്നു .
ബോധമുണർന്നപ്പോൾ താൻ മുമ്പ് സൃഷ്ടിച്ച ലോകത്തെക്കുറിച്ച് ബ്രഹ്മാവിന് ഓർമ്മ വന്നു, നാലു പാടും തിരിഞ്ഞു നോക്കി. അവിടെയൊന്നും കണ്ടില്ല. എങ്ങും അറ്റമില്ലാത്ത ജലരാശി മാത്രം. രാത്രി കിടന്നുറങ്ങുമ്പോൾ ഉണ്ടായിരുന്ന വസ്തുക്കളൊന്നും രാവിലെ ഉണർന്നെണീറ്റ സമയത്ത് കാണാതാവുന്ന അവസ്ഥയെ കുറിച്ച് ചിന്തിച്ചു നോക്കൂ. ബ്രഹ്മാവ് അത്തരമൊരവസ്ഥയെയാണ് നേരിട്ടത്.
ജന്മവാസനകാരണമാകാം,ആദ്യം തന്റെ തന്നെ ഉറവിടം തിരയുകയാണ് ബ്രഹ്മാവ് ചെയ്തത്. ഇതിനെല്ലാം കാരണം എന്താണ്? ബ്രഹ്മ മനസ്സിൽ ആദ്യം തെളിഞ്ഞ ബോധം ഈ കാരണ ജ്ഞാനമായിരുന്നു.
ഇനി ഒരു സപ്താഹാനുഭവം പറയാം.
” ആദ്യമായി അസ്തിത്വദു:ഖം അനുഭവിച്ച ഒരാൾ ഭാഗവതത്തിലുണ്ട്. പറയാമോ അതാരാണെന്ന്?”
ഒരു സപ്താഹവേദിയിൽ നിന്നും ആരും പ്രതീക്ഷിക്കാത്ത ചോദ്യം . അത് കേട്ട് സദസ്സൊന്ന് പരുങ്ങി. ശ്രദ്ധയാകർഷിക്കാനുള്ള അദ്ധ്യാപന പാടവത്തിനുള്ള തെളിവായി ഇംഗ്ലീഷിലും ചോദ്യം ആവർത്തിക്കപ്പെട്ടു.
പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രം ആവിർഭവിച്ച Existantialism എന്ന സിദ്ധാന്തം സഹസ്രാബ്ദങ്ങൾക്ക് മുമ്പേ വ്യാസർ ഭാഗവതത്തിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്. പ്രൊഫ: എം.പി.വാസുദേവപിഷാരടിയുടെ ഭാഗവതസപ്താഹമാണ് സന്ദർഭം. പണ്ഡിതോപമമായി തന്നെ അസ്തിത്വവാദസിദ്ധാന്തം എന്തെന്ന് ചുരുങ്ങിയ വാക്കുകളിൽ ആചാര്യൻ അവതരിപ്പിച്ചു.
എന്റെ മനസ്സപ്പോൾ മേഞ്ഞു നടന്നത് ഖസാക്കിലായിരുന്നു. ഒ.വി.വിജയൻ എഴുതിയ ഖസാക്കിന്റെ ഇതിഹാസത്തിന്റെ നിരൂപണങ്ങൾ വായിച്ചപ്പോഴാണ് അസ്തിത്വദുഖം എന്ന വാക്ക് ആദ്യമായി ശ്രദ്ധയിൽ പെട്ടത്.
ആസ്ട്രോഫിസിക്സിലെ ഗവേഷണം പാതിവഴിക്ക് നിർത്തിയ രവി ആശ്രമത്തിലും പിന്നീട് പാലക്കാട്ടെ ഉൾഗ്രാമമായ ഖസാക്കിലും എത്തിപ്പെട്ടു. അച്ഛനോട് ചെയ്ത പാപബോധത്താൽ നിരന്തരം വേട്ടയാടപ്പെടുന്ന രവിക്ക് ഖസാക്കിലും പാപപങ്കിലമായ ജന്മവാസനക ളിൽ നിന്നും മോചിതനാവാൻ കഴിഞ്ഞില്ല. ശാന്തിയുടെ ശമന താളം കുറച്ചൊക്കെ കണ്ടെത്തിയപ്പോഴേക്കും പൂർവ്വകാമുകിയായ പത്മ രവിയേയും തേടിയെത്തി. രവി ഖസാക്കിനോടും വിട പറഞ്ഞു. ബസ് സ്റ്റോപ്പിൽ വെച്ച് കണ്ട സർപ്പത്തിന്റെ വായിലേക്ക് കാല് വെച്ച് കൊടുത്ത രവി ,പിന്നെ മരണത്തിന്റെ ബസ്സും കാത്ത് നീണ്ടു നിവർന്ന് കിടക്കുകയാണ്.
പെട്ടെന്നെനിക്ക് തോന്നി. ഭാഗവതത്തിൽ പരീക്ഷിത്തിനെ ദംശിച്ച അതേ പാമ്പാണോ രവിയെയും കടിച്ചത്. ആശ്രമത്തിൽ നിന്നും കൂടെ പോന്ന സഞ്ചിയിൽ ഒരു ഭാഗവതവും ഉണ്ടായിരുന്നുവല്ലോ?
ഞാനങ്ങനെ ഖസാക്കിൽ മേഞ്ഞു നടന്നപ്പോൾ പ്രൊഫസർ തന്റെ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞു തുടങ്ങിയിരുന്നു.
ബ്രഹ്മാവാണത്രെ ആദ്യമായി അസ്തിത്വദു:ഖം അനുഭവിച്ചത്. അന്തമില്ലാത്ത ജലപ്പരപ്പിൽ ശയിക്കുന്ന ആദി നാരായണന്റെ നാഭീപത്മത്തിൽ നിന്നുയിർ കൊണ്ട ബ്രഹ്മാവ് നാലുപാടും നോക്കി. ആരെയും കണ്ടില്ല. തന്റെ ഉറവിടം എവിടെയെന്നറിയാൻ താമരത്തണ്ടിലൂടെ നൂണ്ടിറങ്ങി. അവിടെയും ആരേയും കണ്ടില്ല. നിരാശനായി ,എന്തിനാണ് ജനിച്ചതെന്നറിയാതെ ബ്രഹ്മാവ് വേപഥു പൂണ്ടു .ലോകത്തിലെ ആദ്യത്തെ അസ്തിത്വദു:ഖം അതായിരുന്നു .
ദു:ഖത്തെ മാത്രം കാട്ടിത്തരുന്ന ഇതര സാഹിത്യങ്ങളിൽ നിന്നും വിഭിന്നമായി ഭാഗവതം അതിനുള്ള പരിഹാരം കൂടി നിർദ്ദേശിക്കുന്നു. ഉള്ളിൽനിന്നുംകേട്ട “തപ”എന്ന ശബ്ദത്തിന്റെ അർത്ഥബോധം ഉൾകൊണ്ട് ആയിരം വർഷം ബ്രഹ്മാവ് തപസ്സു ചെയ്തു.
സ്വാത്മാനന്ദമാകുന്ന സ്വരൂപത്തോട് കൂടി ജലശായിയും ഏകനുമായ ആദിനാരായണനെ ദർശിച്ചു. നാഭീ പത്മത്തിൽ നിന്നും ഉയിർക്കൊണ്ട തന്നേയും ബ്രഹ്മാവ് കണ്ടു. കൈകൾ കൂപ്പി ആദി ചൈതന്യ ത്തെ സ്തുതിച്ചപ്പോൾ അർത്ഥസമ്പുഷ്ടമായ ബ്രഹ്മസ്തുതിയുണ്ടായി.
തപസ്സാണ് സൃഷ്ടിക്ക് നിദാനമെന്ന സത്യം ബ്രഹ്മമനസ്സിൽ തെളിഞ്ഞു. ശരിയാണ്. ഏത് സൃഷ്ടിയുടെ പിന്നിലും കൊടുംതപസ്സിൻ്റെ പ്രയത്നവും ത്യാഗവുമുണ്ട്.
സദസ്സ് അറിയാതെ ആ വാഗ്ധോരണിക്ക് മുമ്പിൽ കൈകൂപ്പി.. കാരണം അത്രയും ഭാവനിബദ്ധമായിരുന്നു ആ വാക്കുകൾ .ഭാഗവതജ്ഞാനത്തിന്റെ പരകായപ്രവേശം തന്നെയാണ് ആചാര്യനിലൂടെ അവിടെ സംഭവിച്ചത്.
©@#Sureshbabuvilayil.