കുഷ്ഠമില്ലെനിക്കെന്തിനിത്ര പേടി തൊടാനെന്നെ – പണ്ട്
കൊറോണയില്ലെനിക്കെന്തിനിത്ര പേടി തൊടാനെന്നെ – ഇന്ന്
കളിയായി നാം കണ്ട ഈ മഹാമാരിയിന്ന്
കളി മാറി വലിയ കാര്യമായ് മാറി
കാഴ്ച വസ്തുവാക്കി മാറ്റി നമ്മുടെ ശാസ്ത്രത്തെ
കൊന്നൊടുക്കീടുന്നു ശത സഹസ്രങ്ങളെ
കനിവിന്റൊരു തരി പോലുമില്ലാതെയന്തകൻ
കണ്ണീരിൻ പേമാരി ചൊരിയിക്കുന്നു മണ്ണിൽ
കാലന്റെ നാടാം യമ പുരിയിലെന്താ നാട്ടിലെ
കടകളിൽ ആണ്ടാണ്ടിൽ നടക്കുന്ന
കർക്കിടക കിഴിവിൻ മഹാ മേള പോലെ
കോവിഡിനാലുള്ള മരണ മേളയുണ്ടോ അതോ
കാലനും തന്റനുയായികൾക്ക്
കല്പിച്ചു നൽകിയോ പ്രോത്സാഹന സമ്മാനം
കൂടുതൽ മനുഷ്യാത്മാക്കൾ
കോണ്ടുവരുന്നവർക്ക്, അതോ ചിത്രഗുപ്തന്റെ
കണക്കുകൾ പൊരുത്തപെടാത്തവിധം
കുടിശ്ശിക ബാക്കിയുണ്ടായിരുന്നോ
കിട്ടുവാൻ നരജീവിതങ്ങളീ ഭൂമിയിൽ നിന്നും
കാരണമെന്തായിരുന്നാലും ധർമ്മരാജാ
കാര്യങ്ങളിങ്ങിനെ തുടർന്നു പോയെന്നീടിൽ
കാലം കൂറച്ചു കൂടി കഴിഞ്ഞു പോയീടിൽ
കണികാണ്മാൻ പോലും കിട്ടുകില്ലങ്ങേക്കൊരു
കുഞ്ഞിന്റെ പോലും മനുഷ്യാത്മാവ്
കിട്ടില്ലൊരു പൂജാരിയേയും ഭർമൂറിലങ്ങയെ
കാലത്തും വൈകീട്ടും പൂജിച്ചീടാനായ്
കുന്തി സുതനാം യുധിഷ്ഠിര പിതാവെ
കുമ്പിട്ടു വണങ്ങുന്നു മാനുഷരൊന്നാകെ, മാനവ
കുരുതിക്കളമാക്കി മറ്റീടാതിനിയുമീ ധരിത്രിയെ
കാലങ്ങളിനിയുമിവിടെ നില നിന്നീടാൻ ഞങ്ങൾക്ക്
കർണ്ണ സഹോദരാ അനുവാദമേകണേ
ഇത്രയും കാലം ജീവിച്ചു പോന്ന പോൽ
ഇനി അങ്ങോട്ട് ജീവിച്ചീടാനാകില്ല നമുക്ക്
ഈ കൊറോണാന്തര ഫലങ്ങൾ
ഈ ലോകത്ത് നില നിന്നീടുമെന്നും
ഇനി കാലത്തെ രണ്ടായ് വിഭജിച്ചീടേണ്ടതായ് വരും
ഇതുവരെയുള്ള ബി.സി, എ.ഡി ക്കു പകരം
ഇനി മുതൽ ബി.സി * എ.സി ** ആക്കീടേണം
ഇതു ചെറിയ മാറ്റമായ് തോന്നീടുമെങ്കിലും
ഇതൊരു വലിയ മാറ്റം തന്നെയാണ് നൂനം
ഇന്നലെ വരെ ഹസ്ത ദാനത്തിലൂടാണെന്നീടിൽ
ഇന്നു മുതലിരുകൈകളും കൂപ്പി വണങ്ങി
ഇവിടെ വരുന്നവരെ സ്വാഗതം ചെയ്തീടാം
ഇനി വേണ്ട സ്നേഹാശ്ളേഷണങ്ങളുമാശീർവ്വാദങ്ങളും
ഇരു മെയ്യുകൾ തമ്മിലും ഇരുപ്പിടങ്ങൾ തമ്മിലും
ഇനി കുറഞ്ഞതൊരു കൈ ദൂരമകലം പാലിച്ചിടേണം
ഇണ ചേരലും കുഞ്ഞുങ്ങളെ പ്രസവിക്കലും
ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നിർത്തേണ്ടി വന്നേക്കാം
ഇടവഴികളിൽ റോഡുകളിൽ മറ്റു പൊതു
ഇടങ്ങളിൽ മലമൂത്ര വിസർജ്ജനവും കാർക്കിച്ചു തുപ്പലും
ഇന്ത്യൻ നിയമാനുസൃതം ശിക്ഷാർഹമായീടും
ഇനി സാനിറ്റൈസറും ലിക്വിഡ് സോപ്പും
ഇരു വള്ളികളുള്ള മുഖ മാസ്ക്കുകളും
ഇടം നേടീടും ഏതു കുടുബ ബഡ്ജറ്റുകളിലും
ഇന്ത്യൻ ഭരണഘടന തിരുത്തി എഴുതേണ്ടതായ് വരും
ഈ രാജ്യത്തെവിടേക്കുമുള്ള സ്വതന്ത്ര സഞ്ചാരങ്ങൾക്ക്
ഇത്തിരി നിയന്ത്രണം നൽകേണ്ടതായ് വരും
ഇരമ്പി പായുന്ന പൊതു വാഹനങ്ങൾ
ഇനി മുതൽ റോഡിൽ കാണ്മാൻ കഴിയുമോ
ഇരു മുചക്ര വാഹനങ്ങളിലും
ഈ നാട്ടിലെ ടാക്സി കാറുകളിലും
ഇരിക്കുന്നവരുടെ എണ്ണം കുറക്കേണ്ടതായ് വരും
ഇരുപതു പേരിലൊതുക്കീടേണം
ഇനി നാം വിവാഹ സൽക്കാരങ്ങളുമാഘോഷങ്ങളും
ഇല്ല മയ്യത്തിലുമുണ്ടാകില്ല
ഇരുപതിൽ കൂടുതലാളുകളിനി മുതൽ
ഇലഞ്ഞിത്തറ മേളത്തിലും മറ്റു പൂരാഘോഷങ്ങളിലും
ഇരുനൂറ് മുന്നൂറ് വാദ്യക്കാരുണ്ടാകില്ല
ഈരണ്ടുമൊന്നും പേർ മാത്രമായ് ചുരുങ്ങീടും, അതും
ഇൻഡോർ പൂരങ്ങളായാഘോഷിക്കേണ്ടതായ് വരും
ഇരു നില പല നില ഷോപ്പിങ്ങ് മാളുകളിൽ
ഇരു കാലികൾക്കിനിയഞ്ചിൽ കൂടുതലൊരു സമയത്ത്
ഇടം നൽകീടാനാകുകയില്ലത്രേ
ഇരുന്നു ഭക്ഷണം കഴിച്ചിരുന്ന ഹോട്ടലുകൾ
ഈ നാട്ടിലിനി ഉണ്ടായീടുമോ ആവോ
ഇവിടുത്തെ സിനമാ,നാടക സംസ്ക്കാരങ്ങൾ
ഇമ്പമാർന്ന ഓണം റംസാൻ വിഷു ക്രിസ്തുമസ്സാഘോഷങ്ങൾ
ഇനി വരും തലമുറക്കാസ്വദിക്കാനായീടുമോ
ഇന്നാട്ടിലെ വിദ്യാഭ്യാസ രീതികളിലുമപ്പാടെ
ഇത്തിരിയല്ല മാറ്റങ്ങൾ വരുത്തേണ്ടി വരിക
ഈശ്വരാരാധനാലയങ്ങളിലും
ഇനി മുതൽ ദർശന നിയന്ത്രണം വന്നീടും
ഇക്കണക്കിന് മാറ്റങ്ങൾ വന്നു പോയെന്നീടിൽ
ഇവിടമൊരു നിയന്ത്രണാത്മക രാജ്യമായ് തീർന്നീടും
ഇതു വരെയുള്ള പൗരാവകാശങ്ങൾ പലതും
ഇതിഹാസ രേഖകളിൽ മാത്രമായൊതുങ്ങീടും
ഇതുമായ് പൊരുത്തപ്പെടുവതു മാത്രമേ
ഒക്കുകയുള്ളു നമുക്കിനി
കൊറോണ ലോകമാകെ പടരുന്ന കാലം
മാനുഷർക്കെല്ലാം മാളത്തിലൊളിച്ചിടാം
തലകൾ ഇടക്കിടെ പുറത്തിടാം
കൈ കാലുകൾ സോപ്പിൽ നനച്ചിടാം
ലോകം മുഴുവൻ ഒരു പ്രാണിയാൽ
പ്രാണൻ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കവേ
തൻ പ്രാണനേക്കാൾ മറ്റു ജീവികൾക്കായ്
പ്രാണരക്ഷാർത്ഥം ഓടി നടക്കുന്നു
വായുവിലോ, ജലത്തിലോ ഇല്ലാത്തയീ ജീവി
കൈ വഴികളായ് കോശങ്ങളിലെത്താം
മണ്ണും, പൊന്നും വേണ്ടാ നമുക്കിന്നു
മാളങ്ങളിൽ ഒത്തു കൂടാമെന്നു മാത്രം.
പ്രാണനെടുക്കുന്ന പ്രാണിയായ് വന്നു നീ,
പാരിൽ പരാക്രമം കാട്ടുന്നതെന്തിന്ന്?
കാണുന്ന സ്വർഗ്ഗം ഈ ഭൂമിതന്നെയെന്ന്
പാഠം പഠിപ്പിക്കുവാൻ വന്നതാണോ?
ആപത്തുകാലത്ത് തളരാതെ,വീഴാതെ,
ഐക്യമായ് നിൽക്കുവാൻ പറയുന്നതാണോ?
ആർഭാടമില്ലാത്ത ജീവിതരീതികൾ
ആവോളം ഉണ്ടെന്നിതോർത്തിടാനോ?
സ്നേഹമാം സമ്പത്തു കാത്തുസൂക്ഷിച്ചൊരാ
പഴയതലമുറ പുനർസൃഷ്ടിക്കുവാനോ?
പ്രശ്നങ്ങളുള്ളപ്പോൾ പിന്തിരിഞ്ഞോടാതെ
മന:ശ്ശക്തി സംഭരിച്ചീടുവാനോ?
സംഹാരതാണ്ഡവമാടി നീ കേമനായ്,
ചരിത്രത്തിൽ ഒന്നാമനായ് എത്തുവാനോ?
മാർച്ച്
വെയിൽ തിമിർത്തൊരു
നിൻ്റെയീ ചില്ലയ്ക്കുള്ളിൽ
പൂവുകൾ കരിഞ്ഞതും
കൊഴിഞ്ഞുപോകുന്നതും
രാവായ രാവിൽ നിന്നും
കരഞ്ഞും നടുങ്ങിയും
ജീവൻ്റെ ഉപ്പിൽ
തൊട്ട് കണ്ണുനീരൊഴുക്കിയും
ഞാൻ കണ്ട ലോകത്തിൻ്റെ
ശിരസ്സിൽ വേരാഴ്ത്തിയ
നോവിൻ്റെ കിരീടത്തിൽ
മുള്ളുകൾ കുടഞ്ഞിട്ടും
മഞ്ഞിൻ്റെ താഴ്വാരത്തെ
കടന്നു വരും മാർച്ചിൽ
മിന്നിയ സൂര്യൻ മുന്നിൽ
പതുക്കെ പറഞ്ഞുവോ
പിന്നിലായ് നിഴൽക്കുത്ത്
തുടങ്ങിക്കഴിഞ്ഞെന്ന്!
നിർണ്ണയം തുലാസുകൾ
കമഴ്ത്തിക്കളഞ്ഞെന്ന്.
പറയൂ മാർച്ച് നീയെൻ്റെ
തെളിഞ്ഞ പ്രവാസത്തിൻ
ശിഖരത്തിലെ കിളി-
ക്കൂടുകൾ കൊഴിച്ചുവോ?
എനിയ്ക്കും മൗനം തന്നെ
മനസ്സിൻ പൂന്തോട്ടത്തിൽ
വെളുത്ത ലില്ലിപ്പൂക്കൾ
രജനീഗന്ധീഗന്ധം
കാറ്റിൻ്റെ പിയാനോയിൽ
ലോകശോകത്തിൻ സ്വരമേറ്റുന്ന
വിലാപകാവ്യങ്ങൾ തൻ
കണ്ണീർച്ചോല
പ്രപഞ്ചഗർത്തങ്ങളിൽ
വീണു പോയെന്നാകിലും
പ്രതീക്ഷയെന്നെ വിട്ടു-
പോകാതെയിരിക്കുന്നു
കരഞ്ഞും തളർന്നും നീ
കത്തുന്നു പക്ഷെ നിന്നെ
ഖനനം ചെയ്യാനായി
ഞാനിതാ കൈയേറ്റുന്നു
കനത്ത തീക്കാറ്റിൻ്റെ
ചില്ലയിൽ കനൽ നീറ്റി
പറക്കാനൊരു
ചിറകുണർത്താൻ
ശ്രമിയ്ക്കാം ഞാൻ.
പിരിഞ്ഞുപോകും മുൻപേ
സ്മൃതിയിൽ സൂക്ഷിക്കുവാൻ
നിനക്ക് തരാം ഞാനീ
ലോകത്തിൻ പ്രത്യാശയെ.
ഏപ്രിൽ
ഏപ്രിൽ നീ വന്നൂ
ട്യുലിപ് പൂവുകൾ ചൂടി
മൗനമാർദ്രമായിരിക്കുന്ന
ഭൂമിതൻ താഴ്വാരത്തിൽ,
നിരത്തിൽ, നഗരത്തിൻ
ഒഴിഞ്ഞ സൗധങ്ങളിൽ
പടർന്ന് കേറിപ്പോകും
പ്രാചീന സ്വരങ്ങളിൽ
സൂര്യനോ കനൽ തൂവി
മരിച്ച കിനാക്കൾ തൻ
രാവിനെ ചിതത്തീയിൽ
അടക്കിക്കിടത്തുന്നു
ഏപ്രിൽ നീയെന്തേ ഗൂഢ-
ഗൂഢമായിതേ പോലെ
പാട്ടുപാടുന്നു അതിൻ
സ്വരമിന്നെനിക്കന്യം
കാൽവരിക്കുന്നിൽ നിന്ന്
ഉയർപ്പിൻ ധ്യാനം ചൊല്ലി
പാതകൾ മുന്നിൽ ദു:ഖ-
വെള്ളിയെ കടന്നുപോയ്
ഋതുക്കൾ പൂമാറ്റുന്ന
കൂടകൾക്കുള്ളിൽ നിന്ന്
കണിപ്പൂവുകൾ തേടി
വിഷുവും വരുന്നുണ്ട്
വസന്തം വരേണ്ടതാം
നിൻ്റെ തേർചക്രങ്ങളിൽ
മരിച്ച കാലം കുടഞ്ഞിടുന്ന
കണ്ണിർപ്പൂക്കൾ
ഞാനുണർന്നെന്നും കണ്ട
സൂര്യനുമിതല്ലെന്ന്
താഴ്വരയിതല്ലെന്ന്
ലോകവുമിതല്ലെന്ന്
ഏപ്രിൽ നീ പറയുന്നു
അഴികൾക്കുള്ളിൽ നിൻ്റെ
യാത്രയിൽ വേനൽ മഴ
പെയ്തുപെയ്തൊഴിയുന്നു
കാത്തിരിപ്പിതേ പോലെ
എന്തിനോ വേണ്ടി
തീർഥയാത്രകൾ. മനസ്സിൻ്റെ
സമുദ്രം ഇരമ്പുന്നു
ചുറ്റിലും അദൃശ്യമായ്
നീങ്ങുന്ന ഭയാനക
നൃത്തരൂപങ്ങൾ കരി-
ക്കോലങ്ങൾ ചാവേറുകൾ
ദിക്കുകൾ തെറ്റിത്തെറ്റി
എൻ്റെ കൈയിലെ ഭൂമി
അക്ഷരങ്ങളായ് വന്ന്
തപസ്സിൽ ലയിക്കവെ
ഏപ്രിൽ, നീ മുന്നേപ്പോലെ
പ്രാണനിൽ ജ്വലിക്കുന്ന
പ്രാർഥന കൈയേറ്റുക
ലോകമേ സ്വസ്തി,
സ്വസ്തി!
ഇനിയുമുണ്ടേറെ ദൂരം താണ്ടുവാൻ
ഇനിയുമുണ്ടേറെ പടികൾ കയറീടാൻ
ഇനിയില്ല വിശ്രമമിതു മറികടക്കും വരെ
ഇനിയെത്രനാൾ ഈ യുദ്ധം മുന്നോട്ട് പോയാലും
ഇനിയൊരു പിൻവാങ്ങലസാദ്ധ്യമാണിവിടെ
ഇനിയുമൊരുക്കീടാം പുതു യുദ്ധ സന്നാഹങ്ങൾ
ഇനിയും മുഴക്കീടാം യുദ്ധ കാഹളങ്ങളും
ഇനിയും പുത്തൻ പടക്കോപ്പുകളേന്തി
ഇനിയുമുയർത്തെഴുന്നൽക്കും പടയാളികളിവിടെ
ഇനിയുമൊരു ജീവൻ ബലിയാകാതിരിക്കാൻ
ഇനിയത്തെ പ്രഭാതം പൊട്ടി വിരിഞ്ഞീടുമ്പോൾ
ഇനിയുമൊടുങ്ങാത്ത മനോവീര്യം പേറി
ഇനിയും പടചട്ടകൾ മാറിൽ വാരിയണിഞ്ഞ്
ഇനിയും വന്നീടും അഭിമന്യുകളേറേ
ഇനിയുമൊരു പത്മവ്യൂഹം തകർത്ത് മുന്നേറാൻ
ഇനിയീ ഐക്യത്തെ തകർത്തീടാനാകില്ല
ഇനിയീ യുദ്ധത്തിനന്ത്യവുമില്ല
ഇനി വിജയ കാഹളം നാം മുഴക്കീടും വരെ
ഇനിയൊരു ശത്രുവിനുമാകില്ല തടുത്തീടാൻ
ഇനി ഇന്ത്യയേന്തീടും വിജയ പതാക കൈയ്യിൽ
ഇനി നാളേകളിൽ നയിച്ചീടുവാൻ ലോകത്തെ
മാനുഷലബ്ദിക്കു വേണ്ടിയാമാനുഷർ
കൂർത്തുമിനുക്കിയ ആയുധങ്ങൾ
ഏറ്റം സഹിച്ചൊരു ഭൂമിതൻ കണ്ണീരിൽ
മാനവരാശിക്കു നിദ്രയേകാൻ
തല്ലടിച്ചങ്ങനെ കൂട്ടുന്നു സമ്പത്ത്
ജാതിമതവർണ്ണ ഭേദങ്ങൾ ഉണ്ടല്ലോ
ജാതിമതത്തിനു പേരുകൾ ഓരോന്നും
വർഗീയ വാതകം ഊതി നിറക്കുവാൻ
കൊന്നങ്ങുതിന്നവർ ഭൂമിതൻ സമ്പത്തും
കത്തിനശിപ്പിച്ചു കാനന ചേലകൾ
ഊറ്റികുടിച്ചവർ കാനന ചോലകൾ
നാശംവിതയ്ക്കുന്ന മാനുഷ ചേദികൾ
പൊട്ടി മുളക്കുന്ന രോഗങ്ങൾ സർവ്വവും
കാർന്നങ്ങു തിന്നുന്നു മാനുഷരെ
ആചാരമില്ല ആൾ ദൈവങ്ങളുമില്ല
ശാസ്ത്രം എന്നൊരാ സത്യം മാത്രം
കാലമുരുണ്ടങ്ങു പോകുന്ന വേളയിൽ
രോഗികൾ കൂടുന്നു മാനുഷരിൽ
മാനുഷർ ചെയ്തൊരാ പാപകർമ്മങ്ങളാൽ
തിരികെ ലഭിക്കുന്ന കർമ്മപിണ്ഡം
നഗ്നനേത്രങ്ങളാൽ കാണാത്ത വൈറസും
മുട്ടുമടക്കുന്നു ഊറ്റൻ രാജ്യങ്ങളും
ഞാൻ എന്ന ഭാവത്തിൽ നിൽക്കുന്ന
മാനുഷർ മാനുഷമൂല്യങ്ങൾ ഓർത്തിടേണ്ടു
ഒട്ടും നിനയ്ക്കാതെ രോഗകങ്ങളത്തുമേ
മങ്കിലം പോലതുനാശം വിതക്കുമേ
സ്നേഹത്തിൻ തത്വങ്ങൾ വീശുന്ന മാനുഷ്യർ
ഒത്തൊരുമിച്ചു അങ്ങു നീങ്ങിടേണ്ടു……….
ശുദ്ധനിശ്വാസമായ്, സംഗീതമായ്
ഇമ്പമേറും കുടുംബമായ്
നിറഞ്ഞുല്ലസിക്കും നിമിഷങ്ങൾ
നിന്നാൽ പെയ്തിറങ്ങി മനസ്സുകളിൽ
ഉമ്മറക്കിണ്ടിയിൽ നിറച്ച ജലത്തിൽ
കാൽ നനച്ച്, കൈകൾ കൂപ്പി നമസ്കാരമോതി
യശസ്സുയർത്തിയ പോയകാലത്തിൻ
സ്മരണയെ വീണ്ടുമെത്തിച്ച നറുകീടമേ !
അല്പം നന്ദിയാലതിലേറെ ജ്വലിക്കും
ക്രോധത്താൽ ഗർജ്ജിച്ചീടുന്നു….
നീ കവർന്ന ജീവനുകളുടെ ആത്മശാന്തിക്കായ്
ഇനിയും ജന്മങ്ങൾപൊലിയാതിരിക്കാൻ,
അതിജീവിച്ചീടും നിന്നെ
കൊറോണയാം കീടാണുവേ…..
നീയും ഇനിയൊരോർമ്മ മാത്രമാം !
എങ്കിലുമൊരു ശങ്ക ബാക്കിയാവുന്നല്ലോ
ഒരുമയാൽ പൊരുതിനേടുന്നൊരീ
ജയത്തിനൊടുവിൽ പണക്കൊഴുപ്പി-
ന്നഹന്തയും മതമാത്സര്യവും
തുടർകാഴ്ചയാവുമോ?
ഏതു ദുരന്തത്തിനൊടുവിലും
അറുതിയില്ലാതെ നീളുന്ന
ഈ മഹാമാരിയെ തുരത്താനിനി-
യേതു കീടാണുവിനാകും
ഇനിയും കാലമേകുന്ന പ്രഹരങ്ങളേറ്റു –
വാങ്ങാൻ ശക്തിയാർജ്ജിക്കട്ടെ മർത്യരാശി !!
To go to other pages, please click the link below.
- പ്രശസ്തരുടെ ദിനങ്ങൾ
- അഭിവന്ദ്യരുടെ അഭിരുചികൾ
- കുട്ടികളുടെ കുസൃതികൾ
- യുവതയുടെ കലാവിരുന്നുകൾ
- ചിത്ര കലാവിരുന്നുകൾ
- കോവിഡ് ദിന ഛായാഗ്രഹണം
- മാലച്ചന്തം
- കരവിരുതുകൾ
- കോവിഡ് ദിന പാഠങ്ങൾ
- കൊറോണച്ചിന്തകൾ
- കോവിഡ് കഥകൾ
നൈമിഷികം. നല്ല രചനയും ആലാപനവും. രമക്കും സൌമ്യക്കും അഭിനന്ദനങ്ങൾ
എല്ലാവരുടേയും സംഭാവനകൾ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹
ജയശ്രീ, ആലാപനം കൊള്ളാം 🌹
ഗാനങ്ങൾ, കവിതകൾ, ദൈവമേ കയ്തൊഴാം എന്നാ മനോഹരഗാനം സംസ്കൃതത്തിൽ ആലപിച്ചതും മനോഹരമായിരുന്നു, എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹