-വിജയൻ ആലങ്ങാട്
ചൊവ്വര ശാഖയുടെ മാസാന്തര യോഗം, വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എടുക്കേണ്ടതുള്ളതിനാൽ, ഓൺലൈനിൽ നടത്താൻ പറ്റുമോ എന്ന് ഇന്ന് രാവിലെ ജിഷ്ണുവിനോട് അന്വേഷിച്ചു. ഇന്ന് വൈകുന്നേരം ഒരു മീറ്റിംഗ് അങ്ങനെ വെച്ചാലോ എന്ന് ആലോചിക്കുന്നു. പക്ഷെ ഒന്നിലധികം അംഗങ്ങൾ പങ്കെടുക്കണമെങ്കിൽ Google Duo പോലത്തെ ആപ്പ് എല്ലാവരും ഇൻസ്റ്റാൾ ചെയ്യണമായിരുന്നു. അങ്ങനെ കമ്മിറ്റി അംഗങ്ങൾ എല്ലാവരും ഈ ആപ്പ്ഡൗൺലോഡ് ചെയ്യുകയും ചെയ്തു.
അതിൻപ്രകാരം ചൊവ്വര ശാഖയിലെ പന്ത്രണ്ടോളം കമ്മിറ്റി അംഗങ്ങളാണ് ഈ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. ഏകദേശം മുക്കാൽ മണിക്കൂർ എടുത്ത യോഗം സാധാരണ നടത്തുന്ന യോഗങ്ങളുടെ നടപടിക്രമങ്ങളോടെയാണ് നടത്തപ്പെട്ടത്.
സമാജത്തിന്റെ തന്നെ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ശാഖാ യോഗം ഇങ്ങനെ കൂടേണ്ടി വരുന്നത്. വളരെ അടിയന്തിരമായി കൂടേണ്ട ആവശ്യമുള്ളതുകൊണ്ടും കൂടിയാണ് ഇത്തരത്തിലുള്ള ഒരു വീഡിയോ കോൺഫറൻസ് ചേർന്നത്. സാങ്കേതികമായി ചില പ്രശ്നങ്ങൾ കാരണം എല്ലാ അംഗങ്ങളേയും ഇതിൽ പങ്കെടുപ്പിക്കാൻ സാധിക്കാത്തതിനാൽ ഭരണസമിതി അംഗങ്ങൾ മാത്രമാണ് ഇതിൽ പങ്കെടുത്തത്.
ഈ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. പ്രളയാനന്തരം എപ്രകാരമാണോ ചൊവ്വര ശാഖാ തങ്ങളുടെ അംഗങ്ങൾക്ക് ആശ്വാസമേകിയത്, അതുപോലെത്തന്നെ കോവിഡു മൂലമുണ്ടായ ഈ ദുരിതമനുഭവിച്ചവർക്കും ശാഖ തന്നാലാവുന്ന ആശ്വാസ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. അവരവരുടെ പ്രദേശങ്ങളിൽ ഇതിനെപ്പറ്റി അന്വേഷിക്കുനതിന് കമ്മിറ്റി അംഗങ്ങളെ ഏർപ്പാടാക്കിയിട്ടുമുണ്ട്.
മറ്റു ശാഖകൾക്കും ഈ പാത പിന്തുടരാവുന്നതാണ്.