ഇന്ന് മുതൽ രാജ്യത്ത് സമ്പൂർണ്ണ അടച്ചിടൽ (Lock Down) പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. കൊറോണ മഹാമാരി വ്യാപന തീവ്രത കൈവരിച്ച സാഹചര്യത്തിൽ രാജ്യ, സംസ്ഥാന സർക്കാരുകൾ എടുത്ത ഈ ഉചിത നടപടിക്ക് നമ്മളും ഐക്യദാർഢ്യം പ്രഖ്യാപിച്ചേ മതിയാകൂ.
ഉത്തമ പൗരന്മാരെന്ന നിലക്ക് നാമോരോരുത്തരും ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ നിയമപാലകരുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾക്കനുസൃതമായി വീടുകളിൽ കഴിയേണ്ടത് രോഗവ്യാപനത്തെ തടയാൻ അത്യാവശ്യമാണ്.
പല കുടുംബാംഗങ്ങളും ഉറ്റവരിൽ നിന്നുമകന്ന് ദൂരദേശങ്ങളിൽ ആയിരിക്കാം. നിങ്ങൾ എവിടെയാണോ, അവിടം നിങ്ങളുടെ വീടായി കണ്ട്, പുറത്തിറങ്ങാതെ രോഗം വിളിച്ചു വരുത്താതിരിക്കുക, വ്യാപിപ്പിക്കാതിരിക്കുക എന്നതാണ് ഇത്തരുണത്തിൽ ചെയ്യാവുന്ന ഏക മാർഗം.
അല്പ വരുമാനക്കാരായ ഭൂരിപക്ഷം ജനങ്ങളുടെ നന്മയെക്കരുതി കൂടുതൽ ജനക്ഷേമകരങ്ങളായ പ്രഖ്യാപനങ്ങൾ രാജ്യ/സംസ്ഥാന ഭരണകൂടങ്ങളിൽ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
പടച്ചോറും ഉപ്പും മുളകുമായി ജീവിച്ച ഒരു ഭൂതകാലം നമുക്കുണ്ട്. അതു കൊണ്ടു തന്നെ മിതവ്യയം വീണ്ടും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ നമുക്കാവും. ഉള്ളതു കൊണ്ട് രണ്ടു നേരം വിശപ്പടക്കി, നാളേക്ക് കൂടി ഒരു പിടി മാറ്റി വെച്ച് ജീവിക്കാൻ നാം പഠിച്ചേ തീരൂ.
സമാജവും ചിലവു ചുരുക്കൽ പ്രക്രിയയിലാണ്. അതിന്റെ ആദ്യപടിയെന്നോണം തുളസീദളം പ്രസിദ്ധീകരണം തല്ക്കാലം നിർത്തിവെക്കാൻ നാം നിർബന്ധിതരായിരിക്കയാണ്. പ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ തന്നെ, രാജ്യത്തെ അവശ്യവസ്തു/സേവനങ്ങളൊഴികെയുള്ള എല്ലാ പ്രവൃത്തികളും നിർത്തി വെച്ച സാഹചര്യത്തിൽ നമുക്ക് മുമ്പിൽ മറ്റു പോംവഴികൾ ഇല്ല താനും.
ഗുരുവായൂർ ഗസ്റ്റ് ഹൗസ് സർക്കാർ നിർദ്ദേശം ലഭിക്കുന്ന വരെ തുറക്കാൻ കഴിയില്ല എന്ന കാര്യവും അറിയിക്കുന്നു.
സമാജം വാർത്തകൾ നിങ്ങളുടെ പക്കലേക്കെത്തിക്കാൻ ഇന്ന് നമുക്ക് വെബ്സൈറ്റ് എന്ന മാദ്ധ്യമം ഉണ്ട്. അതിലൂടെ നാം നിങ്ങളോട് നിരന്തരം സമ്പർക്കം പുലർത്തുന്നതായിരിക്കും.
എത്രയും വേഗം ഈ മഹാമാരി കെട്ടടങ്ങട്ടേയെന്നും, പുതിയ നന്മ നിറഞ്ഞ ഒരു ലോകക്രമം ഉണ്ടാവട്ടെയെന്നും നമുക്ക് പ്രാർത്ഥിക്കാം.
ഏവർക്കും നന്മകൾ നേരുന്നു.
എന്ന്,
എ രാമചന്ദ്ര പിഷാരോടി
പ്രസിഡണ്ട്, പിഷരോടി സമാജം
കെ പി ഹരികൃഷ്ണൻ
ജന. സെക്രട്ടറി, പിഷരോടി സമാജം.
Good initiative.
It’s the need of the hour
ഈ സാഹചര്യത്തിൽ ഉചിതമായ തീരുമാനം. ഭാവിയിൽ നമുക്ക് ഇ ദളത്തിലേക്ക് വേണമെങ്കിൽ മാറാം. ഇത് മൂലം ദളത്തിനുണ്ടാകുന്ന നഷ്ടം ഒഴിവാക്കാം.
ലോകാ സമസ്താ സുഖിനോ ഭവന്തു
പ്രതിസന്ധി ഘട്ടമാണ്. ത ര ണം ചെയ്തേ മതിയാവൂ. Stay at home Stay safe.