Rema Pisharody, Bangalore
Published in Metrovartha on 24th Mar 2020
ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള കൊറോണ വാർത്തകൾ അറിഞ്ഞിരുന്നുവെങ്കിലും മാർച്ച് 3-4 തീയതികളിൽ ഞങ്ങൾക്ക് ഒരു ടെക്ക് പാർക്ക് ഈവൻ്റ് ഉണ്ടായിരുന്നു. മാർച്ച് ആറിന് എംബസി ഗ്രൂപ്പ് അവരുടെ ടെക്ക് പാർക്കിൽ നിയന്ത്രണങ്ങളേർപ്പെടുത്തി തുടങ്ങിയിരുന്നു. മാർച്ച് നാലിന് ഹെബ്ബാലിൽ നാഗവാരയ്ക്കരികിലുള്ള ഒരു ടെക്ക് പാർക്കിലെ ഞങ്ങളുടെ ഈവൻ്റ് ക്യാൻസലായി എന്നറിയാനായി. ഞങ്ങൾ അന്ന് മഹാദേവപുരയിലെ വേറൊരു ഈവൻ്റ് ബുക്ക് ചെയ്തിരുന്നു. അത് പ്രശ്നങ്ങളൊന്നുമില്ലാതെ കടന്ന് പോയി. പിന്നീട് ഒരോരോ ഈവൻ്റും ക്യാൻസലായി. വിദേശത്ത് നിന്നെത്തിയ ഒരു ടെക്ക് പാർക്ക് എംബ്ളോയിയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. ബാംഗ്ളൂരിലെ ആദ്യത്തെ കേസ്. അതോടെ എല്ലാ ടെക്ക് പാർക്കുകളും അടച്ചു. അവിടെ ജോലി ചെയ്യുന്നവരെല്ലാം വീട്ടിലിരുന്ന് ജോലി ചെയ്യാനാരംഭിച്ചു.
ആദ്യത്തെ കേസ് സ്ഥിരീകരിച്ചെങ്കിലും നഗരജീവിതം അതേ പോലെ തന്നെ മുന്നോട്ട് പോയി. അന്താരാഷ്ട്രതലത്തിൽ വൈറസ് പടർന്നുകൊണ്ടിരുന്നു. കേരളത്തിലെ വൈറസ് പ്രതിരോധം കൗതുകത്തോടെ ഞങ്ങൾ കണ്ട് കൊണ്ടിരുന്നു. വ്യൂഹാനിൽ നിന്നെത്തിയ വിദ്യാർഥി രക്ഷപ്പെടണേ എന്ന് ആത്മാർഥമായി പ്രാർഥിച്ചുകൊണ്ടിരുന്നു.
കൊറോണയുടെ ഭീതിയുണ്ടായിരുന്നെങ്കിലും ഞാൻ പോസ്റ്റ് ഓഫിസിൽ പോകുകയും ചില കവിതാപുസ്തകങ്ങൾ പോസ്റ്റ് ചെയ്യുകയും ഒരു കഥാമൽസരത്തിന് കഥ അയയ്ക്കുകയും ചെയ്തു. തിരക്കുള്ള വീഥിയിലൂടെ നടക്കുകയും കോത്താസ് കോഫിയുടെ തിരക്കേറിയ ഔട്ട്ലെറ്റിൽ പോയി കാപ്പി കുടിക്കുകയും ചെയ്തു. ഭീതി എന്നൊരു ഭാവം അന്നും മനസ്സിലുണ്ടായിരുന്നില്ല.
ബാംഗ്ളൂർ നഗരം മാർച്ച് ഇരുപത്തഞ്ചാം തീയതിയിലെ യുഗാദിയെ (പുതുവർഷം) വരവേൽക്കാനുള്ള തിരക്കിലായിരുന്നു. ഞങ്ങളുടെ ഹോളി ഈവൻ്റുകൾ കഴിഞ്ഞ് യുഗാദിയുടെ പുത്തൻ കാലത്തിലേയ്ക്ക് കടക്കാനൊരുങ്ങുകയായിരുന്നു. വേനൽ മഴയ്ക്ക് മുൻപുള്ള നഗരം. ശീതകാലത്തിൽ നിന്ന് വസന്തത്തിലേയ്ക്കും ഗ്രീഷ്മത്തിലേയ്ക്കും സഞ്ചരിക്കാനൊരുങ്ങുന്ന ഭൂമിയുടെ ഋതുഭ്രമണത്തിൻ്റെ അടയാളങ്ങളിൽ തിളങ്ങി നിന്നു. തിരക്കും തിക്കും നിറഞ്ഞ വീഥിയിലൂടെ സഞ്ചരിക്കുമ്പോൾ കൊറോണ എന്ന ചെറിയ ഒരു പരാന്നഭോജി എന്തൊക്കെയാണ് ലോകത്തിൽ കാട്ടിക്കൂട്ടുന്നത് എന്നൊരു വിചാരവും മനസ്സിലുണ്ടായി..
ക്വാറൻ്റെയിൻ, ഐസൊലേഷൻ, ഹൗസ് അറസ്റ്റ് ഇങ്ങനെയുള്ള വാക്കുകൾ ജനങ്ങളെ ചുറ്റിയോടി. നാല്പത് രൂപയ്ക്ക് കിട്ടിയിരുന്ന സാനിട്ടറെസറിന് നൂറ്റിഅമ്പത് രൂപവരെയത്തി.
സൗദി അറേബ്യയിൽ നിന്ന് വന്നൊരു വയോധികൻ കൊറോണ മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചപ്പോഴും ഭയത്തിൻ്റെ സംഭ്രമങ്ങൾ നഗരത്തിനുണ്ടായില്ല. പിന്നീട് ഭീതിപടർത്തുന്ന മെസേജുകൾ സോഷ്യൽ മീഡിയയിൽ സഞ്ചരിക്കാനാരംഭിച്ചു. ഇറ്റലിയിൽ നിന്നെത്തിയവരുടെ കഥകൾ, ക്വാറൻ്റെയിനിൽ നിന്നൊളിച്ചോടിപ്പോയവരുടെ കഥകൾ. വിദേശത്ത് നിന്നെത്തുവർ കൊറോണയും കൊണ്ടു വരുന്നു. എന്ന വാർത്തകൾ, ലോകാവസാനമെന്ന പോൽ ഭീതിയുളവാക്കുന്ന വാട്ട്സ് അപ് മെസേജുകൾ ഇവയെല്ലാം മനസ്സിൽ സംശയത്തിൻ്റെ നൂൽവലകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.
ഓരോ വാർത്തയും നിരുത്സാഹപ്പെടുത്തിയ കൊറോണ ദിനങ്ങളിലും ഓരൊരോ ആവശ്യങ്ങൾക്കായി നഗരത്തിലൂടെ സഞ്ചരിക്കേണ്ടി വന്നു. ഇവിടെയുള്ളവർക്ക് ഭീതിയോ ആകാംഷയോ ഒന്നും കാണാനായില്ല. ഇങ്ങനെയൊരു വൈറസ് ഇവിടെയെങ്ങുമില്ല എന്ന പോലെ സാധാരണ ജനങ്ങൾ റോഡിലൂടെ നടന്ന് നീങ്ങുന്നുണ്ടായിരുന്നു. മെട്രോകളിലും ബസുകളിലും യാത്രക്കാരുണ്ടായിരുന്നു.
വഴിയോരത്തെ ചെറിയ കടകളിൽ നിന്ന് പഴങ്ങൾ മുറിച്ച് വച്ചത് കൂളായി കഴിച്ചുകൊണ്ട് നീങ്ങുന്ന യുവതീയുവാക്കൾ. ബാംഗ്ളൂരിലെ ഫേമസ് മിൽക്ക് ഷേക്കാണെന്നവകാശപ്പെട്ട് തുറക്കുകയും അടയ്ക്കുയും ചെയ്യുന്ന ബക്കറ്റുകളിൽ മിൽക്ക് ഷേക്ക് ഉന്തുവണ്ടിയിൽ വിൽപ്പനനടത്തുന്നയാളുടെ കൈയിൽ നിന്ന് അതും വാങ്ങി കുടിച്ച് നീങ്ങന്ന നഗരവാസികൾ.. കടകളുടെ അരികിലിരുന്നും നിന്നും ഐസ്ക്രീമും ജ്യൂസും വാങ്ങി ഒരു ഭയവുമില്ലാതെ നുകരുന്നവർ. വഴിയിലെ പോപ്പ് കോണും, മോമോസും, പാനിപ്പുരിയും, മുളകും ഉപ്പും തൂവിയ പച്ചമാങ്ങാപ്പൂളും, പേരയ്ക്കയും ആസ്വദിച്ച് കഴിക്കുന്നവർ . ഒരു വൈറസിനെയും പേടിയില്ലാത്തവർ.
മൂന്ന് ദിവസത്തിനകം ഭയപ്പെടുത്തുന്ന സന്ദേശങ്ങളെ മുഖവിലയ്ക്കെടുത്താവണം ഗവണ്മെൻ്റ് സ്ക്കൂളുകളടയ്ക്കുന്നു, മാളുകളടയ്ക്കുന്നു, സിനിമാശാലകളടയ്ക്കുന്നു. എല്ലാം ശരിയാകുമെന്ന വിശ്വാസവുമായി ഒരാഴ്ച്ചയോളം ഞങ്ങളൊക്കെ വീട്ടിലിരിക്കുന്നു. അമേരിക്ക വാക്സിൻ കണ്ടുപിടിച്ചെന്നും, ജപ്പാനിലെ പനിമരുന്ന് കൊറോണ തടുക്കുമെന്നൊക്കെ വാർത്തയിൽ നിന്നറിയുന്നു
ഇറ്റലിയിലും, ഇറാനിലും, സ്പെയിനിലും മരണസംഖ്യ ഉയരുന്നു. ഇറ്റലിയിൽ മരിച്ചവരുടെ ശവശരീരങ്ങളുമായി നീങ്ങുന്ന ട്രക്കുകളുടെ ദു:ഖകരമായ ചിത്രവും വാർത്തയും ഒരു സുഹൃത്ത് ഷെയർ ചെയ്യുന്നു.
അതിനിടയിൽ ഇവിടെ ഭക്ഷണത്തിന് കുറവുണ്ടാകാതിരിക്കാൻ എല്ലാവരും ഒരു മാസത്തേയ്ക്കുള്ള അത്യാവശ്യസാധങ്ങൾ വാങ്ങുന്ന തിരക്കിലാണ്. ഒരു മാസത്തേയ്ക്ക് കടകൾ തുറക്കില്ലെന്നൊരു വാർത്ത പ്രചരിക്കുന്നുണ്ട്. ഞങ്ങൾക്കും ആവശ്യങ്ങളുണ്ട്.
ഇന്ന് (20/03/2020) നാലുമണിയോടെ നഗരത്തിൽ ആകാശം മൂടിക്കെട്ടി.. ഞങ്ങളുടെ ലേ ഔട്ടിൽ കാതടിപ്പിക്കുന്ന ഇടിമുഴക്കമുണ്ടായി. പിന്നീട് മഴയും.. തീവെയിൽക്കാലത്തെ മഴ കൊറോണയ്ക്ക് കൂട്ടായി വന്നിരിക്കുന്നു. മഴയുടെ നനവ് ഇപ്പോൾ ഭീതിയുണ്ടാക്കുന്നു.
വിണ്ടും നഗരത്തിലേയ്ക്കിറങ്ങി, അകലം സൂക്ഷിക്കുക എന്ന സുരക്ഷാവാക്യം ആരും പാലിക്കുന്നില്ല. ടെക്ക് പാർക്കുകളും വിദ്യാലയങ്ങളും അടച്ചിട്ടിരിക്കുന്നതിനാൽ അത്ര തിരക്കില്ല എങ്കിലും വഴികളിൽ, ജനങ്ങൾ ഭയലേശമന്യേ നീങ്ങുന്നു. ആദ്യ രണ്ട് ദിവസങ്ങളിൽ കണ്ടത്രത്രയും മാസ്ക്ക് ധാരികളെ ഇപ്പോൾ കാണുനില്ല
ആളുകൾ ഒരകലവും പാലിക്കാതെ പലയിടങ്ങളിലൂടെയും നടന്നും, കാറിലും, ബൈക്കിലും, ബസിലും യാത്ര ചെയ്യുന്നുണ്ട്. കോട്ടക്കൽ ആര്യവൈദ്യശാലയുടെ ബ്രാഞ്ചിൽ മാത്രമാണ് ഒരോരുത്തരെയായി അകത്തേയ്ക്ക് വിട്ടത്. അവിടെ മാത്രമാണ് നിശ്ചിതഅകലം എന്ന നിബന്ധന പാലിച്ചതായി കണ്ടത്.കൊറോണയ്ക്ക് മരുന്നുണ്ടോ ആയുർവേദത്തിൽ എന്ന് ചോദിച്ചപ്പോൾ ഇത് വരെയും കണ്ടു പിടിച്ചിട്ടില്ല എന്ന മറുപടി കിട്ടി.
പല കടകളിലെയും കൗണ്ടറീലിരിക്കുന്നവർ മാസ്ക് ധരിച്ചിരുന്നില്ല. പച്ചക്കറിയും, പഴവും വിൽക്കുന്നിടത്ത് ഒരു സുരക്ഷാസംഗതികളുമില്ല. ആളുകൾ അവർക്കിഷ്ടമുള്ളത് ഒരകലവും പാലിക്കാതെ വാങ്ങുന്നു. തിക്കിത്തിരക്കി കൗണ്ടറിലെത്തുന്നു. പണം കൊടുക്കുന്നു തിരികെപ്പോകുന്നു. ചെറിയ ഹോട്ടലുകളിൽ ജനക്കൂട്ടമുണ്ട്, ഒരു സുരക്ഷാബോധവും അവരിൽ കാണാനായില്ല. നിരത്തിൽ ധാരാളം വാഹനങ്ങളോടുന്നു.. വോൾവേയിൽ ആദ്യരണ്ട് ദിവസം കണ്ട ഹോസ്പിറ്റൽ ഫീൽ ഇല്ല. മാസ്ക്ക് ധരിച്ചവർ ചുരുക്കം ചിലർ മാത്രം.
പരിഭ്രാന്തിയുടെ ഭയപ്പെടുത്തുന്ന സന്ദേശങ്ങൾ ദിനേനേ വന്നുകൊണ്ടിരിക്കുമ്പോഴും ഒരു ഭയവുമില്ലാതെ നഗരജീവിതം നീങ്ങുന്നു. ഇത് കാണുമ്പോൾ സ്ക്കൂളും, കോളേജും, മാളുകളും അടഞ്ഞു കിടക്കുന്നു എന്നതൊരാശാസമാണ്.
ദുരന്തകാലത്തിലേയ്ക്ക് പകർച്ചവ്യാധിയെന്ന ലേബലോടെ കൊറോണ നഗരത്തെ കൈയടക്കാതിരിക്കട്ടെ എന്ന പ്രാർഥനയോടെ ഒരു കൊറോണക്കാലക്കാഴ്ച്ചകൾ കണ്ട് ഇനിയെന്ത് എന്നാലോച്ചിച്ചിരിക്കുകയാണ്.
എഴുതാൻ സമയമാവശ്യമുള്ളതിനാൽ കണ്ടു പിടിച്ച ഫ്രീലാൻസിംഗ് ജോലി ഈവെൻ്റുകളെല്ലാം ക്യാൻസലായതിനാൽ കൊറോണയിൽ തട്ടിയുടക്കിക്കിടപ്പാണ്… യുഗാദിക്കായി വാങ്ങിക്കൂട്ടിയ ഹാൻഡ് ലൂം സ്റ്റോക്ക് അല്പം ആശങ്കയുമുണ്ടാക്കുന്നുണ്ട് . എല്ലാം ശരിയാകുമെന്ന വിശ്വാസവുമായി ചിന്താവിഷ്ടയായി ഒരു കൊറോണക്കാലം കണ്ടുകൊണ്ടിരിക്കുകയാണ്.