ഒരു ജന്മത്തിന്റെ മുഴുവൻ നന്മകളുമായി ഒരാൾ

പാലൂർ വടക്കേപിഷാരത്ത് ജയരാമൻ ഞങ്ങളുടെ സഹപാഠിയാണ്.

വളരെ ചെറുപ്പത്തിൽ തന്നെ പോളിയോ വന്ന് തളർന്ന് പോയ കാലുകൾ തളർത്താത്ത മനസ്സുമായാണ് ഞങ്ങൾക്കൊപ്പം അവന്റെ ബാല്യവും കടന്നു വന്നത്. ആ തളർന്ന കാലിൽ കൈബലം കൊടുത്ത് അവൻ ഞങ്ങളിൽ ഒരാളായി കൂടെ നടന്നു. സ്കൂളിലേക്ക് ഉത്സവ പറമ്പുകളിലേക്ക്, കിലോമീറ്ററുകൾ അപ്പുറമുള്ള സിനിമാ തിയേറ്ററുകളിലേക്ക് .മാറ്റിനിക്കും ഒന്നാം കളിക്കും രണ്ടാം കളിക്കും ഒരടി പോലും പിന്നിലാകാതെ.

വയ്യാത്ത കുട്ടി എന്ന പരിഗണന അവന് വേണ്ടിയിരുന്നില്ല. വിവരം കൊണ്ടോ വിവരക്കേട് കൊണ്ടോ ആരും നൽകിയിരുന്നതുമില്ല. അനാവശ്യമായ സഹതാപത്തിന്റെ നോട്ടം ഏൽക്കാതെ ഒരു പക്ഷേ ആ കാലത്തിന്റെ പ്രത്യേകത കൂടി ഉൾക്കൊണ്ട് വളർന്നതുകൊണ്ട് കൂടിയായിരിക്കണം അവന് തന്റെ ശരീരാവസ്ഥയിൽ യാതോരു വിഷമവും ഉള്ളതായി ഞങ്ങൾക്കാർക്കും തോന്നുകയോ അനുഭവപ്പെടുകയോ ചെയ്തിരുന്നതുമില്ല.

ബാല്യത്തിന്റെ വികൃതികൾക്കും കൗമാരത്തിന്റെ നിർദ്ദോഷമായ കുരുത്തക്കേടുകൾക്കും എന്നും ഒരു പണത്തൂക്കം മുന്നിൽ തന്നെയായിരുന്നു ജയൻ എന്ന് ഞങ്ങൾ വിളിക്കുന്ന ഞങ്ങളുടെ ജയരാമൻ. ആരാന്റെ മാവിന് കല്ലെറിയുമ്പോൾ എന്നും ഉന്നം തെറ്റാതെ കുതിച്ച കല്ലുകളിൽ അവനെറിഞ്ഞവയും ഉണ്ടായിരുന്നു.

അമ്മ, അമ്മമ്മ സഹോദരിമാർ തന്റെ സൗഹൃദങ്ങൾ അവർക്കു വേണ്ടി ജീവിക്കുക അതിലപ്പുറം ഈ ജന്മത്തിൽ തനിക്ക് ഒന്നും നേടാനോ ഇവിടെ നിന്ന് കൊണ്ടുപോകാനോ ഇല്ല. എപ്പോഴും നിറഞ്ഞ ചിരിയാൽ പ്രസന്നതയോടെ ഇരിക്കുന്ന അവന്റെ മനസ്സ് ഞങ്ങളന്നേ വായിച്ചതാണ്. അവനത് പ്രവർത്തിയിലൂടെ കാണിച്ചു. കാണിച്ചു തന്നുകൊണ്ടേയിരിക്കുന്നു.

സഹോദരിമാരുടെ വിവാഹം കഴിഞ്ഞതും അമ്മയ്ക്കും, അമ്മമ്മയ്ക്കുമായി അവൻ ജീവിതം മാറ്റിവെച്ചു. രണ്ടായിരത്തിൽ അസുഖബാധിതയായ അമ്മയെ സ്വന്തം ശരീരാവസ്ഥ പരിഗണിക്കാതെ പരിചരിച്ചു. പഴയ പോലെയല്ലെടാ സുരേ എനിക്ക് നടക്കാനൊക്കെ നല്ല പ്രയാസം എന്ന് വളരെ ചുരുക്കമായി വിഷമം പങ്കുവെച്ചു. കിഡ്നി കംപ്ലയിന്റ് ഉൾപ്പെടെ ഒരു പാട് അസുഖങ്ങൾ വേട്ടയാടിയ അമ്മയുടെ കാൽ 2002-ൽ മുറിച്ചുമാറ്റിയപ്പോൾ ആ കാലിന് ഇനി എന്റെ അമ്മയെ വേദനിപ്പിക്കാനാവില്ല എന്നാണവൻ പറഞ്ഞത്. അപ്പാൾ നിറഞ്ഞത് കേട്ടു നിന്നവരുടെ കണ്ണുകൾ. വേദനിച്ചു പുളയുന്ന അമ്മയെ കെട്ടിപ്പിടിച്ചു എത്രയോ രാത്രികളിൽ കരഞ്ഞ് തീർത്ത വിഷമങ്ങൾ മുഖത്ത് തെളിയാതിരിക്കാൻ അവൻ എത്ര പ്രയാസപ്പെട്ടിരിക്കണം.

രണ്ടായിരത്തി ഒമ്പതിൽ അമ്മയുടെ മരണം. പിന്നെ അമ്മമ്മയ്ക്കു വേണ്ടിയായി ജീവിതം.  106 വയസ്സുള്ള അമ്മമ്മയെ പരിചരിക്കുമ്പോൾ തന്റെ ജീവിതത്തിന് കൂടുതൽ അർത്ഥം വരുന്നതായി അവന് തോന്നുന്നുണ്ടാകണം.  2013 ൽ ഒരു വീഴ്ചയെ തുടർന്ന് കിടപ്പിലായ അമ്മമ്മയാണ് അവന്റെ ഇന്നുകൾ.

ജീവിതത്തിൽ പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങളിൽ പല വേഷങ്ങളും ജയൻ കെട്ടിയാടി. കുറച്ചു കാലം പാലൂരങ്ങാടിയിൽ കച്ചവടം നടത്തി. ഡയാലിസ് ഉൾപ്പെടെയുള്ള അമ്മയുടെ ചികിത്സാ ചിലവുകൾ നടത്തികൊണ്ടു പോകാൻ ഏറെ പ്രയാസപ്പെട്ടു .മനസ്സു തളരാതെ നിന്നാണ് ആ കടുത്ത പ്രതിസന്ധികളെ അവൻ നേരിട്ടതും അതിജീവിച്ചതും.

2014 റവന്യൂ വകുപ്പിൽ ജോലി കിട്ടി. മികച്ച സേവനം തന്റെ നാട്ടുകാർക്ക് നൽകുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥനായി. തൊഴിൽ എന്നാൽ സേവനം ആണെന്ന് ബോദ്ധ്യപ്പെടുത്തി നാട്ടിൽ കൂടുതൽ പ്രിയങ്കരനായി. എത്തേണ്ട എല്ലാ ചടങ്ങുകളിലും എല്ലാ സൗഹൃദ സദസ്സുകളിലും തന്റെ മുച്ചക്ര വാഹനവുമായി അവനെത്തുന്നു. പുലാമന്തോൾ ഗവ: ഹൈസ്ക്കൂളിലെ 83-84 എസ്.എസ്.എൽ.സി ബാച്ച് കഴിഞ്ഞ നവംബറിൽ ഒരു ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ അമരക്കാരിൽ ഒരാളായി. ഗ്രൂപ്പ് സംഗമത്തിനു നേതൃത്വം നൽകി മുന്നിൽ നിന്നു. സംഗമത്തിന്റെ ആലോചനാ യോഗങ്ങൾ എല്ലാം അവന്റെ വീട്ടിൽ. ഉത്തരവാദിത്തങ്ങൾ പലതും അവന്റെ തലയിൽ കെട്ടിവെക്കുമ്പോൾ അറിയാതെയാണെങ്കിലും അത് ജയരാമൻ ചെയ്യട്ടെ അവനെന്താ പണി എന്ന് ചോദിക്കുമ്പോഴും പലപ്പോഴും തൽക്കാലത്തേക്കെങ്കിലും ഞങ്ങളും മറന്നു പോകാറുണ്ട് അവന്റെ അവസ്ഥ. ഒരു ചിരി ചിരിച്ച്  ഏല്പിക്കുന്ന ചുമതലകൾ അവൻ സന്തോഷത്തോടെ ഏറ്റെടുക്കും, ഭംഗിയായി തന്നെ നിർവ്വഹിക്കും. ഗ്രൂപ്പ് വന്നതിന് ശേഷം പുതിയൊരു ഊർജ്ജമാണ് തനിക്കെന്നും ആരൊക്കെയോ കൂടെയുണ്ടെന്ന ശക്തമായ തോന്നൽ ഉണ്ടെന്നും പറയുമ്പോൾ ആ മുഖത്ത് എന്തെന്നില്ലാത്ത ഒരു ധൈര്യവും ആത്മവിശ്വാസവും തെളിയും. സഹോദരിമാരെ കുറിച്ച് പറയുമ്പോൾ എന്റെ കുട്ടികൾ എന്നാണ് പ്രയോഗിക്കുക. ആരോഗ്യവും സമ്പത്തും എല്ലാ സൗകര്യങ്ങളും, സൗഭാഗ്യങ്ങളും കനിഞ്ഞനുഗ്രഹിച്ചവർ പോലും ബന്ധങ്ങളും മൂല്യങ്ങളും മറന്നു തങ്ങളിലേക്ക് മാത്രം ചുരുങ്ങിയൊതുങ്ങുന്ന നേർക്കാഴ്ചകളുടെ ഒരു കെട്ട കാലത്താണ് നിറയെ നന്മകളുമായി ഈ മനുഷ്യനും ഇവിടെ ജീവിക്കുന്നത്. തന്റെ കുടുംബത്തോടും സഹജീവികളോടും സമൂഹത്തോടും തനിക്ക് ബാദ്ധ്യതയുണ്ട് എന്ന് ഉറച്ച വിശ്വാസത്തോടെ അത് നിർവ്വഹിക്കുക തന്നെ ചെയ്യുമെന്ന ഉറച്ച തീരുമാനത്തോടെ. മരണ ശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിനും ശരീരം മെഡിക്കൽ കോളേജിലേക്ക് പഠനത്തിനായി നൽകുന്നതിനും സമ്മതപത്രം കൊടുത്തിട്ടുമുണ്ട് ജയരാമൻ എന്ന മനുഷ്യസ്നേഹി.

(കടപ്പാട് -സുരേഷ് തെക്കീട്ടിൽ, കഥാകൃത്ത്)

പാലൂർ വടക്കേപിഷാരത്ത് രാധ പിഷാരസ്യാരുടെയും നെല്ലമ്പാനി പിഷാരത്തു നാരായണ പിഷാരോടിയുടെയും മകനാണ് ജയരാമൻ.
സഹോദരങ്ങൾ: വത്സല അപ്പു, ജയശ്രീ സദാനന്ദൻ, ശ്രീജ രാജേഷ്.

6+

2 thoughts on “ഒരു ജന്മത്തിന്റെ മുഴുവൻ നന്മകളുമായി ഒരാൾ

  1. I adore you Jayaraman. Congratulations and all the very best wishes and blessings.
    Gopinath Pisharody, Trivandrum

    0

Leave a Reply

Your email address will not be published. Required fields are marked *